29 March Friday

വസ്‌തുത മറച്ച്‌ വിവരാവകാശ മറുപടി മെഡി.കോളേജിന് 
രണ്ടുകൊല്ലത്തിനിടെ‌ 16.38 കോടി

വി ജെ വർഗീസ്‌Updated: Tuesday Feb 7, 2023

നിർമാണം അന്തിമ ഘട്ടത്തിലായ മൾട്ടി പർപ്പസ്‌ ബ്ലോക്ക്‌

ജില്ലാ ആശുപത്രി മെഡിക്കൽ കോളേജായി ഉയർത്തിയശേഷം വിവിധ വികസന പദ്ധതികൾക്കായി സർക്കാർ അനുവദിച്ചത്‌ 16.38 കോടി രൂപ. സർക്കാരിന്റെ പദ്ധതി വിഹിതം, ആരോഗ്യകേരളം ഫണ്ട്‌, എംഎൽഎയുടെ ആസ്‌തിവികസന ഫണ്ട്‌ എന്നിവയിൽനിന്നാണ്‌  തുക അനുവദിച്ചത്‌. 
2021 ഫെബ്രുവരി 14ന്‌ ആണ്‌ ജില്ലാ ആശുപത്രി മെഡിക്കൽ കോളേജായി ഉയർത്തി സർക്കാർ ഉത്തരവിറക്കിയത്‌. ഇതിനുശേഷം അനുവദിച്ച തുകയാണിത്‌. കോടികൾ ആശുപത്രിയിൽ വിനിയോഗിച്ചുകഴിഞ്ഞപ്പോഴാണ്‌ സർക്കാർ ഒരുതുകയും അനുവദിച്ചിട്ടില്ലെന്ന്‌ ആശുപത്രിയിലെ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർ  വിവരാവകാശ മറുപടി നൽകിയത്‌. ഇത്‌ സംബന്ധിച്ച്‌ വകുപ്പുതല അന്വേഷണം ആരംഭിച്ചു. സർക്കാരിനെയും മെഡിക്കൽ കോളേജ്‌ ആശുപത്രിയേയും ഇകഴ്‌ത്തിക്കാണിക്കുന്നതിന്റെ ഭാഗമായാണോ ഇങ്ങനെ മറുപടി നൽകിയതെന്നും അനേഷിക്കുന്നുണ്ട്‌.
2022–-23 വർഷത്തെ ബജറ്റ്‌ വിഹിതമായി 36,516,797 രൂപ 2022 ആഗസ്‌ത്‌ 27ന്‌ അനുവദിച്ചു. 2021–-22, 2022–-23 വർഷങ്ങളിൽ ജില്ലാ മെഡിക്കൽ ഓഫീസ്‌ വഴി 6,842,718 രൂപ പ്ലാൻ ഫണ്ടിൽനിന്ന്‌ അനുവദിച്ചു. ഈ കാലയവിൽ ആരോഗ്യകേരളം വഴി 9.15 കോടി രൂപയാണ്‌ വിവിധ വികസന പദ്ധതികൾക്കായി നൽകിയത്‌. ഒ ആർ കേളു എംഎൽഎയുടെ ആസ്‌തി വികസന ഫണ്ടിൽനിന്ന്‌ നൽകിയത്‌ 29,000,000 രൂപയും അനുവദിച്ചിട്ടുണ്ട്‌.  ഇതിന്‌ പുറമേ 1.7 കോടി രൂപ സിഎസ്‌ആർഎഫ്‌ ഫണ്ടും ലഭ്യമാക്കി.  അനുവദിച്ച തുകക്കുള്ള പല പദ്ധതികളും പൂർത്തിയാകുകയും ചിലത്‌ പുരോഗമിക്കുകയുമാണ്‌. 
മെഡിക്കൽ കോളേജായി ഉയർത്തുന്നതിന്‌ മുമ്പ്‌ അനുവദിച്ച കാത്ത്‌ ലാബിന്റെയും മൾട്ടിപർപ്പസ്‌ ബ്ലോക്കിന്റെയും നിർമാണം അന്തിമഘട്ടത്തിലാണ്‌. 8.23 കോടി രൂപ വിനിയോഗിച്ചാണ്‌ കാത്ത്‌ ലാബ്‌ നിർമാണം. എട്ടുനില മൾട്ടിപർപ്പസ്‌ ബ്ലോക്കിന്‌ അനുവദിച്ചത്‌ 46 കോടി രൂപയാണ്‌. 
മെഡിക്കൽ കോളേജ്‌ ആശുപത്രിക്കായി സർക്കാരും എംഎൽഎയും പരമാവധി കാര്യങ്ങൾ നിർവഹിക്കുമ്പോഴാണ്‌ ആശുപത്രിയെ തകർക്കാൻ രാഷ്‌ട്രീയ പ്രേരിതമായ നീക്കങ്ങളും പ്രചാരണങ്ങളും. 
 
കൂടതൽപേർക്ക്‌ ചികിത്സ
 
മാനന്തവാടി
ജില്ലാ ആശുപത്രി മെഡിക്കൽ കോളേജായി ഉയർത്തിയശേഷം ചികിത്സയിൽ വലിയ മാറ്റം. ഒപിയിലും ഐപിയിലും കൂടുതൽ സേവനങ്ങളാണ്‌ നൽകുന്നത്‌. ചികിത്സയ്‌ക്കായി ആശുപത്രിയെ ആശ്രയിക്കുന്നവരുടെ എണ്ണത്തിലും വർധനയുണ്ടായി. 
ഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിച്ച്‌ ചിലർ ആശുപത്രിക്കെതിരെ കുപ്രചാരണം നടത്തുകയാണ്‌. പ്രതിപക്ഷ പാർടികൾ നടത്തുന്ന വസ്‌തുതാ വിരുദ്ധ പ്രചാരണങ്ങൾക്ക്‌ ഒരുവിഭാഗം മാധ്യമങ്ങളും കൂട്ടുനിൽക്കുന്നു. നിത്യേന 1500–-2000നും ഇടയിലാണ്‌ ഒപിയിൽ ചികിത്സതേടുന്നവരുടെ എണ്ണം. 
കഴിഞ്ഞ ജനുവരിയിൽ ഒപിയിൽ എത്തിയത്‌ അരലക്ഷത്തിലധികംപേരാണ്‌.  2022 ജനുവരിയിൽ ഇത്‌ മുപ്പത്തിഒന്നായിരമായിരുന്നു. കഴിഞ്ഞമാസം 219 മേജർ സർജറിയും 102 മൈനർ സർജറിയും നടത്തി. ഗൈനക്‌, സർജറി, ഒഫ്‌ത്താൽമോളജി, പീഡിയാട്രിക്‌, സ്‌കിൻ, ജനറൽ മെഡിസിൻ വിഭാഗങ്ങളുടെയെല്ലാം  പ്രവർത്തനം മികച്ചനിലയിലാണ്‌. 209 പ്രസവമാണ്‌  ജനുവരിയിൽ നടന്നത്‌. 1055 ഡയാലിസിസ്‌ ചെയ്‌തു. 
  2021 മാർച്ച്‌ മുതൽ 2022 മാർച്ചുവരെ 900 മേജർ ശസ്‌ത്രക്രിയ നടത്തി. ഈ കാലയളവിൽ ഗൈനക്‌ വിഭാഗത്തിൽ 950 ശസ്ത്രക്രിയ നടന്നു. 2022 ഏപ്രിൽ മുതൽ ഡിസംബർവരെ ആയിരം മേജർ സർജറിനടത്തി. 
650 തിമിരശസ്‌ത്രക്രിയയും നടത്തി. 
വൃക്കരോഗികൾക്ക്‌ ഡയാലിസിസ്‌ ചെയ്യുന്നതിന്‌ ഫിസ്‌റ്റുല സ്ഥാപിക്കുന്നതിനുള്ള വാസ്‌കുലാർ സർജറി ഒരുവർഷത്തിനിടെ അമ്പതെണ്ണത്തോളം ചെയ്‌തു. 
ആശുപത്രയിൽ സൂപ്പർ സ്‌പെഷ്യാലിറ്റി സംവിധാനങ്ങൾ ആയിട്ടില്ല.  ഇത്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയുടെ വികസനത്തിന്റെ രണ്ടാംഘട്ടത്തിലെ സാധ്യമാകൂ. കേരളത്തിലെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളും വർഷങ്ങളെടുത്താണ്‌ വികസിച്ചത്‌. പല മെഡിക്കൽ കോളേജുകളിലും സൂപ്പർ സ്‌പെഷ്യാലിറ്റി സംവിധാനങ്ങളുടെ കുറവുണ്ട്‌. ഇവിടെ എത്തുന്ന രോഗികളെ പൂർണസംവിധാനങ്ങളുള്ള മറ്റ്‌ മെഡിക്കൽ കോളേജുകളിലേക്ക്‌ റഫർചെയ്യുകയാണ്‌ പതിവ്‌. വയനാട്‌ മെഡിക്കൽ കോളേജിലും ഈ വിധത്തിലാണ്‌ ചികിത്സ. പരമാവധി സേവനം രോഗികൾക്ക്‌ നൽകുന്നുണ്ടെന്ന്‌ സൂപ്രണ്ട്‌ വി പി രാജേഷ്‌ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top