27 April Saturday
ആദിവാസി സ്‌ത്രീയുടെ മരണം കൊലപാതകം

ഭർത്താവ്‌ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022

 

ബത്തേരി
നായ്‌ക്കട്ടി പിലാക്കാവ്‌ കാട്ടുനായ്‌ക്ക കോളനിയിലെ ചിക്കി (55) യുടെ മരണം കൊലപാതകമാണെന്ന്‌ തെളിഞ്ഞു.  പ്രതിയായ ഭർത്താവ്‌ ഗോപിയെ (57) ബത്തേരി പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കഴിഞ്ഞ ജൂൺ 19നാണ്‌ ചിക്കി മരിച്ചത്‌. വെള്ളി പകൽ ഒന്നരയോടെ മൃതദേഹം പുറത്തെടുത്ത്‌ നടത്തിയ പരിശോധനയിലും പോസ്‌റ്റുമോർട്ടത്തിലുമാണ്‌ കൊലപാതകമാണെന്ന്‌ സ്ഥിരീകരിച്ചത്‌.    
ജൂൺ 19ന്‌ രാത്രിയാണ്‌ ചിക്കി കോളനിയിൽ മർദനമേറ്റ്‌ മരിച്ചത്‌. മരണം കുഴഞ്ഞുവീണതിനെ തുടർന്നാണെന്നായിരുന്നു ഗോപി അയൽക്കാരോട്‌ പറഞ്ഞത്‌. പിറ്റേദിവസം പരിശോധനകളും പോസ്‌റ്റുമോർട്ടവും നടത്താതെ മൃതദേഹം കോളനി വളപ്പിൽ സംസ്‌കരിച്ചു. പിന്നീട്‌ മരണം കൊലപാതകമാണെന്ന രഹസ്യവിവരം ബത്തേരി പൊലീസിന്‌ ലഭിച്ചതോടെ ബുധനാഴ്‌ച പൊലീസ്‌ ഗോപിയെ കസ്‌റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്‌തു.  അപ്പോൾതന്നെ കൊലപാതകമാണെന്ന്‌ പൊലീസ്‌ ഉറപ്പിച്ചിരുന്നു.  തുടർന്നാണ്‌ മൃതദേഹം പുറത്തെടുത്ത്‌ പോസ്‌റ്റ്‌മോർട്ടം നടത്തിയത്‌. 
 ഒരുമിച്ചു മദ്യപിച്ച ഗോപിയും ചിക്കിയും തമ്മിൽ വാക്കേറ്റവും അടിപിടിയുമുണ്ടായി. ഗോപി വടികൊണ്ട്‌ ചിക്കിയുടെ തലയിലും ദേഹത്തും അടിച്ചു.  തലയിലേറ്റ പരിക്കാണ്‌ മരണത്തിന്‌ കാരണമായത്‌.  മൃതദേഹ പരിശോധനയിൽ തലയിലും കാലിലും പരിക്കുകൾ കണ്ടെത്തി. വീട്ടിൽ ഇരുവരും തനിച്ചാണ്‌ താമസിച്ചിരുന്നത്‌.  മക്കൾ വിവിാഹിതരായി മറ്റിടങ്ങളിലാണ്‌. 
കോഴിക്കോട്‌ മെഡിക്കൽ കോളേജിലെ അസി. സർജൻ കെ ബി രഖിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമാണ്‌ ബത്തേരി തഹസിൽദാർ എൻ കെ ഷാജിയുടെ സാന്നിധ്യത്തിൽ മൃതദേഹത്തിന്റെ പരിശോധനയും പോസ്‌റ്റുമോർട്ടവും നടത്തിയത്‌.  ബത്തേരി ഡിവൈഎസ്‌പി കെ കെ അബ്ദുൾ ഷെരീഫ്‌, സ്‌പെഷ്യൽ ബ്രാഞ്ച്‌ ഡിവൈഎസ്‌പി എൻ ഒ സിബി, ബത്തേരി സിഐ കെ പി ബെന്നി, നൂൽപ്പുഴ സിഐ എൻ ടി മുരുകൻ, ബത്തേരി സ്‌റ്റേഷനിലെ  എസ്‌ഐമാരായ എൻ ഷജിം, പി ഡി റോയിച്ചൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘവും ഉണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top