20 April Saturday

വയൽനാട്‌ പൊന്നണിഞ്ഞു

സ്വന്തം ലേഖികUpdated: Thursday Dec 3, 2020
 
കൽപ്പറ്റ
വാഗ്‌ദാനങ്ങൾ നൽകുക മാത്രമല്ല അത്‌  പാലിക്കുക കൂടി ചെയ്യുന്ന സർക്കാരാണിതെന്ന്‌ ‌ പൊന്നണിഞ്ഞ വയനാടൻ പാടങ്ങൾ തെളിയിക്കും. പഴങ്ങളും പച്ചക്കറികളും   കായ്‌ച്ച്‌ നിൽക്കുന്ന തൊടികളും എൽഡിഎഫ്‌  സർക്കാരിന്റെ ഇച്‌ഛാ ശക്തിയുടെ നേർ സാക്ഷ്യം. 
സംസ്ഥാനസർക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയിലുൾപ്പെടുത്തി ജില്ലയിൽ 400 ഹെക്ടർ ഭൂമിയിൽ  ‌ കൃഷി ചെയ്‌തു.  വർഷങ്ങളായി തരിശിട്ട നെൽ പാടങ്ങളും  കരഭൂമിയുമാണ്‌ സർക്കാർ ഇടപെടലിലൂടെ കതിരണിഞ്ഞത്‌.    ജില്ലയിൽ 7500 ഹെക്ടറിലധികം നെൽകൃഷി നിലവിലുണ്ട്‌. ഇത്‌ കൂടാതെ  180- ഹെക്ടറിൽ   കൂടി നെൽകൃഷി  വ്യാപിപ്പിച്ചു. 49 ഹെക്ടറിൽ പച്ചക്കറി , 138 ഹെക്ടറിൽ കിഴങ്ങ്‌, 32 ഹെക്ടറിൽ വാഴ, രണ്ട്‌ ഹെക്ടറിൽ പയർ വർഗങ്ങൾ എന്നിവയും ‌ തുടങ്ങിയിട്ടുണ്ട്‌‌.    അഞ്ഞൂറ്‌ ഹെക്ടറിൽ കൂടി കൃഷിയാരംഭിക്കും.  10, 000 ഫലവർഗ തൈകളുടെ നടീൽ വസ്‌തുക്കളും വിതരണം ചെയ്‌തു. വീട്ടുവളപ്പിലെ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാൻ പഞ്ചായത്തുകൾ വഴി രണ്ട്‌ ലക്ഷം പച്ചക്കറി വിത്ത്‌ പാക്കറ്റുകളും മരച്ചീനി, മധുരക്കിഴങ്ങ്‌ തുടങ്ങിയവയുടെ  നടീൽ വസ്‌തുക്കളും വിതരണം ചെയ്‌തു.  കൂടാതെ കന്നുകാലി വളർത്തൽ, കോഴിവളർത്തൽ, മീൻ വളർത്തൽ തുടങ്ങിയ പദ്ധതികളും നടപ്പാക്കി വരുന്നു.‌  ബാണാസുര സാഗർ,   കാരപ്പുഴ പദ്ധതി പ്രദേശങ്ങളിൽ 50 ഏക്കർ വീതം തരിശുഭൂമിയിൽ കൃഷിയിറക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്‌. ‌  
കോവിഡ്‌ അതിജീവനത്തിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയിലൂടെ   വീണ്ടെടുക്കുന്നത്‌  ഭക്ഷ്യ സുരക്ഷ മാത്രമല്ല. ജില്ലയുടെ നഷ്‌ടമായ പരിസ്ഥിതിയും കാർഷിക പെരുമയും കൂടിയാണ്‌. വന്യമൃഗ ഭീഷണിയും സാമ്പത്തിക നഷ്ടവും കാരണം തരിശിട്ട പാടങ്ങളെല്ലാം കതിരണിഞ്ഞു.  കർഷക കൂട്ടായ്‌മകൾ,  സ്വാശ്രയസംഘങ്ങൾ യുവാക്കൾ വിദ്യാർഥികൾ, സർക്കാർ ജീവനക്കാർ, തുടങ്ങി ആബാലവൃദ്ധം ജനത    ആവേശപൂർവം കൃഷി ചെയ്‌തത്‌ വയൽനാടിന്റെ വീണ്ടെടുപ്പിന്‌ വഴിയൊരുക്കി.    വിഷം  തളിക്കാത്ത  ശുദ്ധമായ പച്ചക്കറികളും മറ്റ്‌ ഭക്ഷ്യോൽപ്പന്നങ്ങളും ഉത്‌പ്പാദിപ്പിക്കുന്നതോടൊപ്പം‌  ഇടനിലക്കാരുടെ ചൂഷണത്തിൽനിന്നും കർഷകരെയും ഗുണഭോക്താക്കളെയും മോചിപ്പിക്കാൻ കൂടി ലക്ഷ്യമിട്ടാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. ‌  
തദ്ദേശ സ്ഥാപനങ്ങൾ വഴി 14.32 കോടി രൂപയുടെ പദ്ധതികൾ 
സുഭിക്ഷ കേരളം പദ്ധതിയിൽ   ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി   14.32 കോടി രൂപയുടെ പദ്ധതികളാണ്‌ നടപ്പാക്കുന്നത്‌. ‌    കൃഷി പ്രോത്സാഹനം 3.63  കോടി, മത്സ്യകൃഷി  വ്യാപനം‌  7.81 കോടി , മൃഗസംരക്ഷണം‌ 2.02 കോടി ,  ക്ഷീര വികസനം  86 ലക്ഷം എന്നിങ്ങനെയാണ്‌  തുക വകയിരുത്തിയത്‌.
സാമ്പത്തിക സഹായം ഇങ്ങനെ
 മൂന്നു വർഷത്തിലധികമായി കാർഷിക പ്രവർത്തികൾ ചെയ്തിട്ടില്ലാത്തതോ പൂർണമായി കൃഷിക്ക് ഉപയോഗിക്കാത്ത പുരയിടമോ തരിശായി കണക്കാക്കിയാണ്‌  സുഭിക്ഷ കേരളം പദ്ധതിയിൽ ആനുകൂല്യം നൽകുന്നത്‌.   നെല്ല്, മരച്ചീനി ഉൾപ്പെടെയുള്ള കിഴങ്ങു വർഗങ്ങൾ, വാഴപ്പഴം ഉൾപ്പെടെയുള്ള ഫല വർഗങ്ങൾ, പച്ചക്കറികൾ, ചെറു ധാന്യങ്ങൾ എന്നിവ പദ്ധതി പ്രകാരം കൃഷി ചെയ്യാം.  നെൽകൃഷിക്ക്‌ മാത്രം കർഷകന്‌ ഒരു ഹെക്ടറിന്‌ 35,000 രൂപയും ഉടമക്ക്‌ 5000 രൂപയും സഹായം നൽകുന്നുണ്ട്‌. പാട്ടത്തിന് കൃഷി ചെയ്യുമ്പോൾ ഉടമക്കും കർഷകനും ധനസഹായം ലഭിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top