18 December Thursday

പുള്ളിമാനിനെ വേട്ടയാടൽ: 4 പേര്‍ പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Oct 4, 2023

 

മാനന്തവാടി
വയനാട് വന്യജീവി സങ്കേതത്തിലെ വനത്തിൽ കെണിവച്ച് പുള്ളിമാനിനെ വേട്ടയാടിയ നാലുപേർ അറസ്റ്റിൽ. കാട്ടിക്കുളം, പയ്യമ്പള്ളി കളപ്പുരയ്ക്കൽ തോമസ് (ബേബി, 67),  സഹോദരൻ കളപ്പുരയ്ക്കൽ കുര്യൻ (റെജി, 58), പയ്യമ്പള്ളി മൊടോമറ്റത്തിൽ തങ്കച്ചൻ (51), വനംവകുപ്പിലെ താൽക്കാലിക വാച്ചർ അപ്പപ്പാറ ശ്രീമംഗലം ചന്ദ്രൻ (47) എന്നിവരെയാണ് തോൽപ്പെട്ടി വന്യജീവി അസി. വൈൽഡ് വാർഡൻ കെ പി സുനിൽകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ്ചെയ്തത്. തിങ്കൾ രാവിലെ ഒമ്പതരയോടെയാണ് ബേബിയുടെ വീട്ടിൽനിന്ന് അമ്പത് കിലോയോളം മാനിറച്ചിയും മാനിനെ കശാപ്പുചെയ്യാനുപയോഗിച്ച ഉപകരണങ്ങളും കണ്ടെത്തിയത്. തോൽപ്പെട്ടി   താഴെ കുറുക്കന്മൂലയ്ക്കുസമീപത്തെ ചെങ്ങോട്ടാണ് മാനിനായി കെണിയൊരുക്കിയത്. വനത്തിൽനിന്ന് ഇവിടത്തെ കുളത്തിലേക്ക് മാനുകൾ വെള്ളം കുടിക്കാനെത്തുന്നത് മനസ്സിലാക്കിയാണ് കെണിവച്ചത്. ചന്ദ്രനാണ് കെണിവച്ചതെന്നാണ് പിടിയിലായവർ നൽകിയ മൊഴി. ദിവസവേതനാടിസ്ഥാനത്തിൽ ജോലിചെയ്യുന്ന ചന്ദ്രനെ വിഷയം അറിഞ്ഞ ഉടനെ ജോലിയിൽനിന്ന് നീക്കംചെയ്തതായി അസി. വൈൽഡ് വാർഡൻ സുനിൽകുമാർ പറഞ്ഞു. ചന്ദ്രനും റെജിയും ചൊവ്വാഴ്ച തോൽപ്പെട്ടി അസി. വൈൽഡ്‌ ലൈഫ് വാർഡൻ ഓഫീസിൽ കീഴടങ്ങുകയായിരുന്നു. ബാവലി സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ ടി കൃഷ്ണൻ, ദാസൻഘട്ട സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ രാമകൃഷ്ണൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എസ് ആർ നവീൻ, വി ജെ ശരണ്യ, ആൽബിൻ ജെയിംസ്, എം രാജേഷ്, ഫോറസ്റ്റ് വാച്ചർമാരായ പി എ രാജേഷ്, വി ആർ നന്ദകുമാർ, അറുമുഖൻ, ശിവരാജൻ, ഡ്രൈവർ ടി ഷമീർ എന്നിവരും അന്വേഷണത്തിൽ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top