18 April Thursday

നറുതേൻ മണമായി തിരുനെല്ലി എസ്‌ടി സംഘം

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022
കൽപ്പറ്റ
വനവിഭവ ശേഖരണത്തിലൂടെ ‌ സഹകരണ മേഖലയിൽ സ്വന്തമായി ഇടം കണ്ടെത്തിയ തിരുനെല്ലി എസ്‌ടി സഹകരണസംഘത്തിന്‌ സംസ്ഥാനതല അവാർഡ്‌ തിളക്കം. 2020–-21 മികച്ച പ്രവർത്തനത്തിനുള്ള സഹകരണ വകുപ്പിന്റെ സംസ്ഥാനതല  അവാർഡാണ്‌ സംഘത്തിന്‌ ലഭിച്ചത്‌. ‌ പട്ടികജാതി/പട്ടികവർഗ സഹകരണസംഘ വിഭാഗത്തിൽ മൂന്നാം സ്ഥാനത്തെത്തി. 25,000 രൂപയാണ്‌ പുരസ്‌കാരം. 
     സംഘങ്ങളുടെ വിറ്റുവരവ്‌, ലാഭം, അംഗങ്ങൾ, പ്രവർത്തനങ്ങളിലെ വൈവിധ്യം എന്നിവയെല്ലാം പരിഗണിച്ചാണ്‌ അവാർഡ്‌. സംഘത്തിലെ അംഗങ്ങൾ വഴി വനവിഭവങ്ങളായ തേൻ, കുറുന്തോട്ടി, കൽപാശം, ചീനിക്ക, പാടക്കിഴങ്ങ്‌, ചെറുതേൻ, തേൻ മെഴുക്‌, കടുക്ക, താനിക്ക എന്നിവയെല്ലാം ശേഖരിച്ച്‌  സംഘത്തിന്റെ സംസ്ഥാനതല ശൃംഖലകൾ വഴി വിപണനം നടത്തുകയാണ്‌. പട്ടികവർഗ ക്ഷേമപദ്ധതികൾ ആവിഷ്‌കരിച്ച്‌ നടപ്പാക്കൽ, അംഗങ്ങൾക്ക്‌ കൃഷിക്ക്‌ സഹായം നൽകൽ, കൈത്തൊഴിൽ, നെയ്‌ത്ത്‌ എന്നിവ പ്രോത്സാഹിപ്പിക്കൽ, തേനീച്ച വളർത്തൽ, കോഴി വളർത്തൽ, ക്ഷീരവ്യവസായം പ്രോത്സാഹിപ്പിക്കൽ  തുടങ്ങിയവയെല്ലാം സംഘത്തിന്റെ  പ്രവർത്തനങ്ങളാണ്‌. 
    1975ൽ രജിസ്‌റ്റർ ചെയ്‌ത സ്ഥാപനത്തിൽ നിലവിൽ 1546 അംഗങ്ങളാണുള്ളത്‌. കഴിഞ്ഞ സാമ്പത്തിക വർഷം 1.14 കോടി രൂപ വിറ്റുവരവും 15 ലക്ഷം രൂപ ലാഭവും നേടി. കാട്ടിൽനിന്ന്‌ ശേഖരിക്കുന്ന തേൻ ശുദ്ധീകരിച്ച്‌  വിപണിയിലെത്തിക്കുന്നതിന്‌  ‘ഹണി പ്രൊസസിങ്‌’ യൂണിറ്റിനുള്ള നടപടികളായി.  പ്രവർത്തനം ഉടൻ ആരംഭിച്ച്‌ ഔട്ട്‌ലെറ്റുകൾ വഴി തേൻ വിൽപ്പന നടത്തും. എൻ രാഘവൻ പ്രസിഡന്റായ ഭരണസമിതിയാണ്‌ നിലവിൽ.  ഇ എസ്‌ സുനോജ്‌ സെക്രട്ടറിയുമാണ്‌. ശനിയാഴ്‌ച കോട്ടയത്തെ ചടങ്ങിൽ സഹകരണമന്ത്രി വി എൻ വാസവൻ അവാർഡ്‌ നൽകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top