25 April Thursday

കോൺഗ്രസിന്റെ ഗാന്ധിനിന്ദ; പൊളിഞ്ഞത്‌ രാഷ്‌ട്രപിതാവിനെ കരുവാക്കിയുള്ള കലാപനീക്കം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 5, 2022
കൽപ്പറ്റ > മഹാത്മാഗാന്ധിയുടെ ചിത്രം നിലത്തിട്ട്‌ പൊട്ടിച്ച്‌ കോൺഗ്രസ്‌ നടത്തിയത്‌ അതിഹീനമായ രാഷ്‌ട്രീയക്കളി. രാഷ്‌ട്രപിതാവിനെ കരുവാക്കി നാട്ടിൽ കലാപം സൃഷ്‌ടിച്ച്‌ അതിലൂടെ നേട്ടമുണ്ടാക്കനുള്ള  ഗൂഢപദ്ധതിയാണ്‌ തയ്യാറാക്കിയത്‌. തുടക്കത്തിലേ ഇതിന്‌ തിരിച്ചടിയേറ്റിരുന്നു.
 
24ന്‌ ഗാന്ധിജിയുടെ ചിത്രം തകർത്തത്‌ എസ്‌എഫ്‌ഐ വിദ്യാർഥികൾ അല്ലെന്ന പൊലീസ്‌ റിപ്പോർട്ടുകൂടി പുറത്തുവന്നതോടെ  കോൺഗ്രസിന്റെ മുഖം കൂടുതൽ വികൃതമായി. വിദ്യാർഥികൾ രാഹുലിന്റെ ഓഫീസിൽ വാഴവച്ചതിനേക്കാൾ  വലിയ അപരാധമാണ്‌  ഗാന്ധിജിയെ അപമാനിച്ച്‌ കോൺഗ്രസുകാർ നടത്തിയത്‌. മുസ്ലിംലീഗ്‌ ഉൾപ്പെടെയുള്ള യുഡിഎഫിലെ മറ്റു പാർടികൾ  കോൺഗ്രസിനേക്കാൾ ആവേശത്തിൽ ഗാന്ധിനിന്ദക്ക്‌ കൂട്ടുനിന്നു.
 
എംപി ഓഫീസിലുണ്ടായ അനിഷ്ട സംഭവങ്ങൾക്ക്‌ എരിവ്‌ പകരാനും എസ്‌എഫ്‌ഐയെയും സിപിഐ എമ്മിനേയും ഗാന്ധിനിന്ദകരായി ചിത്രീകരിച്ച്‌ ആളുകളെ തെറ്റിദ്ധരിപ്പിച്ച്‌ രാഷ്‌ട്രീയലാഭം കൊയ്യുകയുമായിരുന്നു ലക്ഷ്യം. ഒരു‌ എംഎൽഎ അടക്കമുള്ളവരുടെ തിരക്കഥയായിരുന്നു ‘ഗാന്ധിവധം’. വലതുപക്ഷ മാധ്യമങ്ങളും ഇതിനൊപ്പം നിന്നു. എസ്‌എഫ്‌ഐക്കാർ തകർത്തതെന്ന പേരിൽ ഗാന്ധിജിയുടെ ചിത്രം യുഡിഎഫ്‌ പത്രമായ മനോരമയടക്കം ഒന്നാം പേജിൽ പ്രസിദ്ധീകരിച്ചു. മനോരമയെ വെല്ലുംവിധമായിരുന്നു മാതൃഭൂമി വാർത്തകൾ. പകൽപോലെ വ്യക്തമായിട്ടും സത്യം പറയാൻ  തയ്യാറായില്ല. ആദ്യം നൽകിയ വാർത്തയിലെ  ‘ദൃശ്യങ്ങൾ’പോലും തള്ളിപ്പറയാൻ പിന്നീടുള്ള വാർത്തയിൽ മാതൃഭൂമി ചാനൽ ലേഖകൻ തയ്യാറായി.
 
പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ ഗാന്ധിചിത്രം തകർത്തത്‌ സംബന്ധിച്ച ദേശാഭിമാനി ലേഖകന്റെ ചോദ്യത്തിന്‌ മുമ്പിൽ ഉറഞ്ഞുതുള്ളിയതും സത്യം മൂടിവയ്‌ക്കാനായിരുന്നു.  വസ്‌തുത  ജനങ്ങൾ തിരിച്ചറിഞ്ഞിട്ടും പൊട്ടിച്ച ഗാന്ധി ചിത്രത്തിന്‌  മുമ്പിൽനിന്ന്‌ കോൺഗ്രസിന്റെ ദേശീയ–-സംസ്ഥാന നേതാക്കൾ മുതലക്കണ്ണീർ പൊഴിക്കുന്ന അശ്ലീലവും കണ്ടു. ലീഗ്‌ നേതാക്കളും ഇത്‌ ആവർത്തിച്ചു. പിറ്റേദിവസം ഇതിന്റെ പേരിൽ ദേശാഭിമാനി ഓഫീസ്‌ ആക്രമിച്ച്‌ പ്രകോപനം സൃഷ്ടിക്കാനും യുഡിഎഫ്‌ ശ്രമിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top