29 March Friday

സ്കിൽ ഫുൾ അസാപ് കേന്ദ്രം

അജ്‌നാസ്‌ അഹമ്മദ്‌Updated: Monday Oct 3, 2022
 
മാനന്തവാടി
തൊഴിൽ നൈപുണ്യമുള്ള ഉദ്യോഗാർഥികളെ വാർത്തെടുക്കാൻ ഒരുങ്ങി അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക്. മാനന്തവാടി തോണിച്ചാലിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ്(അഡീഷണൽ സ്കിൽ അക്വസിഷൻ പ്രോഗ്രാം) സെന്ററിൽ  നവീന കോഴ്‌സുകൾക്കും പരിശീലനത്തിനും പദ്ധതികളായി. ജില്ലയിലെ തൊഴിൽ പരിശീലനത്തിന്റെ ഹബ്ബായി സ്‌കിൽ പാർക്ക്‌ മാറും.
2020ൽ ഉദ്‌ഘാടനം ചെയ്‌തെങ്കിലും കോവിഡിൽ പ്രവർത്തനം കുരുങ്ങി. മാറിയ സാഹചര്യത്തിൽ കുതിപ്പിനൊരുങ്ങുകയാണ്‌. 
തൊഴിൽ നൈപുണ്യ വികസന പ്രവർത്തനങ്ങൾക്കൊപ്പം സാംസ്‌കാരിക കേന്ദ്രമെന്ന ലക്ഷ്യവുമുണ്ട്‌. ബഹുജനങ്ങളെയും ഇതോടൊപ്പം ചേർക്കും. ചുരുങ്ങിയ സമയത്തിൽ കൂടുതൽപേർക്ക്‌ തൊഴിൽ വൈധഗ്‌ധ്യം നൽകുകയാണ്‌. 
 
തുടക്കം ഇങ്ങനെ
മാനന്തവാടി ഗവ. കോളേജിന്റ  ഭാഗമായിരുന്ന ഒരേക്കറിൽ  2016ലാണ് പാർക്കിന്റ നിർമാണം ആരംഭിക്കുന്നത്‌. 27,000 സ്‌ക്വയർഫീറ്റലിലാണ്‌  കെട്ടിടം നിർമിച്ചത്‌. ആറ്‌  ട്രയ്നിങ് ഹാൾ, രണ്ട്‌ അഡ്മിനിസ്ട്രേറ്റീവ് റൂം,  ഡിജിറ്റൽ ലൈബ്രറി, സോളാർ ലാബ്‌, ഹെവി മെഷിനറി റൂം, ഇലക്ട്രിക്കൽ ഹോം ഓട്ടോമേഷൻ ലാബ്, സോളാർ ലാബ്, കോൺഫറൻസ്‌ ഹാൾ തുടങ്ങിയ സൗകര്യങ്ങളോടെ അത്യാധുനിക നിലവാരത്തിലാണ്‌ നിർമിതി. സംസ്ഥാനത്തെതന്നെ ഏറ്റവും വലിയ സ്‌കിൽ പാർക്കുകളിൽ ഒന്നാണ്‌. 14 കോടി രൂപയാണ്‌ വിനിയോഗിച്ചത്‌. നിർമാണം പൂർത്തിയാക്കി  2020 മുഖ്യമന്ത്രി പിണറായി വിജയൻ പാർക്ക്‌ നാടിന്‌ സമർപ്പിച്ചു. ഒരേസമയം മുന്നൂറ് പേർക്ക് 24 മണിക്കൂറും പരിശീലനം നൽകാനാവും.
 
 ‘ടാറ്റാ പവർ’ പങ്കാളിത്തം
കോവിഡിൽ സേവനങ്ങളും കോഴ്സുകളും ആരംഭിക്കാൻ നേരിട്ട പ്രയാസം മറികടന്ന്‌ വലിയ സാധ്യതകളിലേക്ക്‌ ചവടുവെയ്‌ക്കുകയാണ്‌. പൊതു–-സ്വകാര്യ പങ്കാളിത്വത്തോടെയുള്ള  പദ്ധതികളാണ് ആവിഷ്ക്കരിച്ചിട്ടുള്ളത്.   ‘ടാറ്റാ പവർ’  സ്കിൽ പാർക്കിനോടൊപ്പം ചേർന്നിട്ടുണ്ട്‌. വലിയ തൊഴിൽ സാധ്യതകളാണ്‌ ടാറ്റ തുറക്കുന്നത്‌. 
കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്വത്തിന്റെ(സിഎസ്ആർ)  ഭാഗമായുള്ള ടാറ്റ പവറിന്റെ ഫണ്ടും  സേവനങ്ങളും  ഉപയോഗപ്പെടുത്തും. ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്‌,   യൂത്ത് ഡെവലപ്പ്മെന്റ്‌ മൊഡ്യൂൾ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ കോഴ്സുകൾ ടാറ്റാ പവറുമായി സഹകരിച്ച് ഒക്ടോബറിൽ ആരംഭിക്കും. മൂന്ന് കോഴ്സുകളിലായി ഇതിനകം  അമ്പത്‌പേർ പഠിച്ച് പുറത്തിറങ്ങി. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top