20 April Saturday
പോഷകബാല്യം പദ്ധതിക്ക്‌ തുടക്കം

ഇനിയും കിട്ടുമോ ടീച്ചറേ...

വെബ് ഡെസ്‌ക്‌Updated: Tuesday Aug 2, 2022
 
കൽപ്പറ്റ
‘ഉച്ചയ്‌ക്ക്‌ വയറുനിറച്ച്‌ ചോറുണ്ടതാണ്‌. പിന്നേം ടീച്ചർ എന്താണാവോ ഉണ്ടാക്കുന്നത്‌’. കൗതുകം ആകാംക്ഷയായതോടെ കുരുന്നുകൾ ടീച്ചർക്ക്‌ വട്ടംകൂടി. പോകുംമുമ്പ്‌ കുടിക്കാനുള്ള പാലാണെന്ന്‌ അറിഞ്ഞതോടെ പുഞ്ചിരി വിടർന്നു. 67-ാം നമ്പർ പച്ചിലക്കാട് മിച്ചഭൂമിയിലെ കൂട്ടുകാർ പരസ്‌പരം നോക്കി. അൽപ്പനേരം കഴിഞ്ഞതോടെ സ്‌നേഹത്തോടെ ടീച്ചർ കുരുന്നുകൾക്ക്‌ പാൽനൽകി.  ‘ഇത് ഇനിയും കിട്ടുമോ’ എന്ന ചിലരുടെ ചോദ്യം ടീച്ചറെയും ചിരിപ്പിച്ചു. പാൽ മാത്രമല്ല വരും ദിവസങ്ങളിൽ മുട്ടയും ലഭിക്കുമെന്നറിഞ്ഞപ്പോൾ കുരുന്നുകളുടെ സന്തോഷം ഇരട്ടിയായി.   
സംസ്ഥാന സർക്കാരിന്റെ പോഷകബാല്യം പദ്ധതിപ്രകാരമാണ്‌ ജില്ലയിലെ 832   അങ്കണവാടികളിൽ പാലും മുട്ടയും നൽകുന്നത്‌.  കൂടാതെ 42 മിനി അങ്കണവാടികളിലും പദ്ധതി നടപ്പാക്കും.  6438കുട്ടികൾക്ക് തിങ്കൾ പാൽ വിതരണം ചെയ്തു. മിൽമ, പ്രാദേശിക ക്ഷീര സൊസൈറ്റി, കുടുംബശ്രീ, ക്ഷീരകർഷകർ എന്നിവർ വഴിയാണ് പദ്ധതിക്കാവശ്യമായ പാൽ അങ്കണവാടികളിൽ നേരിട്ട് എത്തിക്കുന്നത്. 
ആഴ്ചയിൽ രണ്ടുദിവസം വീതം മുട്ടയും പാലും നൽകും. പാൽ തിങ്കൾ, വ്യാഴം ദിവസങ്ങളിലും  ചൊവ്വ, വെള്ളി ദിവസങ്ങളിൽ മുട്ടയുമാണ്. മൂന്നുമുതൽ ആറുവരെയുള്ളവർക്കാണ് പോഷകാഹാരം.   
മുത്താറി കുറുക്ക്, ഉച്ചഭക്ഷണം (എല്ലാദിവസവും), വൈകുന്നേരങ്ങളിൽ തിങ്കൾ, ചൊവ്വ–-ഉപ്പുമാവ്, ബുധൻ, വ്യാഴം–-പായസം, വെള്ളി, ശനി ദിവസങ്ങളിൽ–-പോഷകാഹാരങ്ങളും നിലവിൽ നൽകുന്നുണ്ട്. തേൻകണം പദ്ധതിയിലൂടെ ചൊവ്വ, വെള്ളി ദിവസങ്ങളിൽ ഒരു കുട്ടിക്ക് ആറുതുള്ളി തേനും നൽകുന്നു. ഇതിനുപുറമെയാണ് പുതിയ പദ്ധതി. ആദിവാസി വിഭാഗങ്ങൾ കൂടുതലുള്ള ജില്ലയിൽ സർക്കാരിന്റെ പുതിയ പോഷകഹാര പദ്ധതി ഏറെ ഗുണകരമാവും. കണിയമ്പറ്റ പഞ്ചായത്തിലെ തേർവാടിക്കുന്ന്‌ അങ്കണവാടിയിൽ ഐസിഡിഎസ് സെൽ പ്രോഗ്രാം ഓഫീസർ ടി ഹഫ്സത്ത്‌ ജില്ലാതല ഉദ്‌ഘാടനം  നിർവഹിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top