കൽപ്പറ്റ
മണിയങ്കോട് പാലത്തിലെ ഡിവൈഡറിൽ പൊലീസ് വാഹനം ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ കൽപ്പറ്റ സ്റ്റേഷനിലെ നാല് പൊലീസുകാർക്ക് പരിക്ക്. ശനി പുലർച്ചെ ഒന്നിനായിരുന്നു അപകടം. രാത്രി നിരീക്ഷണത്തിന്റെ ഭാഗമായി മണിയങ്കോട് ഭാഗത്ത് എത്തിയതായിരുന്നു പൊലീസുകാർ. തിരിച്ച് പോകുമ്പോൾ പാലത്തിനടുത്തുവച്ച് വാഹനത്തിന് കുറുകെ എന്തോ ജീവി ചാടി. ബ്രേക്കിട്ടെങ്കിലും ഡിവൈഡറിൽ ഇടിച്ച് വാഹനം തലകുത്തിമറിഞ്ഞു. നല്ല മഴയും ഉണ്ടായിരുന്നു. അതുവഴിപോയ വെണ്ണിയോട് സ്വദേശിയുടെ കാറിലാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. ജീപ്പിന്റെ പിറകിലിരുന്ന പൊലീസുകാരന് കണ്ണിന് ഗുരുതര പരിക്കേറ്റു. ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാൾക്ക് തലയുടെ ഭാഗത്ത് പൊട്ടലുണ്ട്. ബാക്കിയുള്ളവർ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു.
രണ്ട് പതിറ്റാണ്ട് മുമ്പ് നിർമിച്ച മണിയങ്കോട് അമ്പലത്തിന് സമീപത്തെ പാലം യാത്രക്കാർക്ക് അപകട ഭീഷണിയാണ്. പാലത്തിന് നടുവിലായി സ്ഥാപിച്ച ചെറു കോൺക്രീറ്റ് ഭിത്തികളാണ് വാഹന യാത്രക്കാർക്ക് പ്രശ്നമാകുന്നത്. വാഹനങ്ങൾ ഭിത്തിയിൽതട്ടി അപകടത്തിൽ പെടുന്നത് പതിവാണ്. വീതികുറഞ്ഞ ചെറിയപാലമായിരുന്നു ആദ്യമുണ്ടായിരുന്നത്. ഇടുങ്ങിയ പാലത്തിന് പരിഹാരമായി പാലത്തിന് വീതികൂട്ടി പുതിയ പാലം നിർമിച്ചെങ്കിലും നഗരസഭ തുറന്നുകൊടുത്തിട്ടില്ല. പഴയ ഇടുങ്ങിയ പാലത്തിലൂടെ തന്നെയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. സാങ്കേതിക തകരാർമൂലമാണ് പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിടാത്തതെന്ന് നഗരസഭാ അധികൃതർ പറയുന്നത്. പുതിയ പാലത്തിന്റെ സാങ്കേതികപ്രശ്നം പരിഹരിച്ച് ഗതാഗതയോഗ്യമാക്കാൻ ബന്ധപ്പെട്ടവർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. നിരവധിതവണ നഗരസഭാ കൗൺസിലിൽ ഉന്നയിക്കുകയും പരാതിനൽകുകയും ചെയ്തെങ്കിലും ഒരു പരിഹാരവും ഉണ്ടായിട്ടില്ലെന്ന് വാർഡ് കൗൺസിലർ എം കെ ഷിബു പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..