19 April Friday

രോഗികൾ 218 ആശങ്കയൊഴിയാതെ വാളാട്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 2, 2020
 
വാളാട്
രോഗ വ്യാപനം ഭീതി  വിതച്ച വാളാട്‌ ശനിയാഴ്ച 26 പേർക്ക്‌  കൂടി കോവിഡ്  സ്ഥിരീകരിച്ചു.   ഇതോടെ  മരണാനന്തര വിവാഹ ചടങ്ങുകളുമായി ബന്ധപ്പെട്ട്  ഈ പ്രദേശത്ത് മാത്രം കോവിഡ് ബാധിച്ചവരുടെ എണ്ണം 218   ആയി ഉയർന്നു.         മൂന്ന് കുട്ടികളടക്കം 11 പുരുഷന്മാർക്കും  15 സ്ത്രീകൾക്കുമാണ്‌ ശനിയാഴ്‌ച രോഗം സ്ഥിരീകരിച്ചത്‌. ഇവിടെ  ഇതിനകം  1952 പേരുടെ സ്രവം പരിശോധിച്ചു.  കൂടംകുന്ന്, അമ്പലക്കുന്ന്, പ്രശാന്തഗിരി, വാളാട് ടൗൺ എന്നിവിടങ്ങളിലാണ് പ്രത്യേക സ്രവ പരിശോധന ക്യാമ്പുകൾ നടന്നത്.  രണ്ടു ദിവസം മുമ്പ് രണ്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പ്രശാന്തഗിരിയിൽ സ്രവ പരിശോധന നടത്തിയത്‌.  മറ്റ്‌ പലയിടങ്ങളിലായി  നടന്ന ആന്റിജൻ പരിശോധനയിൽ ശനിയാഴ്ച പത്തു പേർക്ക് പോസിറ്റീവാണ്.
വാളാട് രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കപട്ടിക  ജില്ലയിലെങ്ങും വ്യാപിച്ച്‌ കിടക്കുന്നതിനാൽ ജില്ലയുടെ പല ഭാഗത്തും രോഗവ്യാപനവും ഉണ്ടായിട്ടുണ്ട്‌.
വാളാട്ടെ സമ്പർക്കപട്ടികയിലുള്ള   വെള്ളമുണ്ട സ്വദേശികളായ രണ്ടുപേർ (56, 46), കരിങ്കുറ്റി സ്വദേശികളായ രണ്ടുപേർ(49, 15), എടവക സ്വദേശി (71). എന്നിവർക്കും കോവിഡ്‌പരിശോധനഫലം പോസിറ്റീവായി.  
പൊലീസ്‌ സേനാംഗങ്ങൾക്ക്‌  ആന്റിബോഡി ടെസ്‌റ്റ്‌
പൊലിസ്‌  സേനാംഗങ്ങൾക്കുള്ള കൊവിഡ് 19 ആന്റിബോഡി ടെസ്റ്റിന് ജില്ലയിൽ തുടക്കമായി. മാനന്തവാടി പൊലീസ് സ്റ്റേഷനിൽ ആദ്യ ക്യാമ്പ് നടത്തി.  അഡീഷണൽ പൊലീസ് മേധാവി വി ഡി വിജയൻ   ഉദ്ഘാടനം ചെയ്തു. ഞായറാഴ്‌ച ബത്തേരിയിലും തിങ്കളാഴ്‌ച കൽപ്പറ്റയിലും ടെസ്‌റ്റ്‌ നടക്കും.  എറണാകുളം പൊലീസ് ഹൗസിങ്‌ സഹകരണ സംഘത്തിന്റെയും,സ്റ്റേറ്റ് പൊലീസ് വെൽഫയർ ബ്യൂറോയും ചേർന്നാണ്‌ ടെസ്‌റ്റ്‌ നടത്തുന്നത്‌.  ജില്ലയിലെ മുഴുവൻ  സോനാംഗങ്ങൾക്കും പരിശോധനയുണ്ടാവും.  മാനന്തവാടി ഡിവൈഎസ്‌പി എ പി ചന്ദ്രൻ, എസ് ഐ ബിജു ആന്റണി, കെപിഎ സംസ്ഥാന പ്രസിഡന്റ്‌ സണ്ണി ജോസഫ്, ജില്ലാ പ്രസിഡന്റ്‌ എൻ ബഷീർ ,  പി സി സജീവ് എന്നിവർ  സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top