27 April Saturday

മുഖം രക്ഷിക്കാൻ രാജി;
സംരക്ഷിച്ചത്‌ നേതൃത്വം

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023
 
കൽപ്പറ്റ
പുൽപ്പള്ളി സഹകരണ ബാങ്കിൽ കോൺഗ്രസ് നേതാക്കൾ നടത്തിയ വായ്പ തട്ടിപ്പിനിരയായി കർഷകൻ ജീവനൊടുക്കിയ സംഭവത്തിൽ അറസ്‌റ്റിലായ കെ കെ അബ്രഹാം കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു. ജയിലിൽനിന്നാണ്‌ കെപിസിസി നേതൃത്വത്തിന്‌ രാജിക്കത്ത്‌ നൽകിയത്‌. തട്ടിപ്പിന്‌ സമ്പൂർണ പിന്തുണയാണ്‌ ഇതുവരെ  കോൺഗ്രസ്‌ നേതൃത്വം നൽകിയിരുന്നത്‌.  അബ്രഹാം അറസ്‌റ്റിലായതോടെ മുഖം രക്ഷിക്കുന്നതിന്റെ ഭാഗമയാണ്‌ രാജിവയ്‌പിച്ചത്‌. വായ്‌പ തട്ടിപ്പ്‌ അന്വേഷിക്കാൻ സർക്കാർ സഹകരണ വകുപ്പിന്റെ പ്രത്യേക അന്വേഷക സംഘത്തെ നിയോഗിച്ചതും രാജിക്ക്‌ കാരണമായി. 
അബ്രഹാം ബാങ്ക്‌ പ്രസിഡന്റായിരിക്കുമ്പോഴാണ്‌  എട്ടരകോടിയോളം രൂപയുടെ വായ്‌പ തട്ടിപ്പ്‌ നടത്തിയത്‌. അഴിമതി പുറത്തുവന്നപ്പോഴും സഹകരണ വകുപ്പ്‌ സർചാർജ്‌ നടപടികൾ ആരംഭിച്ചപ്പോഴും കെപിസിസിയും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അടക്കമുള്ളവരും അബ്രഹാമിനെ സംരക്ഷിക്കുകയും ഉയർന്ന പദവികൾ നൽകുകയുമായിരുന്നു.  തട്ടിപ്പിൽ വിജിലൻസ്‌ അന്വേഷണം നടക്കുമ്പോഴാണ്‌ കെപിസിസി ജനറൽ സെക്രട്ടറിയാക്കിയത്‌. ഇത്‌ അബ്രഹാമിനെ കോൺഗ്രസ്‌ സംരക്ഷിക്കുമെന്ന വ്യക്തമായ സന്ദേശമായിരുന്നു.  ഇതോടെ അബ്രഹാമിനെതിരെ നേതൃത്വത്തിന്‌ പരാതി നൽകിയവർ പിൻവലിഞ്ഞു. വായ്പ തട്ടിപ്പിനിരയായ കർഷകർ പലതവണ ഡിസിസി, കെപിസിസി നേതൃത്വത്തിനും പ്രതിപക്ഷ നേതാവിനും പരാതി നൽകിയെങ്കിലും  ചെറുവിരൽ അനക്കിയില്ല. അബ്രഹാമിനെതിരെ പരസ്യപ്രസ്‌താവന നടത്തിയ പ്രാദേശിക നേതാക്കൾക്കെതിരെ നടപടിയെടുക്കുകയാണ്‌ കോൺഗ്രസ്‌ ചെയ്‌തത്‌. ഡിസിസി പ്രസിഡന്റായിരുന്ന ഐ സി ബാലകൃഷ്‌ണൻ എംഎൽഎയെ  തട്ടിപ്പിനിരയായവർ പലതവണ നേരിൽ കണ്ട്‌ പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ല. അബ്രഹാമിന്റെ ബിനാമിയായി ബാങ്കിൽനിന്ന്‌ കോടികൾ തട്ടിയ സജീവൻ കൊല്ലപ്പള്ളിക്കും കോൺഗ്രസ്‌ ഉന്നതപദവി നൽകി. സേവാദൾ മണ്ഡലം ഭാരവാഹിയായിരുന്ന ഇയാളെ ജില്ലാ വൈസ്‌ ചെയർമാനാക്കി. തട്ടിപ്പിന്‌ കൂട്ടുനിൽക്കുകയും സഹകരണ വകുപ്പിന്റെ അന്വേഷണത്തിൽ കുറ്റക്കാരനെന്ന്‌ കണ്ടെത്തുകയും ചെയ്‌ത വി എം പൗലോസിനെ പുൽപ്പള്ളി മണ്ഡലം പ്രസിഡന്റാക്കി. തട്ടിപ്പ്‌ പുറത്തുവന്നപ്പോൾ കെപിസിസി അന്വേഷണ കമീഷനെവച്ച്‌ ആളുകളുടെ കണ്ണിൽ പൊടിയിട്ടു. ഒരു ശിക്ഷാ നടപടിയും ഉണ്ടായില്ല. പകരം പ്രതികൾക്ക്‌ ഉന്നത പദവികൾ നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top