20 April Saturday
75 ശതമാനം പൂത്തിയായി

ജില്ലയിൽ നെല്ല്‌ സംഭരണം അവസാനഘട്ടത്തിൽ

വെബ് ഡെസ്‌ക്‌Updated: Thursday Feb 2, 2023
കൽപ്പറ്റ
ഈ വർഷത്തെ നഞ്ച സീസൺ നെല്ല്‌ സംഭരണം അവസാനഘട്ടത്തിലേക്ക്‌. ജനുവരി ആദ്യവാരത്തോടെയാണ്‌ സംഭരണം സജീവമായത്‌. ജനുവരി 30 വരെയുള്ള കണക്ക്‌ പ്രകാരം പതിനായിരം മെട്രിക്‌ ടൺ നെല്ലാണ്‌ സപ്ലൈകോ സംഭരിച്ചത്‌. 6200 കർഷകരാണ്‌ നെല്ല്‌ നൽകിയത്‌. 75 ശതമാനം സംഭരണമാണ്‌ പൂർത്തിയായത്‌. ബത്തേരി ബ്ലോക്കിൽ നെല്ല്‌ സംഭരണം ഏതാണ്ട്‌ പൂർത്തിയായി. മാനന്തവാടി, പനമരം, കൽപ്പറ്റ ബ്ലോക്കിന്‌ കീഴിലാണ്‌ സംഭരണം പുരോഗമിക്കുന്നത്‌. രണ്ടാഴ്‌ചക്കുള്ളിൽ സംഭരണം പൂർത്തിയാവും. 
നെല്ല്‌ നൽകി മൂന്നാഴ്‌ച പിന്നിട്ടിട്ടും പണം ലഭ്യമാകാത്തത്തിൽ കർഷകർക്ക്‌ പ്രതിഷേധമുണ്ട്‌. അതേസമയം  പൊതുവിപണിയേക്കാൾ എട്ട്‌ രൂപ കൂടുതൽ നൽകിയാണ്‌ സപ്ലൈകോ നെല്ല്‌ ശേഖരിക്കുന്നത്‌ ആശ്വാസമാണെന്നും കർഷകർ പറഞ്ഞു. പല കർഷകരും പുഞ്ചകൃഷിയിലേക്ക്‌ കടന്നുകഴിഞ്ഞു. ഇതിന്‌ പണം ആവശ്യമുണ്ടെന്നാണ്‌ കർഷകർ പറയുന്നത്‌. 
കേന്ദ്രസർക്കാർ നെല്ല്‌ സംഭരണത്തിനായി അനുവദിക്കുന്ന തുക പൂർണമായി ‌ ലഭിച്ചിട്ടില്ല. സംസ്ഥാന സർക്കാർ ഇടപെട്ട്‌ നെല്ല്‌ സംഭരണത്തിനായി കേരള ബാങ്ക്‌ വഴി സപ്ലൈകോക്ക്‌ വായ്‌പനൽകാൻ തീരുമാനമായിട്ടുണ്ട്‌.   7.65 ശതമാനം പലിശക്കാണ്‌ തുക അനുവദിക്കുക. ഇതോടെ കർഷകർക്ക്‌ അധികംവൈകാതെ തുക ലഭ്യമാവും. 
കഴിഞ്ഞവർഷം നഞ്ച, പുഞ്ച സീസണിലായി 17,000 മെട്രിക്‌ ടൺ നെല്ല് സംഭരിച്ചിരുന്നു. പദ്ധതിയിൽ രജിസ്റ്റർചെയ്ത കർഷകരുടെ നെല്ലാണ്‌ സപ്ലൈകോ സംഭരിക്കുന്നത്‌. 2022–- 23 സീസണിലെ നെല്ലിന്റെ സംഭരണ വില കിലോഗ്രാമിന് 28.32 രൂപയാണ്  നൽകുന്നത്‌. പൊതുവിപണിയിൽ 20–-21 രൂപയാണ്‌ വില. കഴിഞ്ഞ സീസണിൽ 27.48 രൂപക്കായിരുന്നു സംഭരണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top