28 September Thursday
മഴക്കാല മുന്നൊരുക്കം

മാലിന്യ സംസ്‌കരണം ഊർജിതമാക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Jun 4, 2023
 
കല്‍പ്പറ്റ
മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാ​ഗമായി മാലിന്യ സംസ്‌കരണം ഊർജിതമാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം നിർദേശം നൽകി. വെള്ളം കെട്ടിക്കിടന്ന് പകർച്ചവ്യാധികൾ പടരുന്ന സാഹചര്യം ഒഴിവാക്കണം. തദ്ദേശ സ്ഥാപനങ്ങൾ, ആരോഗ്യസ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ എന്നിവടങ്ങളില്‍ പ്രത്യേക ശ്രദ്ധനൽകണം. ദേശീയപാതയിലെ അപകടഭീഷണിയിലുള്ള മരങ്ങൾ മുറിച്ചുമാറ്റണം.
പട്ടികവർഗ കോളനികളിലെ വീടുകളുടെ അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കണം. ജില്ലയിൽ ഭക്ഷ്യവിഷബാധ കൂടിവരുന്നതിൽ വകുപ്പുകൾ കൂടുതൽ ജാഗ്രത പാലിക്കണം. പരിശോധനകൾ കർശനമാക്കണം. ജില്ലയിൽ പ്ലസ് വൺ സീറ്റ് വർധിപ്പിക്കണം. ഗോത്ര വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ പ്രത്യേക ശ്രദ്ധ നൽകണം. ടി സിദ്ദിഖ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, കലക്ടർ ഡോ. രേണുരാജ്, എഡിഎം എൻ ഐ ഷാജു, ജില്ലാ പ്ലാനിങ് ഓഫീസർ ആർ മണിലാൽ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
 
ഹരിതസഭ നാളെ
കല്‍പ്പറ്റ
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ എല്ലാ നഗരസഭകളിലും പഞ്ചായത്തുകളിലും തിങ്കളാഴ്ച ഹരിതസഭ നടത്തും. തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ കാര്യാലയത്തിന്റെയും ജില്ലാ ശുചിത്വ മിഷന്റെയും നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ.  2023 മാർച്ച് 15 മുതൽ ജൂൺ ഒന്ന്‌വരെ നടന്ന പ്രവർത്തനങ്ങള്‍ ജനകീയ പരിശോധനയ്ക്ക് വിധേയമാക്കുകയാണ് ലക്ഷ്യം.
ഇതിലൂടെ വലിയ തോതിലുള്ള ജനപങ്കാളിത്തം ഉറപ്പാക്കി പ്രവർത്തനങ്ങളുടെ ഫലപ്രദമായ നടത്തിപ്പിന് തദ്ദേശവാസികളെ സജ്ജമാക്കുന്നതിനും ഹരിത സഭ സഹായകമാകും. ജനപ്രതിനിധികൾ, റെസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ, വായനശാല പ്രതിനിധികൾ, യുവജന സംഘടനാ പ്രതിനിധികൾ, ശാസ്ത്ര- സാംസ്‌കാരിക സംഘടനാ പ്രതിനിധികൾ, തൊഴിലാളി-സർവീസ് സംഘടനാ പ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ, സിഡിഎസ്, എഡിഎസ് പ്രതിനിധികൾ, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികൾ, എൻഎസ്എസ് യൂണിറ്റ് ചുമതലയുള്ള അധ്യാപകർ, വിദ്യാർഥി പ്രതിനിധികൾ, വാർഡ്തല ആരോഗ്യ ജാഗ്രതാ സമിതി പ്രതിനിധികൾ, ഘടകസ്ഥാപന പ്രതിനിധികൾ, വനിതാ സംഘടനാ പ്രതിനിധികൾ, പെൻഷനേഴ്‌സ് യൂണിയൻ പ്രതിനിധികൾ, സീനിയർ സിറ്റിസൺ സംഘടനാ പ്രതിനിധികൾ തുടങ്ങിയവരുടെ പങ്കാളിത്തം ഉറപ്പുവരുത്തിയാണ് ഹരിത സഭകൾ ആസൂത്രണം ചെയ്യുന്നത്.
പരിശീലനം നൽകി
കല്‍പ്പറ്റ
മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി കുടുംബശ്രീ മിഷൻ, ശുചിത്വമിഷൻ, ഹരിത കേരള മിഷൻ, കില എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഹരിതകർമ സേനാംഗങ്ങൾക്ക് ത്രിദിന പരിശീലനം സംഘടിപ്പിച്ചു. കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ വി കെ റജീന ഉദ്ഘാടനംചെയ്തു.
മാനന്തവാടി, പനമരം, കൽപ്പറ്റ, ബത്തേരി ബ്ലോക്കുകളിൽ നിന്നായി 72 അംഗങ്ങൾ പങ്കെടുത്തു. കുടുംബശ്രീ മൈക്രോ എന്റർപ്രൈസസ് കൺസൾട്ടന്റുമാർ, കില തീമാറ്റിക് എക്‌സ്‌പേർട്ടുകൾ, ശുചിത്വമിഷൻ, ഹരിത കേരള മിഷൻ റിസോഴ്‌സ് പേഴ്‌സന്മാർ എന്നിവര്‍ ക്ലാസെടുത്തു. ഹരിത കേരളം മിഷൻ റിസോഴ്‌സ് പേഴ്‌സൺ പി അഖില, കുടുംബശ്രീ ബ്ലോക്ക് കോ ഓർഡിനേറ്റർ വിദ്യമോൾ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ പി ഹുദൈഫ്, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോ ഓഡിനേറ്റർ കെ എം സെലീന തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top