18 April Thursday

ഇടതുപക്ഷ സാന്നിധ്യം കേരളത്തെ രാജ്യത്തിന് മാതൃകയാക്കി: കെ കെ ശൈലജ

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2022

 കാട്ടിക്കുളം  

വിദ്യാഭ്യാസ, ആരോഗ്യ, ദാരിദ്ര്യ നിർമാർജന മേഖലകളിൽ കേരളം രാജ്യത്തിന് മാതൃകയാവുന്നത്‌ ഇവിടുത്തെ ഇടതുപക്ഷ സാന്നിധ്യവും പുരോഗമന സ്വഭാവവും കൊണ്ടാണെന്ന്‌ മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. ഇത് തകർക്കാനുള്ള കോൺഗ്രസന്റെയും ബിജെപിയുടെയും കൂട്ടായ ശ്രമങ്ങളെ പരാജയപ്പെടുത്തണം. കെഎസ്ടിഎ ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം മാനന്തവാടി കണിയാരത്ത്‌  ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
രാജ്യത്തിന്റെ പോക്ക് അപകടത്തിലേക്കാണെന്ന് തിരിച്ചറിയണം. ജനാധിപത്യവും മതനിരപേക്ഷതയും വലിയ വേട്ടയാടലുകൾ നേരിടുകയാണ്. മോദി സർക്കാർ സമ്പത്തെല്ലാം കോർപറേറ്റുകളുടെ കൈകളിലേക്കെത്തിച്ചു. 
ഇന്ത്യയുടെ സാമൂഹിക സാമ്പത്തിക തകർച്ചക്ക് തുടക്കം കുറിച്ചത് കോൺഗ്രസാണെങ്കിൽ ബിജെപി അതിനെ പരിപൂർണതയിലേക്ക് എത്തിച്ചു. അപ്പോഴാണ് കേരളം ഇതുപക്ഷത്തിന്റെ പ്രാധാന്യം സമൂഹ്യ പുരോഗതിയിലൂടെ കാഴ്‌ചവയ്‌ക്കുന്നത്.  
സമൂഹത്തിന്റെ എല്ലാ പുരോഗതിക്കും നിർണായക പങ്ക് വഹിക്കാൻ അധ്യാപകർക്ക് കഴിഞ്ഞിട്ടുണ്ട്. ആ അനുഭവത്തെ കരുത്താക്കി വർത്തമാനകാലം ആവശ്യപ്പെടുന്ന വർധിച്ച ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ അധ്യാപക സമൂഹം സജ്ജമാവണമെന്നും കെ കെ ശൈലജ പറഞ്ഞു. 
കാട്ടിക്കുളം കോടിയേരി ബാലകൃഷ്ണൻ നഗറിൽ ചേർന്ന പൊതുസമ്മേളനത്തിൽ കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് എ ഇ സതീഷ് ബാബു അധ്യക്ഷനായി. എുൻ എംഎൽഎ  സി കെ ശശീന്ദ്രൻ, ഒ ആർ കേളു എംഎൽഎ, സംഘാടക സമിതി ചെയർമാൻ പി വി ബാലകൃഷ്ണൻ, കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി പി ജെ ബിനേഷ്,  സി സി വിനോദ് കുമാർ എന്നിവർ സംസാരിച്ചു. വിൽസൺ തോമസ് സ്വാഗതവും ടി രാജൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top