കൽപ്പറ്റ/ബത്തേരി/മാനന്തവാടി
ആർദ്രം മിഷന്റെ ഭാഗമായി ജില്ലയിൽ ഒമ്പത് ആരോഗ്യകേന്ദ്രങ്ങൾക്കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായികൂടിയാണ് ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയത്. 
മേപ്പാടി, ചെതലയം ചീരാൽ, അമ്പലവയൽ, പടിഞ്ഞാറത്തറ, കോട്ടത്തറ, എടവക, വെളളമുണ്ട, തൊണ്ടർനാട് എന്നിവിടങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളാണ്  കുടംബാരോഗ്യ കേന്ദ്രങ്ങളാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്‌ഘാടനം നിർവഹിച്ചു. 
ഓരോകേന്ദ്രങ്ങളിലും ഉദ്‌ഘാടന ചടങ്ങുകൾ നടത്തി. സംസ്ഥാനത്താകെ 102 ആരോഗ്യകേന്ദ്രങ്ങളാണ് കുടുംബാരോഗ്യകേന്ദ്രങ്ങളാക്കിയത്  
മേപ്പാടി കുടുംബാരോഗ്യകേന്ദ്രം
മേപ്പാടി സിഎച്ച്‌സിയെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്താനായി 16.17 ലക്ഷത്തിന്റെ നവീകരണ പ്രവൃത്തികൾ നടത്തി. ആറ് ഡോക്ടർമാരാണിവിടെയുള്ളത്. 23 നേഴ്‌സുമാരും 27 ഇതര ജീവനക്കാരുമുണ്ട്. നിലവിൽ അഞ്ഞൂറോളംപേർ ഒപിയിൽ ചികിത്സക്കെത്തുന്നുണ്ട്.  1977ൽ ആരംഭിച്ച പിഎച്ച്‌സി പിന്നീട് സിഎച്ച്‌സിയായി.  
കുടുംബാരോഗ്യ പ്രഖ്യാപന ചടങ്ങിൽ  സി കെ ശശീന്ദ്രൻ എംഎൽഎ ശിലാഫലകം അനാഛാദനം ചെയ്തു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ തമ്പി, മേപ്പാടി  പഞ്ചായത്ത് പ്രസിഡന്റ് കെ കെ സഹദ്, ബിന്ദു പ്രതാപൻ, റോഷ്ന യൂസഫ്,  ഡോ. ടി പി ഷാഹിദ് എന്നിവർ  പങ്കെടുത്തു. 
ചെതലയം 
ചെതലയം പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യം കേന്ദ്രമായതോടെ ഗോത്രമേഖലയിൽ ചികിത്സാ സൗകര്യങ്ങൾ വർധിക്കും.  നിലവിൽ രണ്ട‌് ഡോക്ടർമാരും 25 ജീവനക്കാരുമാണുള്ളത്.  കുടുംബാരോഗ്യ കേന്ദ്രമയോടെ  ഒരു ഡോക്ടർ, രണ്ട‌് സ‌്റ്റാഫ‌് നേഴ‌്സ്,  ഫാർമസിസ‌്റ്റ് എന്നിവരെ കൂടുതലായി നിയമിക്കും. വൈകിട്ടും ഒപി പ്രവർത്തിക്കും. കിടത്തി ചികിത്സയും ആരംഭിക്കും.  മൂന്നൂറോളം പേരാണ‌് നിത്യേന ഒപിയിൽ എത്തുന്നത്.  
കുടുംബാരോഗ്യ പ്രഖ്യാപനത്തിന്റെ  ശിലാഫലകം അനാച്ഛാദനം ബത്തേരി നഗരസഭാ ചെയർമാൻ ടി എൽ സാബു നിർവഹിച്ചു.  ഐ സി ബാലകൃഷ്ണൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ, കലക്ടർ അദീല അബ്ദുള്ള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാശശി,  ജിഷ ഷാജി,  സി കെ സഹദേവൻ, ബാബു അബ്ദുൾറഹ്മാൻ, അഹമ്മദ്കുട്ടി കണ്ണിയൻ, ഷെറീന അബ്ദുള്ള, വി പി ജോസ്, കെ റഷീദ്, ഡോ. ലത,  ഡോ. നിഖില പൗലോസ്,  ടി പി ബാബു എന്നിവർ സംസാരിച്ചു. 
അമ്പലവയൽ
1948ൽ ഹെൽത്ത‌് സെന്ററായാണ് അമ്പലവയൽ ആരോഗ്യകേന്ദ്രം തുടങ്ങിയത്. 2006 ലെ എൽഡിഎഫ‌് ഭരണത്തിൽ പിഎച്ച‌്സിയായി.   34 കിടക്കകളാണുള്ളത്.  ആറ് ഡോക്ടർമാരുണ്ട്.  39 സ്ഥിരം ഉൾപ്പെടെ 64 ജീവനക്കാരുണ്ട‌്. 
കുടുംബാരോഗ്യ പ്രഖ്യാപന ചടങ്ങിൽ ബ്ലോക്ക‌് പഞ്ചായത്ത് പ്രസിഡന്റ‌് ലതാ ശശി ശിലാഫലകം അനാഛാദനം ചെയ്‌തു.  പഞ്ചായത്ത് പ്രസിഡന്റ‌് സീതാ വിജയൻ അധ്യക്ഷയായി. ബത്തേരി ബ്ലോക്ക‌് പഞ്ചായത്ത‌് ആരോഗ്യ സ‌്റ്റാൻഡിങ‌് കമ്മിറ്റി ചെയർമാൻ കെ എം സിന്ധു സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ. കെ പി കുഞ്ഞിക്കണ്ണൻ നന്ദിയും പറഞ്ഞു. 
ചീരാൽ 
1971ൽ നെന്മേനി പഞ്ചായത്തിൽ ഹെൽത്ത‌് സെന്ററായി തുടക്കം. 1976ൽ പ്രാഥമികാരോഗ്യ കേന്ദ്രമായി. 2020 ൽ സായാഹ്ന ഒപി ആരംഭിച്ചു. ഡോക്ടർമരുടെ എണ്ണം മൂന്നിൽ നിന്നും നാലായി. 10 കട്ടിലുള്ളത‌് 24 ആയി വർധിക്കും. ലാബ‌് തുടങ്ങിയതോടെ 2 ടെക‌്നീഷ്യൻമാരെയും ഫാർമസിസ‌്റ്റിനെയും പുതുതായി നിയമിച്ചു.  പഞ്ചായത്ത‌് പ്രസിഡന്റ് കെ സി പത്മനാഭൻ ശിലാഫലകം അനാഛാദനം ചെയ്തു. ആരോഗ്യ സ‌്റ്റാൻഡിങ‌് കമ്മിറ്റി ചെയർമാൻ കെ രാജഗോപാലൻ അധ്യക്ഷനായി. മെഡിക്കൽ ഓഫീസർ എം ബി സനൽകുമാർ സ്വാഗതവും പഞ്ചായത്ത‌് സെക്രട്ടറി സി പ്രമോദ‌് നന്ദിയും പറഞ്ഞു.
പടിഞ്ഞാറത്തറ
3 ലക്ഷം രൂപ ചെലവഴിച്ചാണ്  പടിഞ്ഞാറത്തറ പിഎച്ച്സിസിയിൽ കുടു ബാരോഗ്യകേന്ദ്രത്തിനുള്ള സൗകര്യം ഒരുക്കിയത്. അഞ്ച് വീതം ഡോക്ടർമാരും നേഴ്‌സുമാരും ഉൾപ്പടെ 38 പേർ ജീവനക്കാരായുണ്ട്. പിഎച്ച്സിസി 1995 ൽ വാടകകെട്ടിടത്തിലാണ് പ്രവർത്തനം ആരംഭിച്ചത്. 2000ത്തിലാണ് മുണ്ടക്കുറ്റിയിൽ സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയത്.  പ്രതിദിനം ഇരുനൂറ്റിഅമ്പതോളം പേർ ഒപിയിൽ ചികിത്സക്ക്  എത്തുന്നുണ്ട്.
കുടുംബാരോഗ്യകേന്ദ്രം  കണ്ടെയ്‌ൻമെന്റ്  സോണിലായതിനാൽ പഞ്ചായത്ത്  ഹാളിലായിരുന്നു ചടങ്ങ്. സി കെ  ശശീന്ദ്രൻ എംഎൽഎ,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ,  പഞ്ചായത്ത്  പ്രസിഡന്റ് പി  നൗഷാദ്,  പഞ്ചായത്ത് അംഗങ്ങളായ  ജോസഫ് പുല്ലുമാരിയിൽ,  പി ജി സജേഷ്, സി ഇ ഹാരിസ്, സിന്ധു പുറത്തുട്ട്, ഉഷ ആനപ്പാറ, മെഡിക്കൽ ഓഫീസർ  
ഡോ . കിഷോർ കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് എന്നിവർ പങ്കെടുത്തു .
 
കോട്ടത്തറ
1971 ൽ കോട്ടത്തറ പഞ്ചായത്തിലെ വാളലിൽ വാടകകെട്ടിടത്തിൽ ഡിസ്‌പൻസറിയായി ആരംഭിച്ച ആരോഗ്യ കേന്ദ്രമാണിത്.  50വർഷം പിന്നിടുമ്പോഴാണ് കുടുംബാരോഗ്യകേന്ദ്രമായി മാറുന്നത്. 1979ലാണ് സ്വന്തം കെട്ടിടത്തിലേക്ക് മാറിയത്.   ആർദ്രംമിഷനിലൂടെ 16.5 ലക്ഷം ചെലവഴിച്ചാണ്  കുടുബാരോഗ്യകേന്ദ്രത്തിനുവേണ്ട സൗകര്യങ്ങൾ ഒരുക്കിയത്.  നിത്യേന നൂറോളം പേർ ഒപിയിൽ എത്തുന്നുണ്ട്.  മൂന്ന് വീതം ഡോക്ടർമാരും നേഴ്‌സുമാരും  ഉൾപ്പടെ 25 ജീവനക്കാരുമുണ്ട്. 
കുടുംബാരോഗ്യ പ്രഖ്യാപന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ജോസഫ് , വൈസ് പ്രസിഡന്റ് വി എൻ ഉണ്ണികൃഷ്ണൻ, മെഡിക്കൽ ഓഫീസർ ഡോ .ഷുഹൈബ്,  ശോഭ ശ്രീധരൻ, പ്രീത മനോജ്, വി അബ്ദുൽ നാസർ, ശാരദ മണിയൻ, വി ജെ ജോർജ്, ശ്രീജിത്ത് കരിങ്ങാലി എന്നിവർ സംസാരിച്ചു. 
തൊണ്ടർനാട്
പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യകേന്ദ്രമാക്കി മാറ്റുന്നതിന് കൂടുതൽ ജീവനക്കാരെ നിയമിച്ചു.  ഉച്ചകഴിഞ്ഞും ഒപി പ്രവർത്തിക്കും. പഞ്ചായത്തും  ആരോഗ്യകേരളം പദ്ധതയിൽ ആരോഗ്യവകുപ്പും ഡോക്ടർമാരെയുൾപ്പെടെ  നിയമിച്ചു. അടിസ്ഥാന വികസനത്തിന് പഞ്ചായത്ത് ഫണ്ടുകൾ വിനിയോഗിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി എ ബാബു ശിലാഫലകം അനാഛാദനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ്  കമ്മറ്റി ചെയർമാൻ  പി കേശവൻ അധ്യക്ഷനായി. വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ വി സി സലിം, ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൻ മൈമൂനത്ത്, മെഡിക്കൽ ഓഫീസർ ഡോ. ഷഹ്സാദ് എന്നിവർ സംസാരിച്ചു.
വെള്ളമുണ്ട
വെള്ളമുണ്ട  കുടുംബാരോഗ്യ പ്രഖ്യാപനത്തിന്റെ  ശിലാഫലകം ഒ ആർ കേളു എംഎൽഎ അനാഛാദനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് പി തങ്കമണി അധ്യക്ഷയായി. ഡോ.വി കെ മുഹമ്മദ്‌സഈദ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആൻഡ്രൂസ് ജോസഫ്, സക്കീന കുടുവ, എം സി ഇബ്രാഹിം, വി എസ് കെ തങ്ങള്‍, ആത്തിക്കാബായി എന്നിവർ സംസാരിച്ചു. 
എടവക 
ആർദ്രം പദ്ധതിയിൽ എടവക പ്രാഥമീകാരോഗ്യകേന്ദ്രവും കുടുംബാരോഗ്യകേന്ദ്രമാക്കി.  കുടുംബാരോഗ്യ പ്രഖ്യാപന ചടങ്ങിൽ   പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയൻ, സ്ഥിരം സമിതി അംഗം ജിൻസൺ തൂപ്പുംകര, ഡോക്ടർ സഗീർ, ആഷാ മെജോ എന്നിവർ സംസാരിച്ചു.
      
        
        
		
              
	
ദേശാഭിമാനി  വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്. 
വാട്സാപ്പ് ചാനൽ   സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..