29 March Friday
മേപ്പാടി പോളിയിലെ ലഹരി മാഫിയ മർദനം

അക്രമികൾക്കായി അന്വേഷണം ഊർജിതം

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2022
 
കൽപ്പറ്റ  
മേപ്പാടി ഗവ. പോളിടെക്‌നിക്ക്‌ കോളേജിൽ യൂണിയൻ തെരഞ്ഞെടുപ്പിനിടെ എസ്‌എഫ്‌ഐ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ അപർണ ഗൗരിയെ ആക്രമിച്ച മയക്കുമരുന്ന്‌ മാഫിയ സംഘത്തിലെ ഒളിവിലുള്ളവർക്കായി അന്വേഷണം ഊർജിതം. ഇരുപതോളംപേരെ കേസിൽ പിടികൂടാനുണ്ട്‌. അപർണയെയും പൊലീസിനെയും ആക്രമിച്ച മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞതായി പൊലീസ്‌ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട്‌ അറസ്‌റ്റിലായ നാലുപേർ റിമാൻഡിലാണ്‌. 
കോളേജിലെ മയക്കുമരുന്ന്‌ മാഫിയാ ബന്ധത്തെക്കുറിച്ചും അന്വേഷണം ഊർജിയമാക്കിയിട്ടുണ്ട്‌. ജില്ലയ്‌ക്കകത്തും പുറത്തുമായി ഒളിവിൽ കഴിയുന്ന കേന്ദ്രങ്ങൾ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്‌. കോളേജിൽ മയക്കുമരുന്ന്‌ എത്തിക്കുന്ന സംഘത്തെ പിടികൂടാനുള്ള ശ്രമവും ഊർജിതമാണ്‌. അതേസമയം, അക്രമത്തിൽ പരിക്കേറ്റ്‌ ചികിത്സയിൽ കഴിയുന്ന അപർണയുടെ മൊഴി പൊലീസ്‌ ഞായറാഴ്‌ച രേഖപ്പെടുത്തി. 
കഴിഞ്ഞ വെള്ളിയാഴ്ചയാണ്‌ യൂണിയൻ തെരഞ്ഞെടുപ്പിനിടെ അപർണയെ ‘ട്രാബിയോക്ക്‌’ എന്ന,  കോളേജിലെ വിദ്യാർഥികൾ ഉൾപ്പെടുന്ന മയക്കുമരുന്ന്‌ സംഘം ആക്രമിച്ചത്‌. 
 സംഭവമറിഞ്ഞ്‌ സ്ഥലത്തെത്തിയ ഉന്നത കോൺഗ്രസ്‌ നേതാവ്‌ അക്രമികളെ ഒളിവിൽ പോകാൻ സഹായിച്ചത്‌ വിവാദമായിട്ടുണ്ട്‌. നിലവിൽ റിമാൻഡിൽ കഴിയുന്നവരുൾപ്പെടെയുള്ള ലഹരി മാഫിയ സംഘത്തിലെ വിദ്യാർഥികൾക്കൊപ്പം ഇയാൾ നിൽക്കുന്ന ചിത്രവും പുറത്തുവന്നു. 
പ്രതികൾ ഒളിച്ച്‌ താമസിക്കുന്ന സ്ഥലങ്ങളെക്കുറിച്ച്‌ വ്യക്തമായ സൂചന ലഭിച്ചതായി ജില്ലാ പൊലീസ്‌ മേധാവി ആർ ആനന്ദ്‌ ദേശാഭിമാനിയോട്‌ പറഞ്ഞു. കോളേജിലേത്‌ വിദ്യാർഥി സംഘർഷം മാത്രമല്ല. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കോളേജിലുണ്ട്‌. പൊലീസിന്റെ ഡൻസാഫ്‌ സംഘത്തെ ഉപയോഗിച്ച്‌ പരിശോധന ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top