19 April Friday
കുടിവെള്ള പദ്ധതിയിലെ അഴിമതി

പ്രതീകാത്മക കുടിവെള്ള വിതരണ സമരവുമായി സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020
കല്ലോടി
എടവക പഞ്ചായത്തിലെ കല്ലോടി ജനശക്തി കുടിവെള്ളപദ്ധതിയിലെ അഴിമതിയും തീവെട്ടിക്കൊള്ളയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സിപിഐ  ഐ എം നേതൃത്വത്തിൽ പ്രതീകാത്മക കുടിവെള്ളവിതരണം നടത്തി.എടവക പഞ്ചായത്തിലെ കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിനായി 2013ൽ കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ആരംഭിച്ച ജലനിധി പദ്ധതിയാണ് കല്ലോടി ജനശക്തി കുടിവെള്ള പദ്ധതി.
പഞ്ചായത്തിൽ ചെറുതും വലുതുമായ 14 പദ്ധതികളാണ് ജലനിധി ഏറ്റെടുത്തത്. ഇതിനായി ജലനിധി വിഹിതമായി 8.5 കോടിരൂപയും പഞ്ചായത്ത് വിഹിതമായി 1.62 കോടിയും ഗുണഭോക്തൃവിഹിതമായി 84 ലക്ഷം രുപയും ഉൾപ്പെടെ 11 കോടി രൂപയുടെ പദ്ധതിയാണിത്. 
ഡബ്ല്യുഎസ്എസ് ആണ് നിർവഹണ ഏജൻസി. ഇവർക്ക് കീഴിൽ പഞ്ചായത്തുതല കമ്മിറ്റിയും ഇതിന് കീഴിൽ ഓരോ പദ്ധതികൾക്കും പ്രത്യേകമായി സ്കീംലെവൽ കമ്മിറ്റികളും പ്രാദേശികതലത്തിൽ ബെനഫിഷ്യറി കമ്മിറ്റികളുമണ്ട്. ഇതിനെല്ലാം പുറമെ ടെക്നിക്കൽ കമ്മിറ്റിയുമായി അതിവിപുലമായ സംഘടനസംവിധാനവും പിന്തുണ സംവിധാനവുമുണ്ട്.
ഈ പദ്ധതിയുടെ ഭാഗമായിട്ടാണ് ജനശക്തി ശുദ്ധജല വിതരണ പദ്ധതി ആരംഭിക്കുന്നത്. പഞ്ചായത്തിലെ 1,18,19 വാർഡുകളിലെ 89 എസ്ടി കുടുംബങ്ങളും 7 എസ്സി കുടുംബങ്ങളുമുൾപ്പെടെ 314 കുടുംബങ്ങളാണ് ഗുണഭോക്താക്കളായുള്ളത്. ഇതിനുവേണ്ടി 1.80 കോടി രൂപയാണ് വകയിരുത്തിയത്. പ്രാദേശിക കോൺഗ്രസ്‌ നേതാക്കളെ കുത്തിനിറച്ച സ്കീം ലെവൽ കമ്മിറ്റിയെക്കുറിച്ച് വ്യാപകമായ പരാതി  ഉയർന്നിരുന്നു. അശാസ്ത്രീയവും അപ്രായോഗികവുമായ  നിർമാണപ്രവർത്തനങ്ങളാണ്  നടന്നത്. ഇതിനെതിരെ വ്യാപകമായ പരാതികൾ തുടർച്ചയായി ഉയർന്നിരുന്നു. പരിഹരിക്കാൻ പഞ്ചായത്തുതല കമ്മിറ്റിയോ ഭരണനേതൃത്വമോ തയ്യാറായിട്ടില്ല. 
പിന്നീട് പ്രതിപക്ഷമെമ്പർമാരും ഗുണഭോക്താക്കളും നാട്ടുകാരും നിരന്തരം സമ്മർദം ചെലുത്തിയാണ് പദ്ധതി കമ്മീഷൻ ചെയ്യാൻ തയ്യാറായത്. അതിനുശേഷം ഒരു ദിവസം പോലും ആവശ്യത്തിന് വെള്ളം ലഭിച്ചിട്ടില്ല. പൈപ്പ് പൊട്ടി വെള്ളമൊഴുകുന്നത് നിത്യസംഭവമായിട്ടും അനങ്ങാപ്പാറ നയമാണ് കമ്മിറ്റിയും പഞ്ചായത്തും സ്വീകരിക്കുന്നത്. പ്രശ്നത്തിന് പരിഹാരം കാണുന്നില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ്‌ തീരുമാനം.  പ്രതിഷേധ സമരം മനു കുഴിവേലിൽ ഉദ്ഘാടനം ചെയ്തു. ഹരീന്ദ്രൻ, ഗൗതമൻ, ഉസ്മാൻ, കെ വി വിജോൾ, കുഞ്ഞനന്ദൻ എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top