05 December Tuesday
എബിസിഡി ക്യാമ്പുകൾ:

നൽകിയത് 24,794 സേവനങ്ങൾ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022
 
കൽപ്പറ്റ 
പട്ടികവർഗക്കാർക്ക് ആധികാരിക രേഖകൾ ലഭ്യമാക്കി ഡിജിറ്റൽ ലോക്കറിൽ സൂക്ഷിക്കാൻ അവസരമൊരുക്കുന്ന എബിസിഡി പദ്ധതി സംസ്ഥാനതലത്തിൽ ശ്രദ്ധനേടുന്നു. ജില്ലയിലെ ആറ്‌ പഞ്ചായത്തുകളിലായി നടന്ന ക്യാമ്പിലൂടെ ഇതുവരെ 16,000 പേർക്ക് സേവനം ലഭിച്ചു. വിവിധ വിഭാഗത്തിൽപ്പെട്ട 24,794 സേവനങ്ങളാണ് ക്യാമ്പുകളിലൂടെ നൽകിയത്. ജില്ലാ ഭരണവിഭാഗത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം നവംബറിൽ തൊണ്ടർനാട് പഞ്ചായത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതി വൻവിജയമായതോടെ മറ്റു പഞ്ചായത്തുകളിലേക്കും വ്യാപിപ്പിച്ചു. 
വൈത്തിരി, തവിഞ്ഞാൽ, നൂൽപ്പുഴ, പനമരം, നെൻമേനി പഞ്ചായത്തുകളിൽ ക്യാമ്പ് നടന്നു. തൊണ്ടർനാട് -3616, വൈത്തിരി- 1543, നൂൽപ്പുഴ -5349, തവിഞ്ഞാൽ- 2033, പനമരം- 7692, നെൻമേനി- 4561 എന്നിങ്ങനെയാണ് സേവനങ്ങൾ ലഭിച്ചത്. ജില്ലയിലെ മറ്റു പഞ്ചായത്തുകളിലും നഗരസഭകളിലും വരുംദിവസങ്ങളിൽ ക്യാമ്പുകൾ നടത്തുന്നതിനുള്ള ഒരുക്കത്തിലാണ് ജില്ലാഭരണ വിഭാഗം. അടുത്ത വർഷമാദ്യം എബിസിഡി ക്യാമ്പ് ജില്ലയിൽ പൂർത്തീകരിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
പ്രത്യേകം സജ്ജീകരിച്ച കൗണ്ടറുകളിലൂടെയാണ് ക്യാമ്പുകളിൽ സേവനം ലഭ്യമാക്കുന്നത്. റേഷൻ കാർഡ്, ആധാർ കാർഡ്, വോട്ടർ തിരിച്ചറിയൽ കാർഡ്, ബാങ്ക് അക്കൗണ്ട്, നഷ്ടപ്പെട്ട ആരോഗ്യ ഇൻഷുറൻസ് കാർഡ്, ജനന സർട്ടിഫിക്കറ്റ് തുടങ്ങിയ ആധികാരിക രേഖകളാണ് സേവന കൗണ്ടറുകളിലൂടെ ലഭ്യമാക്കുക. വിവിധ കാരണങ്ങളാൽ രേഖകൾ ഇല്ലാത്തവർക്കും നഷ്ടപ്പെട്ടവർക്കും വിവിധ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാതെ വരുന്ന സാഹചര്യം ഒഴിവാക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. ക്യാമ്പുകളിൽ പങ്കെടുക്കാൻ കഴിയാതെ പോകുന്നവർക്ക് അക്ഷയകേന്ദ്രങ്ങളിൽ സജ്ജീകരിച്ചിട്ടുള്ള ഗോത്രസൗഹൃദ കൗണ്ടറുകൾ വഴിയും സേവനം ലഭ്യമാകും. ക്യാമ്പിൽ രേഖകളുടെ തെറ്റുതിരുത്തുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. രേഖകൾ ഇല്ലാത്തവർക്ക് പുതിയ രേഖകൾ ക്യാമ്പിൽനിന്ന്‌ നൽകും. രേഖകൾ സുരക്ഷിതമായി സൂക്ഷിക്കാൻ ഡിജിറ്റൽ ലോക്കർ സൗകര്യവും ക്യാമ്പിൽ ഒരുക്കിയിട്ടുണ്ട്. 
സബ്കലക്ടർ ആർ ശ്രീലക്ഷ്മിയാണ് എബിസിഡി ക്യാമ്പിന്റെ നോഡൽ ഓഫീസർ. ഐടി മിഷൻ, അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പട്ടികവർഗ വികസന വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top