18 December Thursday

നിയന്ത്രണംതെറ്റി വാഹനങ്ങൾ വീട്ടിലേക്ക്‌; 
ഉറക്കമില്ലാതെ ബാപ്പുവിന്റെ കുടുംബം

വെബ് ഡെസ്‌ക്‌Updated: Sunday Oct 1, 2023

അപകടം നടന്ന കാപ്പംകുന്നത്ത്‌ ഭാഗം

കൽപ്പറ്റ 
വീട്ടിലേക്ക്‌ ഏത്‌ നിമിഷവും നിയന്ത്രണംതെറ്റി വാഹനം കുതിച്ചെത്താമെന്നതിനാൽ ഉറക്കംനഷ്ടപ്പെട്ട്‌ ഒരു കുടുംബം. പടിഞ്ഞാറത്തറ–-- കൽപ്പറ്റ റോഡിലെ പുഴമുടി പാലത്തിന് സമീപം കാപ്പംകുന്നത്ത്‌ നിരന്തരമുണ്ടാകുന്ന അപകടങ്ങളിലാണ്‌ കാരി ബാപ്പുവിനും കുടുംബത്തിനും ഉറക്കമില്ലാതായത്. നിരവധി അപകടങ്ങളാണ് പുഴമുടി പാലത്തിന് സമീപമുള്ള കൊടുംവളവിൽ സംഭവിക്കുന്നത്. റോഡരികിൽനിന്ന്‌ പത്തടിയോളം താഴെ താമസിക്കുന്ന ബാപ്പുവിന്റെ വീട്ടിലേക്കാണ് മിക്കപ്പോഴും നിയന്ത്രണംതെറ്റി വാഹനങ്ങൾ പതിക്കുന്നത്. സെപ്തംബറിൽ തന്നെ രണ്ട് അപകടങ്ങളുണ്ടായി. വ്യാഴം രാത്രി പത്തോടെ കാർ വീടിന്റെ മുറ്റത്തേക്ക് തലകീഴായി മറിഞ്ഞതാണ്‌ അവസാന അപകടം. കാവുമന്ദം സ്വദേശികളായ രണ്ടുപേർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ഒമ്പതിന്‌ ഉണ്ടായ അപകടത്തിൽ ജീപ്പ് വീട്ടുമുറ്റത്തെ മരത്തിൽ ഇടിച്ചുനിന്നു. 
 മേയിൽ ബൈക്ക്‌ വീടിന്റെ സൺഷെയിഡിലാണ്‌ പതിച്ചത്‌.
രാത്രിയിലും പുലർച്ചെയുമാണ് കൂടുതലും അപകടമുണ്ടാകുന്നത്.
പടിഞ്ഞാറത്തറ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്കാണ് കൂടുതൽ അപകടസാധ്യത. ഇറക്കത്തിൽനിന്ന് വളവുതിരിയുന്ന വാഹനങ്ങൾക്ക് നിയന്ത്രണം ലഭിക്കാതെ വരുന്നു. ബ്രേക്ക് ചവിട്ടിയാലും നിരങ്ങിനീങ്ങി മറിയുന്നു. സ്ഥലത്തെ വളവിനെക്കുറിച്ച് അറിയാത്തവരാണധികവും അപകടത്തിൽപ്പെടുന്നത്. സൂചനാ ബോർഡുകളോ അപകട സാധ്യത ഇല്ലാതാക്കാനുള്ള സംവിധാനങ്ങളോ പ്രദേശത്തില്ല. ഈ വളവ്‌ കഴിഞ്ഞാൽ പുഴയാണ്‌. വാഹനങ്ങൾ പുഴയിൽ പതിക്കുകയാണെങ്കിൽ വലിയ ദുരന്തത്തിനും സാധ്യതയുണ്ട്.  
അപകടം പറ്റുന്നവരെ ബാപ്പുവും അയൽവീട്ടിലുള്ളവരുമാണ്‌ ആശുപത്രിയിൽ എത്തിക്കുന്നത്‌. മുറ്റത്ത് കിണറുണ്ട്. അപകടത്തിൽപ്പെടുന്ന വാഹനങ്ങൾ ഇതിൽ പതിച്ചാൽ വലിയ ദുരന്തമുണ്ടാകും. വലിയ വാഹനമിടിച്ച്‌ വീട്‌ പൂർണമായും തകരുമോയെന്ന ഭയം ഇവർക്കുണ്ട്. രാത്രിയിൽ റോഡിൽനിന്ന് വാഹനങ്ങളുടെ ശബ്ദം കേട്ടാൽ ഭയം തുടങ്ങിയെന്ന് ബാപ്പു പറയുന്നു. വീടിനുമുകളിൽ പ്രവർത്തിക്കുന്ന പലചരക്കുകടയാണ്‌ ബാപ്പുവിന്റെ വരുമാനമാർഗം. കൽപ്പറ്റ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്കും വളവിൽ അപകടസാധ്യതയേറെയാണ്.  മാസങ്ങൾക്കുമുമ്പ്  റോഡരികിലെ വൈദ്യുതത്തൂണുകൾ വാഹനമിടിച്ച് പൊട്ടിയിരുന്നു. പുഴമുടി മുതൽ വെങ്ങപ്പള്ളിക്ക് സമീപമുള്ള സ്വകാര്യ മരമില്ലുവരെയുള്ള രണ്ടര കിലോമീറ്റർ ഭാഗങ്ങൾ സ്ഥിരം അപകടമേഖലയാണ്. 
 നൂറുകണക്കിന് വാഹനങ്ങൾ ദിവസേന സഞ്ചരിക്കുന്ന പാതയാണിത്. പ്രശ്‌നം പരിഹരിക്കാൻ സുരക്ഷാ സംവിധാനം ഒരുക്കണമെന്നാണ്‌ വീട്ടുകാരുടെ ആവശ്യം.   

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top