18 April Thursday
വൻകിട സ്ഥാപനങ്ങളുടെ തൊഴിലാളിവിരുദ്ധ നീക്കം

ചുമട്ട്‌ തൊഴിലാളികൾ 
പ്രതിഷേധത്തിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022
 
കൽപ്പറ്റ
വൻകിട സ്ഥാപന ഉടമകളുടെ തൊഴിലാളിവിരുദ്ധ നീക്കത്തിനെതിരെ ജില്ലയിൽ തൊഴിലാളികളുടെ ശക്തമായ പ്രതിഷേധം. ചുമട്ട്‌ തൊഴിലാളി ക്ഷേമനിധി ബോർഡിനെയും തൊഴിൽവകുപ്പിനെയും നോക്കുകുത്തിയാക്കുന്ന വൻകിട സ്ഥാപനങ്ങൾക്കെതിരെ വരുംദിവസങ്ങളിൽ സമരം ശക്തമാക്കും. ക്ഷേമനിധി ബോർഡിൽ അംഗങ്ങളായി സ്ഥിരമായി തൊഴിലെടുക്കുന്ന കാർഡുള്ള ചുമട്ട്‌ തൊഴിലാളികളുടെ തൊഴിൽ ഇല്ലാതാക്കുന്ന നീക്കമാണ്‌ ചില സ്ഥാപന ഉടമകളിൽനിന്ന്‌ ഉണ്ടാവുന്നതെന്ന്‌ തൊഴിലാളികൾ പറഞ്ഞു. ടി പി ടൈൽസ്‌, പുതുതായി ആരംഭിച്ച കൽപ്പറ്റയിലെ നെസ്‌റ്റോ സൂപ്പർ മാർക്കറ്റ്‌ എന്നിവ ഉൾപ്പടെയുള്ള ചില സ്ഥാപന ഉടമകൾ മറ്റു തൊഴിലാളികൾക്ക്‌ അറ്റാച്ച്‌ഡ്‌ കാർഡ്‌ നൽകി ചുമട്ട്‌ തൊഴിൽകൂടി എടുപ്പിക്കുകയാണ്‌. ചുമട്ട്‌ തൊഴിൽ മാത്രം ആശ്രയിച്ച്‌ കുടുംബം പോറ്റുന്ന നൂറുകണക്കിന്‌ കുടുംബങ്ങളെയാണ്‌ ഈ രീതിയിൽ ദ്രോഹിക്കുന്നത്‌. 
തൊഴിലാളി സംഘടനകളും ഹൈപ്പർമാർക്കറ്റ്‌ സ്ഥാപന ഉടമകളും തമ്മിലുണ്ടാക്കിയ കരാർപ്രകാരം കമ്പനി വണ്ടിവഴി വരുന്ന സാധനങ്ങൾ മാർക്കറ്റ്‌ അധികൃതർക്ക്‌ കയറ്റാനും ഇറക്കാനും മറ്റുള്ളവ തൊഴിലാളികൾക്ക്‌ നൽകാനും ധാരണയായിരുന്നു. ഹൈപ്പർമാർക്കറ്റ്‌ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ അഞ്ച്‌ ശതമാനത്തിൽ താഴെ മാത്രമേ എത്തൂ എന്നും ഉടമകൾ അറിയിച്ചതായി തൊഴിലാളികൾ പറഞ്ഞു. എന്നാൽ പിന്നീട്‌ ഭൂരിഭാഗം വാഹനങ്ങളും കമ്പിനിയുടേത്‌ മാത്രമായി മാറി. ഇതോടെയാണ്‌ നെസ്റ്റോയ്‌ക്ക്‌ മുന്നിൽ തൊഴിലാളികൾ സമരം ആരംഭിച്ചത്‌. പൊലീസ്‌ അധികൃതരുമായി നടത്തിയ ചർച്ചയിൽ അമ്പത്‌ ശതമാനം ലോഡ്‌ തൊഴിലാളികൾക്ക്‌ നൽകാമെന്ന ധാരണയിലേക്ക്‌ നീങ്ങിയെങ്കിലും ഉടമകൾ പാലിച്ചില്ലെന്ന്‌ തൊഴിലാളികൾ പറഞ്ഞു. 
പ്രശ്‌നം കോടതിയിലെത്തിച്ച്‌ നിയമകുരുക്കിലാക്കി തൊഴിലാളികളെ വേട്ടയാടാനും തൊഴിൽ ഉടമകൾ ശ്രമിക്കുന്നുണ്ട്‌. കക്ഷിരാഷ്‌ട്രീയ ഭേദമന്യേ സംയുക്ത തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ ഹൈപ്പർ മാർക്കറ്റിന്‌ മുന്നിൽ തൊഴിലാളികൾ സമരം ആരംഭിച്ചിട്ടുണ്ട്‌. 13ന്‌ ജില്ലയിലെ മുഴുവൻ ചുമട്ട്‌ തൊഴിലാളികളെ സംഘടിപ്പിച്ച്‌ ജില്ലയിൽ മാർച്ച്‌ നടത്താനും സംയുക്ത തൊഴിലാളി യൂണിയൻ തീരുമാനിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top