18 April Thursday

പുൽപ്പള്ളി ക്ഷീരസംഘം സുവർണ ജൂബിലി നിറവിൽ

വെബ് ഡെസ്‌ക്‌Updated: Saturday Dec 4, 2021
പുൽപ്പള്ളി 
പുൽപ്പള്ളി ക്ഷീരസംഘത്തിന്റെ സുവർണ ജൂബിലി ആഘോഷം  ഡിസംബർ ആറിന്‌ നടക്കും.  ആഘോഷത്തിന്റെ ഭാഗമായി നൂതനമായ കർമപരിപാടികൾ ആരംഭിച്ചിട്ടുണ്ടെന്ന്‌ സംഘം ഭരണസമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 
 1971 ഡിസംബർ ആറിന്‌  സംഘത്തിന്റെ പ്രവർത്തനം തുടങ്ങുമ്പോൾ 41 ലിറ്റർ പാൽ മാത്രമായിരുന്നു സംഭരണം. പിന്നീട് കേരളത്തിലെ ഏറ്റവും കൂടുതൽ പാൽ സംഭരണ ശേഷിയുള്ള ആപ്കോസ് ക്ഷീരസംഘങ്ങളിൽ ഒന്നായി മാറാൻ  കഴിഞ്ഞു.  ഇപ്പോൾ 35,000 ലിറ്റർ പാൽ സംഭരണ ശേഷിയുണ്ട്. 
പുൽപ്പള്ളി മിൽക്ക് പ്രോഡക്ട്‌സ് എന്ന പേരിലാണ് ഉൽപ്പന്നങ്ങൾ നിർമിച്ച് വിപണിയിലിറക്കുന്നത്. ആദ്യഘട്ടത്തിൽ തൈര് നിർമാണമാണ് ആരംഭിക്കുക.  ഇനിമുതൽ ക്ഷീര കർഷകരിൽ നിന്ന് പാൽ മാത്രമല്ല,  ചാണകവും സംഭരിക്കും.  മട്ടുപ്പാവിലെ കൃഷിയിടം മുതൽ വലിയ തോട്ടങ്ങളിൽ വരെ ഉപയോഗിക്കാവുന്ന രീതിയിൽ ചാണകപ്പൊടി ബ്രാൻഡ്‌ ചെയ്ത് വിൽക്കുന്ന മലബാർ റൂറൽ ഡെവലപ്പ്മെന്റ് ഫൗണ്ടേഷനുമായി കരാർ ഒപ്പിട്ട്‌ സംഘം സ്ഥലം വിട്ടുകൊടുത്താണ് പദ്ധതി ആരംഭി
ക്കുന്നത്. 
  ജില്ലയ്ക്ക് അനുവദിക്കപ്പെട്ട ഏക കിടാരി പാർക്ക് പുൽപ്പള്ളി ക്ഷീരസംഘം ആരംഭിക്കും. ഇടനിലക്കാരുടെ ചൂഷണമില്ലാതെ ക്ഷീരകർഷകർക്ക് മുന്തിയ ഇനം പശുക്കളെ വിതരണം ചെയ്യാൻ കഴിയും. കിടാരി പാർക്കും ചാണകസംഭരണവും പാക്കിങ് യൂണിറ്റും ക്ഷീരകർഷകർക്കുള്ള ഗോൾഡൻ ജൂബിലി സമ്മാനമായി  മാറും.വാർത്താസമ്മേളനത്തിൽ സംഘം പ്രസിഡന്റ്‌  ബൈജു നമ്പിക്കൊല്ലി, ഡയറക്ടർമാരായ ടി ജെ ചാക്കോച്ചൻ, എ ടി രമേശ്, യു എൻ കുശൻ, സരോജിനി ശേഖരൻ, മോളി ജോർജ്, കെ ആർ രജനി, ക്ഷീര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ ഉഷാദേവി, സംഘം സെക്രട്ടറി എം ആർ ലതിക എന്നിവർ പങ്കെടുത്തു.
സുവർണ ജൂബിലിയോടനുബന്ധിച്ച് തിങ്കളാഴ്‌ച  രാവിലെ 10 ന്‌ ‌ പുൽപ്പള്ളി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ യോഗം നടത്തും. യോഗത്തിൽ മികച്ച ക്ഷീരകർഷകരെയും മുൻ ഭാരവാഹികളെയും ആദരിക്കും.
ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് സമ്മാനം നൽകും. സുവർണ  ജൂബിലി സപ്ലിമെന്റ് ഡെപ്യൂട്ടി ഡയറക്ടർ കെ ഉഷാദേവി പ്രകാശിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top