26 April Friday

‘‘അടുത്ത മയ ആവുമ്പോളേക്ക്‌ എങ്കക്കും നല്ല പിര കിട്ടും’’

വെബ് ഡെസ്‌ക്‌Updated: Wednesday Dec 2, 2020
കൽപ്പറ്റ
‘‘അടുത്ത  മയ ആവുമ്പോളേക്ക്‌ എങ്കക്കും നല്ല പിര കിട്ടും. ആണയുളാ ഏക്ക്‌ ചമാധാനം.  ബൊള്ളത്തി കെടക്കണ്ടല്ലോ. യങ്കക്കെല്ലാം ചന്തോശായുളാ. ’’
കോട്ടത്തറ വൈശ്യൻ കോളനിയിലെ ലീലയുടെ വാക്കുകളിൽ  ആശ്വാസം.  മുഖത്ത്‌ പ്രതീക്ഷയുടെ പുതുവെട്ടം.  അടുത്ത മഴ കാലത്തെങ്കിലും ‌ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയാതെ അടച്ചുറപ്പുള്ള   സ്വന്തം വീടുകളിൽ തന്നെ മനസമാധാനത്തോടെ കിടന്നുറങ്ങാമല്ലോ എന്ന ആശ്വാസമാണ്‌ ഈ കോളനിയിലെ മുഴുവൻ പേരും പങ്ക്‌ വെക്കുന്നത്‌.
എല്ലാ മഴക്കാലവും കോളനിക്കാർ ആശങ്കയോടെയാണ്‌ കഴിച്ച്‌ കുട്ടുക.   മഴ കനത്താൽ ചെറിയ പുഴ കരകവിഞ്ഞൊഴുകി കോളനിയെ പൂർണ്ണമായും വിഴുങ്ങും. വെള്ളത്തിൽ ഒഴുകി നടക്കുന്ന പാത്രങ്ങളും തുണിയുമെല്ലാം  വാരിപ്പെറുക്കി കോട്ടത്തറ ഗവ ഹൈസ്‌കൂളിലേക്ക്‌  ‌ താമസം മാറും. 
 ദിവസങ്ങൾ കഴിഞ്ഞ്‌ മടങ്ങിയെത്തുമ്പോളേക്കും പ്രളയം നക്കിത്തുടച്ച കൂരകളിൽ    എല്ലാം ശൂന്യമായിരിക്കും.   കൊളവയൽ കോളനിയിലും സമാന അവസ്ഥയാണ്‌. 
ഈ രണ്ട്‌ കോളനിവാസികളുടെ ഈ ദുരവസ്ഥക്ക്‌ പരിഹാരമാവുകയാണ്‌. അടുത്ത മഴ കാലത്തിന്‌ മുമ്പ്‌ ഇവരെ  പുനരധിവസിപ്പിക്കാൻ വെങ്ങപ്പളളി പുതുക്കുടികുന്നിൽ വീട്‌  നിർമാണം തുടങ്ങി.സംസ്ഥാന സർക്കാർ വിലയ്‌ക്ക്‌ വാങ്ങിയ   7 ഏക്കർ ഭൂമിയിൽ 61 വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്‌.   
വൈശ്യൻ കോളനിയിലെ 18 ,  കൊളവയലിലെ  9 കുടുംബങ്ങളെയാണ്‌ ഇവിടെ പുനരധിവസിപ്പിക്കുന്നത്‌. കൂടാതെ വെങ്ങപ്പള്ളിയിലെ വിവിധ കോളനികളിൽ വീടില്ലാത്ത കുടുംബങ്ങളെയും  ഈ കോളനിയിൽ പുനരധിവസിപ്പിക്കും. ജില്ല നിർമിതി കേന്ദ്രമാണ്‌ വീട്‌ നിർമിക്കുന്നത്‌. 
അടുത്ത മാർച്ചിൽ ഈ   വീടുകളിലേക്ക്‌ കോളനിക്കാരെ മറ്റാൻ കഴിയുമെന്ന്‌ നിർമിതി കേന്ദ്രം അധികൃതർ  അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top