26 April Friday

തുരങ്കപാതയിൽ 
അപ്പച്ചനെ തള്ളി സിദ്ദിഖ്‌

വെബ് ഡെസ്‌ക്‌Updated: Sunday Jan 2, 2022
കൽപ്പറ്റ
ഡിസിസി നിലപാടിനെതിരെ എംഎൽഎ തന്നെ രംഗത്തുവന്നതോടെ ആനക്കാംപൊയിൽ –-മേപ്പാടി തുരങ്കപാതക്കെതിരെയുള്ള കോൺഗ്രസ്‌ നീക്കം പാളുന്നു. തുരങ്കപാതക്കെതിരെ  വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധ സമരങ്ങളുമായി കോൺഗ്രസ് രംഗത്ത് വരുമെന്ന്‌  ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ പ്രഖ്യാപനം നടത്തി രണ്ടാഴ്‌ച പിന്നിടുന്നതിനിടയിലാണ്‌ കോൺഗ്രസ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കൂടിയായ ടി സിദ്ധിഖ്‌ എംഎൽഎ ഡിസിസി നിലപാട്‌ തള്ളിയത്‌. യഥാർഥ്യബോധത്തോടെ പദ്ധതിയെ സമീപിക്കുമെന്നും സർക്കാരിന്റെ പദ്ധതിക്ക്‌ വിഘാതമായി നിൽക്കില്ലെന്നും എംഎൽഎ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പദ്ധതി വേണ്ട എന്ന അഭിപ്രായമില്ല, വികസനത്തിലെ പ്രധാന  ആവശ്യകതയാണ്‌ തുരങ്കപാത.  സർക്കാർ പദ്ധതിയുമായി മുന്നോട്ട്‌ പോവുകയാണ്‌. പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാവുന്നില്ലെങ്കിൽ   തുരങ്കപാത എതിർക്കേണ്ട കാര്യമില്ല. ഇതാണ്‌ നിലപാടെന്നും സിദ്ധിഖ്‌ പറഞ്ഞു. 
    പാരിസ്ഥിതിക ദുർബല പ്രദേശത്ത്‌ കൂടി മല തുരന്ന്‌ പാത നിർമിക്കാനുള്ള പദ്ധതിക്കെതിരെ ശക്തമായി രംഗത്തിറങ്ങുമെന്ന്‌  ഡിസിസി പ്രസിഡന്റ്‌ നേരത്തേ പറഞ്ഞിരുന്നു. പദ്ധതി  ഉപേക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ട എൻ ഡി അപ്പച്ചൻ ഇതുൾപ്പടെയുള്ള വിഷയങ്ങൾ ഉയർത്തി സമര പ്രഖ്യാപന കൺവൻഷൻ നടത്തുമെന്നും പറഞ്ഞിരുന്നു. ഇതിന്‌ നേരെ വിപരീതമായാണ്‌ സിദ്ദിഖിന്റെ നിലപാട്‌. 
   ജില്ലയുടെ വികസനത്തിന്‌ തുരങ്കം വെയ്‌ക്കുന്ന നീക്കം ഗുണം ചെയ്യില്ലെന്ന തിരിച്ചറിവാണ്‌ കോൺഗ്രസിന്റെ മനം മാറ്റത്തിന്‌ കാരണം. പദ്ധതി പ്രദേശങ്ങളിലെ വലിയൊരുവിഭാഗം ജനങ്ങളും പദ്ധതിക്കായി നിലകൊള്ളുന്നുണ്ട്‌. പ്രാദേശിക കോൺഗ്രസ്‌ നേതൃത്വവും വികസനത്തിനൊപ്പം നിൽക്കണമെന്ന നിലപാടിലാണ്‌. ഇതോടെയാണ്‌ എംഎൽഎ ഉൾപ്പടെയുള്ളവർക്ക്‌ വികസവിരുദ്ധ നീക്കത്തിൽനിന്നും പിൻവാങ്ങേണ്ടി വന്നത്‌. വിഷയത്തിൽ തന്റെ നിലപാട്‌ തള്ളി എംഎൽഎ രംഗത്ത്‌ വന്നത്‌ എൻ ഡി അപ്പച്ചനും വൻ തിരിച്ചടിയായി. ആദിവാസി യുവതിയെ അപമാനിച്ച സംഭവത്തിൽ കോൺഗ്രസിൽ അപ്പച്ചനെതിരെ  ശക്തമായ വികാരം നിലനിൽക്കെയാണ്‌ തുരങ്കപാത വിഷയത്തിലും  പിന്തുണ നഷ്‌ടമാവുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top