25 April Thursday

എൻ ഡി അപ്പച്ചനെതിരെ 
യുവതി നിയമനടപടിക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Dec 4, 2021
കൽപ്പറ്റ
ഡിസിസി പ്രസിഡന്റ്‌ എൻ ഡി അപ്പച്ചന്റെ പരസ്യ അധിക്ഷേപത്തിന്‌ വിധേയയായ യുവതി നിയമനടപടിക്കൊരുങ്ങുന്നു. 6നകം എൻ ഡി അപ്പച്ചനെതിരെ കോൺഗ്രസ്‌ നേതൃത്വം നടപടിയെടുത്തില്ലെങ്കിൽ ദേശീയ, സംസ്ഥാന  പട്ടികജാതി–-പട്ടികവർഗ കമീഷൻ, വനിതാ കമീഷൻ എന്നിവരെ സമീപിക്കുമെന്ന്‌ പരാതിക്കാരിയായ യൂത്ത്‌ കോൺഗ്രസ്‌ മാനന്തവാടി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എം വിജിത ദേശാഭിമാനിയോട്‌ പറഞ്ഞു. എൻ ഡി അപ്പച്ചൻ  തന്നെ അധിക്ഷേപിച്ച്‌ സംസാരിച്ചതിന്റെ കൃത്യമായ തെളിവുണ്ട്‌. അതിന്റെ അടിസ്ഥാനത്തിലാണ്‌ ‌അപ്പച്ചനെതിരെ പാർടി നേതൃത്വത്തിന്‌ പരാതി നൽകിയത്‌. തിങ്കളാഴ്‌ചയോടെ തീരുമാനം പറയാമെന്നാണ്‌ കെപിസിസി നേതൃത്വം അറിയിച്ചത്‌. അതിനാലാണ്‌ വെള്ളിയാഴ്‌ച നിയമ നടപടി സ്വീകരിക്കാതിരുന്നത്‌.   
    പാർടി നടപടിയെടുത്തില്ലെങ്കിൽ തന്റെ കൈയിലുള്ള തെളിവ്‌ എഐസിസിക്ക്‌ മുമ്പിൽ ഹാജരാക്കും.  ഇപ്പോൾ എന്നെ അറിയില്ലെന്നാണ്‌  എൻ ഡി അപ്പച്ചൻ പറയുന്നത്‌.  ഇത്‌ കളവാണ്‌. അറിയാത്ത ഒരാളെപ്പറ്റി പരസ്യമായി അങ്ങനെ ആരെങ്കിലും പറയുമോ –-- വിജിത ചോദിച്ചു.
     കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പട്ടികവർഗ സംവരണ സീറ്റായ വെള്ളമുണ്ട ഡിവിഷനിൽ  യുഡിഎഫ്‌ സ്ഥാനാർഥിയായിരുന്നു  വിജിത. ഒരാളൊഴികെ  ഈ ഡിവിഷനിൽ മത്സരിച്ച  ജില്ലാ  പഞ്ചായത്ത്‌ സ്ഥാനാർഥി  ഉൾപ്പെടെയുള്ള  മുഴുവൻ  യുഡിഎഫ്‌ സ്ഥാനാർഥികളും പരാജയപ്പെട്ടു.  എന്നാൽ വെള്ളമുണ്ടയിൽ നടന്ന കോൺഗ്രസ്‌ ‌ കൺവൻഷനിൽ  കണ്ടാൽ ഒരു മെന ഇല്ലാത്തവളും  (ഭംഗിയില്ലാത്തവളും) ജനങ്ങൾ വോട്ട്‌ ചെയ്യാത്തവളുമായ ഒരുത്തിയെ സ്ഥാനാർഥിയാക്കിയതുകൊണ്ടാണ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ സീറ്റ്‌ നഷ്ടമായതെന്ന്‌  അപ്പച്ചൻ ആവർത്തിച്ച്‌ പറഞ്ഞുവെന്നാണ്‌ വിജിത പരാതി നൽകിയത്‌. സ്‌ത്രീത്വത്തെ പരസ്യമായി അപമാനിച്ച എൻ ഡി അപ്പച്ചനെ‌ ഡിസിസി പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ പുറത്താക്കണമെന്നാവശ്യപ്പെട്ടാണ്‌ രാഹുൽ ഗാന്ധി, എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കേരളത്തിന്റെ സംഘടനാ ചുമതലയുള്ള എഐസിസി  ജനറൽ സെക്രട്ടറി താരിഖ് അൻവർ തുടങ്ങിയ നേതാക്കൾക്ക്‌ വിജിത പരാതി നൽകിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top