05 July Saturday
ഫാം ടൂറിസത്തിന്റെ വേറിട്ട അനുഭവം

ഇവിടെ കൃഷി അറിയാം; ഒപ്പം മീനും പിടിക്കാം

ജാഷിദ്‌ കരീംUpdated: Monday Jul 4, 2022
 
ബത്തേരി
മൂന്നര ഏക്കറിൽ പരന്നുകിടക്കുന്ന നെൽവയൽ. വയലുകൾക്കിടയിലായി നിരവധി മത്സ്യക്കുളങ്ങൾ.  കുളം നിറയെ മത്സ്യങ്ങൾ.  ഇവ പിടിക്കാൻ എത്തുന്നവരും ഏറെ.  ബത്തേരി തൊടുവെട്ടി തേലമ്പറ്റയിലെ ഈ പാടി വില്ലേജ്‌ സഞ്ചാരികളുടെ ഇഷ്ട ഇടമാകുകയാണ്‌. 
ഫാം ടൂറിസത്തിന്റെ പുതിയ അനുഭവങ്ങളാണിവിടെ. കർഷകരായ  ഫിറോസ് റഹ്മാനും  മുസ്തഫയ്‌ക്കും  ലോക്ഡൗൺ കാലത്ത്‌ തോന്നിയ ആശയമാണ് ഹിറ്റായത്. 
ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ കഴിഞ്ഞ മെയ് എട്ടിനാണ്‌ പാടി വില്ലേജ് തുറന്നത്. കൃഷിയിടം സന്ദർശനം,  കാർഷികോൽപ്പന്നങ്ങൾ  വാങ്ങാനുള്ള സൗകര്യം,  കൃഷി അറിയൽ, മീൻ പിടിത്തും തുടങ്ങിയവയാണ്‌ ഒരുക്കിയിട്ടുള്ളത്‌.  മീൻ, നെൽ  കൃഷികൾ കൂടിച്ചേരുന്ന പദ്ധതിയാണ്. 
വയലുകളുടെ ഹരിത കാഴ്ചയും കുളങ്ങൾക്ക്‌ നടുവിലൂടെയുള്ള യാത്രയും സഞ്ചാരികളെ ആകർഷിക്കും.  കുളത്തിൽ ചെമ്പല്ലി, വാള, വരാൽ,  ചൈനീസ് ആവോലി തുടങ്ങിയ മത്സ്യങ്ങളാണുള്ളത്‌. 
കാണുക മാത്രമല്ല, മീൻ ചൂണ്ടയിട്ട്‌ പിടിച്ച്‌  വറുത്ത് കഴിക്കാനുമാവും.  പഴമയുടെ നാടൻ രുചികളിലും പുതുമയുടെ മോഡേൺ രുചികളിലും വിഭവങ്ങൾ തയ്യാറാക്കി നൽകും.  മീൻ വാങ്ങി വീട്ടിലേക്കും കൊണ്ടുപോകാം. മുറിച്ച് വൃത്തിയാക്കി നൽകും.  മീൻ വളർത്തൽ പഠിക്കാനും സൗകര്യമുണ്ട്‌. 
‘ഫ്രഷ് വാട്ടർ ഫിഷ് ’ എന്ന അനുഭവം ആളുകളിലേക്കെത്തിക്കുക, രുചി മനസ്സിലാക്കിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്  മീൻപിടിത്തവും ഫാം ടൂറിസത്തിന്റെ ഭാഗമാക്കിയതെന്ന്‌ ഇവർ പറയുന്നു. ചൂണ്ടയിട്ട് മീൻ പിടിക്കലിൽ സ്ത്രീകളും കുട്ടികളുമെല്ലാമുണ്ട്‌.  നൂറുകണക്കിന് പേരാണ് ദിവസവും പാടി വില്ലേജിലെത്തുന്നത്.  ശനിയും ഞായറും തിരക്ക് ഏറും. വില്ലേജിൽ പ്രവേശനം സൗജന്യമാണ്. പ്രദേശത്തെ കർഷകരുടെ ഉൽപ്പന്നങ്ങൾ വിൽക്കാനുള്ള ‘ടേസ്റ്റ് ഓഫ് സഹ്യ’ പദ്ധതിയും പൂരോഗമിക്കുകയാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top