29 March Friday
മാനന്തവാടി കൃഷി അസി. ഡയരക്ടർ ഓഫീസിലെ തിരിമറി

കാഷ്വൽ സ്വീപ്പറെ പുറത്താക്കി

വെബ് ഡെസ്‌ക്‌Updated: Thursday Dec 2, 2021
 
മാനന്തവാടി
  കർഷകർക്ക്‌ നൽകേണ്ട ആനുകൂല്യങ്ങൾ തിരിമറി നടത്തിയ കേസിൽ മാനന്തവാടി കൃഷി അസി. ഡയറക്ടർ ഓഫീസിലെ കാഷ്വൽ സ്വീപ്പർ  ടി ഉഷയെ  അസി. ഡയറക്ടർ കെ കെ രാമുണ്ണി തൽസ്ഥാനത്തു‌നിന്ന്‌ നീക്കി‌. 
 പണം വെട്ടിച്ച  കേസിൽ വിജിലൻസ്‌ കഴിഞ്ഞ ദിവസം അറസ്‌റ്റ്‌ ചെയ്‌ത അന്നത്തെ അസി. ഡയരക്ടർ ബാബു അലക്സാണ്ടർ റിമാൻഡിലാണ്‌. 
    ഇവർ രണ്ടുപേരും  ചേർന്ന്‌ തട്ടിപ്പ്‌ നടത്തിയതായി ഫിനാൻസ്‌ വകുപ്പ്‌ നടത്തിയ ഓഡിറ്റിൽ കണ്ടെത്തിയിരുന്നു. 1.26 കോടി രൂപയുടെ വെട്ടിപ്പാണ്‌ നടത്തിയത്‌. തട്ടിയെടുത്ത പണത്തിൽ ഒരു ഭാഗം ബാബു അലക്‌സാണ്ടർ ഉഷയുടെ അക്കൗണ്ടിലേക്ക്‌ മാറ്റിയതായി ഫിനാൻസ് വിഭാഗം നടത്തിയ പരിശോധനയിൽ തെളിഞ്ഞിരുന്നു.  
ഈ സാഹചര്യത്തിൽ ഇവരെ  സർവീസിൽ തുടരാൻ അനുവദിക്കരുതെന്ന്    പ്രിൻസിപ്പൽ കൃഷി ഓഫീസർ, കൃഷി ഡയറക്ടർ, ഫിനാൻസ് ഉദ്യോഗസ്ഥർ എന്നിവർ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കെ കെ രാമുണ്ണി പറഞ്ഞു. 
    2013 ഡിസംബർ ആറ്‌ മുതലാണ്‌ തട്ടിപ്പ്‌ തുടങ്ങിയത്‌. കർഷകർക്കു‌ വേണ്ടി സർക്കാർ നടപ്പാക്കുന്ന പല പദ്ധതികളും നടപ്പാക്കിയതായി വ്യാജ രേഖയുണ്ടാക്കിയാണ്‌ പണം തട്ടിയത്‌. സ്ഥാപനങ്ങളുടെ  വ്യാജ ബില്ലുകൾ സംഘടിപ്പിച്ച്‌ പണം മാറിയെടുത്തു.  
ഓഫീസ്‌ ചെലവുകളിൽ കൃത്രിമം കാണിച്ചു.  പരിശീലന പരിപാടികളിൽ കൂടുതൽ ആളുകൾ പങ്കെടുത്തതായി കൃത്രിമ രേഖയുണ്ടാക്കി. ബാബു അലക്സാണ്ടർ ഔദ്യോഗിക അക്കൗണ്ടുകളിൽ നിന്ന്‌  3,30,000 രൂപ ഉഷയുടെയും മറ്റൊരു ജീവനക്കാരനായ ശ്രീനിവാസന്റെയും അക്കൗണ്ടിലേക്ക്‌ മാറ്റിയതായി ഫിനാൻസ്‌ ഓഡിറ്റിൽ കണ്ടെത്തിയിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top