25 April Thursday
ഇന്‍ഡോർ സ്റ്റേഡിയം തയ്യാർ

കളി ജോറാകും: 75000 ചതുരശ്ര അടിയിലൊരു കായികസൗധം.

വി ജെ വര്‍ഗീസ്Updated: Sunday Dec 4, 2022

ജില്ലാ സ്പോർട് കൗൺസിൽ പ്രസിഡന്റ് എം മധുവും കിറ്റ്കോ എൻജിനിയർ ആനന്ദ് ബാബുവും ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണം വിലയിരുത്തുന്നു

കൽപ്പറ്റ> അഞ്ച് ഏക്കറിൽ 75000 ചതുരശ്ര അടിയിലൊരു കായികസൗധം. ഒളിമ്പിക്സ് നിലവാരത്തിൽ രണ്ട് സ്വിമ്മിങ് പൂൾ. 15 ഗെയിമുകൾക്കുള്ള കോർട്ട്, അയ്യായിരം പേർക്ക് ഇരിക്കാവുന്ന ഗ്യാലറി, ചുറ്റം പൂന്തോട്ടം...പ്രത്യേകതകൾ ഓരോന്നായി എണ്ണിയെടുക്കാം.ഏതെങ്കലും മെട്രോ പൊളിറ്റൻ നഗരത്തിലെ കാഴ്ചയല്ലിത്. വയനാടൻ കായിക കുതിപ്പിന് വഴിയൊരുക്കുന്ന സി കെ ഓങ്കാരനാഥൻ ഇൻഡോർ സ്റ്റേഡിയത്തിന്റെ സവിശേഷതകളിൽ ചിലതുമാത്രം. കൽപ്പറ്റ അമ്പിലേരിയിലാണ് ഈ വിസ്മയം. മലബാറിലെ ഏറ്റവും വലിയ മൾട്ടിപർപ്പസ് ഇൻഡോർ സ്റ്റേഡിയം പുതുവത്സരത്തിൽ നാടിന് സമർപ്പിക്കും. വയനാടൻ കായിക മേഖല കൂടുതൽ ദൂരത്തിലേക്ക് കുതിക്കും. അവസാനഘട്ട പണികൾ പുരോഗമിക്കുന്നു.
 
കൽപ്പറ്റ മരവയലിൽ ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയം ഉദ്ഘാടനം ചെയ്ത് മാസങ്ങൾക്കുള്ളിലാണ് കളിയുടെ മറ്റൊരു മഹാ അധ്യായം തുറക്കുന്നത്. ജില്ലയ്ക്കുള്ള ഒന്നാം പിണറായി സർക്കാരിന്റെ സമ്മാനമായിരുന്നു രണ്ട് സ്റ്റേഡിയവും. വയനാട് സ്വപ്നംപോലും കാണാത്ത അത്യാധുനിക സ്റ്റേഡിയങ്ങളാണ് പൂർത്തിയായത്. കൽപ്പറ്റ എംഎൽഎ ആയിരുന്ന സി കെ ശശീന്ദ്രന്റെയും എം മധു പ്രസിഡന്റായ ജില്ലാ സ്പോർട്സ് കൗൺസലിന്റെയും അക്ഷീണ പ്രയത്നത്തിലൂടെയാണ് ജില്ലയിലൂടെ കായിക സ്വപ്നങ്ങൾക്ക് മിഴിവേകുന്ന രണ്ട് സ്റ്റേഡിയങ്ങൾ പൂർത്തിയായത്.
 
കൽപ്പറ്റ നഗരസഭ വിട്ടുനൽകിയ അഞ്ചേക്കറിലാണ് ഇൻഡോർ സ്റ്റേഡിയം. 25,000 ചതുരശ്ര അടിയിലാണ് കോർട്ട്. ബാസ്‌കറ്റ് ബോൾ, വോളിബോൾ, ബാഡ്മിന്റൺ, ഹാൻഡ്ബോൾ, ടേബിൾ ടെന്നീസ് തുടങ്ങിയ പരിനഞ്ചോളം ഗെയിമുകൾ കളിക്കാനാവും. രാത്രി കളിക്കാൻ ഫ്ളഡ് ലൈറ്റുമുണ്ട്. കോർട്ടിന്റെ പ്രതലത്തിന്റെ പണികളാണ് അവശേഷിക്കുന്നത്. വിദേശത്തുനിന്നുള്ള പ്രത്യേക മരത്തടികൊണ്ടാണ് നിർമാണം.  
 
 
ഒളിമ്പിക് നീന്തൽ കുളം
 
ഇൻഡോർ സ്റ്റേഡിയത്തിന് തൊട്ടുചേർന്ന് പുറത്താണ് സ്വിമിങ് പൂളുകൾ. പരിശീലന പൂളും അന്താരാഷ്ട്ര നിലവാരത്തിലുള്ള മറ്റൊരു പൂളുമാണുള്ളത്. 50 മീറ്റർ നീളവും 25 മീറ്റർ വീതിയുമുണ്ട്. 28 ലക്ഷം ലിറ്റർ വെള്ളമാണ് ഒന്നിൽ ഉൾക്കൊള്ളുക. പ്രവൃത്തി പൂർത്തിയായി. നീലക്കളറിൽ വെള്ളം വെട്ടിത്തിളങ്ങുകയാണ്. വെള്ളം ഫിൽട്ടർ ചെയ്യാനുള്ള അത്യാധുനിക സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. നീന്തൽ മത്സരങ്ങൾ കാണാൻ പൂളിനോട് ചേർന്ന് ഗ്യാലറിയുമുണ്ട്.അഡ്മിനിസ്ട്രേഷൻ ബ്ലോക്ക്, വിഐപി റൂമുകൾ, ഡ്രസ്സിങ്ങ് റൂമുകൾ, ഡോർമിറ്ററികൾ, സ്റ്റോർ റൂം, വിശ്രമ കേന്ദ്രങ്ങൾ, ട്രെയ്നിങ് സെന്റർ തുടങ്ങിയവയെല്ലാം അനുബന്ധമായി ഒരുക്കിയിട്ടുണ്ട്. പാർക്കിങ് സൗകര്യവും ശാസ്ത്രീയമായ ഡ്രൈനേജ് സംവിധാനവുമുണ്ട്.
 
കിഫ്ബി ഫണ്ടിൽ 40 കോടി രൂപ വിനിയോഗിച്ചാണ് നിർമാണം. കിറ്റ്കോയാണ് നിർമാണ ഏജൻസി. 2017ലെ ബജറ്റിലാണ് സർക്കാർ ജില്ലയ്ക്ക് സ്റ്റേഡിയം അനുവദിച്ചത്. ഡിപിആർ ഉൾപ്പെടെ തയ്യാറാക്കി അംഗീകാരം നേടി പ്രവൃത്തി ആരംഭിച്ചു. കോവിഡിന്റെ തടസ്സങ്ങൾ മറികടന്നായിരുന്നു നിർമാണം.സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുന്നതോടെ അന്താരാഷ്ട്ര മത്സരങ്ങൾവരെ നടത്താനാകുമെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എം മധു പറഞ്ഞു. നഗരസഭയും സ്പോട്സ് കൗൺസിലും ചേർന്നുള്ള കരാറിന്റെ അടിസ്ഥാനത്തിലാകും സ്റ്റേഡിയത്തിന്റെ നടത്തിപ്പ്. ജില്ലയുടെ വിനോദസഞ്ചാര മേഖലയുമായും സ്റ്റേഡിയം കോർത്തിണക്കാനാവും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top