29 March Friday
രാത്രി ബസ്സില്ല

മേപ്പാടി–മുണ്ടക്കൈ റൂട്ടിൽ യാത്രാദുരിതം

വെബ് ഡെസ്‌ക്‌Updated: Friday Feb 3, 2023
മേപ്പാടി 
മേപ്പാടി-–-മുണ്ടക്കൈ റൂട്ടിൽ ബസ് സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. രാത്രി 7.50ന് മുണ്ടക്കൈയിലേക്കുള്ള അവസാന ട്രിപ്പ് നടത്തിയിരുന്ന ഏക സ്വകാര്യ ബസ് 2019ലെ പുത്തുമല പ്രളയത്തിനുശേഷം നിർത്തലാക്കിയതാണ് യാത്രാദുരിതത്തിന് പ്രധാന കാരണം. വൈകിട്ട്‌ 6.40 കഴിഞ്ഞാൽ മുണ്ടക്കൈ ഭാഗത്തേക്ക് ബസ് ഇല്ലാത്തതാണ് ജനങ്ങളെ കുഴക്കുന്നത്. അവസാന ബസ് നഷ്ടപ്പെട്ടാൽ പിന്നെ രാത്രി 8.40ന് കൽപ്പറ്റയിൽനിന്നുള്ള കെഎസ്ആർടിസി ബസ് ഒമ്പതോടെ മേപ്പാടി എത്തുന്നതുവരെ കാത്തിരിക്കേണ്ട അവസ്ഥയാണ്. 
ചൂരൽമല -മുണ്ടക്കൈ -അട്ടമല ഭാഗത്തെ വിദ്യാർഥികൾക്കും യാത്രക്ലേശം രൂക്ഷമാണ്. വലിയ ജനവാസമേഖലയായ പ്രദേശത്ത് ബസ് സർവീസുകളുടെ കുറവ് സ്ത്രീകൾക്കും വലിയ യാത്രാപ്രയാസമാണ് ഉണ്ടാക്കുന്നത്. പലരും ജോലി കഴിഞ്ഞെത്തുന്ന സമയത്ത് ബസ് ഉണ്ടാവില്ല. സ്വകാര്യ ടാക്സി വാഹനങ്ങളെ ആശ്രയിക്കണമെങ്കിൽ ദിവസവും വലിയ തുക മുടക്കണം. വൈകുന്നേരത്തെ ബസ് കൽപ്പറ്റയിൽനിന്ന് 6.10ന് എടുക്കും. മേപ്പാടിയിൽ എത്തുന്ന സമയം ബസ്സിൽ തിരക്കായിരിക്കും.  
വിവിധ ആവശ്യങ്ങൾക്ക് കൽപ്പറ്റ, മേപ്പാടി ടൗണുകളിൽ വരുന്നവരും ജോലിക്ക് പോകുന്നവരുടെയും രാത്രിയിലെ ആശ്രയമായിരുന്നു സ്വകാര്യ ബസ്. നിർത്തിവച്ച സർവീസ് പൂർണമായും പുനരാരംഭിക്കണമെന്നും കൽപ്പറ്റയിൽനിന്ന്‌ പ്രദേശത്തേക്ക് കൂടുതൽ ബസ്സുകൾ അനുവദിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. റൂട്ടിൽ ബസ് സർവീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം ചൂരൽമല ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ആർടിഒക്ക് പരാതി നൽകിയിട്ടുണ്ട്. 
പ്രൈവറ്റ് ബസ് ട്രിപ്പ് പുനരാരംഭിക്കാനുള്ള നടപടിയുണ്ടാകണമെന്ന് കെഎസ്‌കെടിയു ചൂരൽമല മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top