19 April Friday
ഒ ആർ കേളു എംഎൽഎയുടെ പദ്ധതി

2 കോടിയുടെ പ്രവൃത്തികൾ 
ഭരണാനുമതിക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022
മാനന്തവാടി
വന്യമൃഗശല്യ പ്രതിരോധത്തിന്‌ ആസ്തി വികസന ഫണ്ടിൽനിന്ന്‌ രണ്ട്‌ കോടി രൂപ മാറ്റിവച്ച്‌ ഒ ആർ കേളു എംഎൽഎ. മാനന്തവാടി മണ്ഡലത്തിൽ വന്യമൃഗശല്യം ഏറ്റവും രൂക്ഷമായ ഭാഗങ്ങളിൽ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുന്നതിനാണ്‌ തുക അനുവദിച്ചത്‌. ബേഗൂർ, പേര്യ റെയ്‌ഞ്ചുകളിലായി ഏഴ്‌ പദ്ധതികൾ ഭരണാനുമതിക്കായി സമർപ്പിച്ചു. സോളാർ ഹാങ്ങിങ് ഫെൻസിങ്ങാണ്‌ നടപ്പാക്കുക.  
സംസ്ഥാനത്തുതന്നെ ആദ്യമായാണ്‌ ഒരു എംഎൽഎ ഇത്രയും വലിയ തുക വന്യമൃഗശല്യ പ്രതിരോധത്തിനായി  മാറ്റിവയ്‌ക്കുന്നതും പദ്ധതികൾക്ക്‌ നേതൃത്വം നൽകുന്നതും. സംസ്ഥാന സർക്കാർ പദ്ധതികളിലൂടെ മാത്രം  വന്യമൃഗശല്യത്തിന്‌  പരിഹാരം കാണൽ ദുഷ്‌കരമാണെന്നതിനാലാണ്‌ എംഎൽഎ ഫണ്ടുകൂടി വിനിയോഗിച്ച്‌ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ തീരുമാനിച്ചത്‌. 
അനുവദിച്ച തുകയിൽ 179.84 ലക്ഷം രൂപയുടെ പദ്ധതികളാണിപ്പോൾ ഭരണാനുമതിക്കായി സമർപ്പിച്ചിട്ടുള്ളത്‌. 
ബേഗൂർ റെയ്‌ഞ്ചിലെ അരണപ്പാറ റേഷൻകട–-തോൽപ്പെട്ടി(29.75 ലക്ഷം), മുത്തുമാരി–-ചാത്തനാട്‌(25.50 ലക്ഷം), ഓലഞ്ചേരി–-കാപ്പിക്കണ്ടി(17 ലക്ഷം), ഇരുമ്പുപാലം–-കാപ്പിക്കണ്ടി(51 ലക്ഷം), കാപ്പിക്കണ്ടി–-കാളിന്ദി കോളനി(12.75 ലക്ഷം), പാൽവെളിച്ചം–-ബാവലി(31.34 ലക്ഷം), പേര്യ റെയ്‌ഞ്ചിലെ മേലെ വരയാൽ–-താരാബായി(12.50 ലക്ഷം) എന്നിവയാണ്‌ പദ്ധതികൾ. ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചാൽ ഉടൻ ടെൻഡർ ചെയ്യും. 
കാട്ടാനയുൾപ്പെടെ രൂക്ഷമായ വന്യമൃഗശല്യമുള്ള മണ്ഡലമാണ്‌ മാനന്തവാടി. ജനങ്ങൾ നേരിടുന്ന ഏറ്റവും ഗുരുതര പ്രശ്‌നമാണ്‌ വന്യമൃഗശല്യം. പകൽപോലും കാട്ടാനകൾ കൃഷിയിടങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും വിഹരിക്കുകയാണ്‌. ലക്ഷക്കണക്കിന്‌ രൂപയുടെ കൃഷിനാശമാണ്‌ ഓരോ വർഷവും ഉണ്ടാകുന്നത്‌. വനമൃഗാക്രമണത്തിൽ ആളുകൾ കൊല്ലപ്പെടുകയുമാണ്‌. ജീവൻ ഭയന്നാണ്‌ വനങ്ങളോട്‌ ചേർന്നുള്ള പ്രദേശങ്ങളിൽ ആളുകൾ താമസിക്കുന്നത്‌. കാടും നാടും വേർതിരിച്ച്‌ വന്യമൃഗങ്ങൾ കാടിറങ്ങുന്നത്‌ തടയുകയെന്നതാണ്‌ ഇതിന്‌ ശാശ്വത പരിഹാരം. സംസ്ഥാന സർക്കാർ വനം വകുപ്പുവഴി വിവിധ  പദ്ധതികൾ നടപ്പാക്കുന്നുണ്ടെങ്കിലും പൂർണ പരിഹാരമാകുന്നില്ല. ലക്ഷക്കണക്കിന്‌ രൂപ നഷ്ടപരിഹാരവും നൽകുന്നുണ്ട്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top