20 April Saturday

കാലവർഷം ശക്തിപ്രാപിച്ചു;
ജാഗ്രത വേണം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 5, 2022
കൽപ്പറ്റ 
കാലവർഷം ശക്തമായതോടെ പ്രകൃതിദുരന്തങ്ങളും പകർച്ചവ്യാധികളും ഉൾപ്പെടെയുള്ള കെടുതികൾ നേരിടുന്നതിന്‌ ജില്ലാ ഭരണവിഭാഗം നടപടി തുടങ്ങി. അപകടസാഹചര്യങ്ങളും രോഗങ്ങളും തടയുന്നതിനുളള മുന്നൊരുക്കങ്ങളും ക്രമീകരണങ്ങളും കലക്ടർ എ ഗീതയുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന ഉദ്യോഗസ്ഥ യോഗം വിലയിരുത്തി. കേന്ദ്ര കാലാവസ്ഥാവകുപ്പ് വരും ദിവസങ്ങളിൽ കനത്ത മഴ സാധ്യതാ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് കലക്ടർ പറഞ്ഞു.
ദുരന്തസാധ്യതാ മേഖലയായി കണ്ടെത്തിയ പ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബങ്ങളുടെ വിവരങ്ങൾ ഇനിയും ലഭ്യമാക്കാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിയന്തരമായി ഇക്കാര്യം അറിയിക്കണം.  സജ്ജമാക്കുന്ന ക്യാമ്പുകളുടെ വിവരങ്ങളും യഥാസമയം അപ്ഡേറ്റ് ചെയ്യണം. ദുരന്ത സാഹചര്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി തദ്ദേശ സ്വയംഭരണ തലത്തിൽ രൂപീകരിച്ച ദുരന്ത പ്രതികരണ സേനയുടെ  വിവരങ്ങളും ലഭ്യമാക്കണം. മേപ്പാടി, കോട്ടത്തറ, പടിഞ്ഞാറത്തറ, മുള്ളൻകൊല്ലി, പൂതാടി, തിരുനെല്ലി, എടവക, തവിഞ്ഞാൽ പഞ്ചായത്തുകളും മാനന്തവാടി നഗരസഭയും നിലവിൽ കണ്ടെത്തിയതിനുപുറമേ കൂടുതൽ ക്യാമ്പുകൾ കണ്ടെത്താനും യോഗം നിർദേശിച്ചു.
ക്യാമ്പുകളായി കണ്ടെത്തിയിട്ടുള്ള കെട്ടിടങ്ങളിൽ വൈദ്യുതി, കുടിവെള്ളം, ശുചിമുറി, അടുക്കള എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള അടിയന്തര നടപടികളും തദ്ദേശ സ്ഥാപനങ്ങൾ സ്വീകരിക്കണം. എസ്ഡിആർഎഫിൽനിന്ന്‌ അനുവദിച്ചിട്ടുള്ള തുക ഇതിനായി ഉപയോഗിക്കാം. സ്വകാര്യഭൂമിയിൽ അപകടഭീഷണിയായിട്ടുള്ള മരം മുറിച്ച് മാറ്റുന്നത് സംബന്ധിച്ച് നടപടി സ്വീകരിക്കണം. ദുരന്ത നിവാരണ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി തദ്ദേശ സ്വയംഭരണ അടിസ്ഥാനത്തിൽ യോഗം വിളിച്ചു ചേർക്കാനും  മഴ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ കൺട്രോൾ റൂമുകൾ തുറന്ന് പ്രവർത്തിക്കാനും തദ്ദേശ വകുപ്പിനോട്‌ നിർദേശിച്ചു.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top