28 March Thursday

മുട്ടലിൽ ഗ്രാമവണ്ടിയ്‌ക്കായി നാട്ടുകാർ

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023
മുട്ടിൽ
പഞ്ചായത്തിലെ വിവിധയിടങ്ങളിലേക്ക് സംസ്ഥാന സർക്കാരിന്റെ  ഗ്രാമവണ്ടി പദ്ധതി നടപ്പാക്കാൻ ഭരണസമിതി തയ്യാറാകണമെന്ന ആവശ്യം ശക്തമാകുന്നു.  ഉൾപ്രദേശവും പൊതുഗതാഗതം ലഭ്യമാക്കാത്തതുമായ സ്ഥലങ്ങളിലേക്ക് ചുരുങ്ങിയ ചെലവിൽ ജനങ്ങൾക്ക് പൊതുഗതാഗത സൗകര്യം ഒരുക്കുന്ന സർക്കാർ പദ്ധതിയാണ് കെഎസ്ആർടിസിയുടെ ഗ്രാമവണ്ടി. ബസ് സർവീസുകൾ കുറവായതും ടൂറിസം കേന്ദ്രങ്ങളുള്ള പ്രദേശങ്ങളിലേക്കുമാണ് ബസ് സർവീസ് ആരംഭിക്കണമെന്ന ആവശ്യമുയരുന്നത്.
ചേനംകൊല്ലി, - പാറക്കൽ, -പരിയാരം, - ചിലഞ്ഞിച്ചാൽ പ്രദേശങ്ങളിലേക്ക് ബസ് സർവീസ്‌ കുറവാണ്. ആയിരക്കണക്കിന് കുടുംബങ്ങളാണ് പ്രദേശങ്ങളിൽ താമസിക്കുന്നത്. വിദ്യാർഥികളും ജോലിക്കാരുമടക്കം ബുദ്ധിമുട്ടുകയാണ്. വലിയ ഇടവേളയിൽ നിശ്ചിത സമയത്ത് മാത്രമുള്ള ബസ്സുകൾ കാത്തുനിൽക്കൽ ഏറെ പ്രയാസമാണ്. വൈകുന്നേരങ്ങളിലെ നിശ്ചിത സമയത്തെ ബസ് ലഭിച്ചില്ലെങ്കിൽ സ്ത്രീകളും വിദ്യാർഥികളുമടക്കം ബുദ്ധിമുട്ടിലാവും. മേപ്പാടി പഞ്ചായത്തുമായി ബന്ധിക്കുന്ന മുട്ടിൽ -–-കുട്ടമംഗലം–-- മാണ്ടാട്–- -തൃക്കൈപ്പറ്റ-–- മുക്കംകുന്ന് റൂട്ടിലും ഗ്രാമവണ്ടി  ഉപകാരപ്പെടും. ഈ റൂട്ടിലും നിശ്ചിത ഇടവേളകളിൽ മാത്രമാണ് ബസ് സർവീസുള്ളത്.  ബസ്സുകളെ മാത്രം ആശ്രയിച്ച് യാത്രചെയ്യുന്നവർ നിരവധിയാണ്. 
ജില്ലയിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ കാരാപ്പുഴയിലേക്കും ഗ്രാമവണ്ടി നടപ്പാക്കണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്. സ്വന്തം വാഹനങ്ങൾ ഇല്ലാത്തവർക്ക് കാരപ്പുഴയിലെത്താൻ ഇത്‌ ഉപകാരപ്പെടും.  ഗ്രാമവണ്ടി പദ്ധതി നടപ്പാക്കുമെന്ന് ഭരണസമിതി യോഗത്തിൽ പ്രസിഡന്റടക്കം അറിയിച്ചിരുന്നെങ്കിലും   പദ്ധതിക്ക് മുൻഗണന കൊടുത്തിട്ടില്ലെന്ന്‌  പഞ്ചായത്തംഗം പി എം സന്തോഷ് കുമാർ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top