കൽപ്പറ്റ
സാമൂഹ്യനന്മയ്ക്കായി യുവജനങ്ങളുടെ സേവനം കൂടുതൽ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിൽ ജാഗ്രതാസഭക്ക് രൂപംനൽകി. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യുവജന കമീഷൻ ചെയർമാൻ എം ഷാജർ ജാഗ്രതാ സഭാ രൂപീകരണം ഉദ്‌ഘാടനംചെയ്‌തു. നാടിന്റെ ക്ഷേമത്തിനായി യുവജനതയെ ശാക്തീകരിക്കുമെന്ന് ഷാജർ പറഞ്ഞു. എല്ലാ കലാലയങ്ങളിലും യുവജന കമീഷന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും. ലഹരി തുടങ്ങിയ സാമൂഹിക വിപത്തുകൾ തടയുന്നതിനായി യുവജനങ്ങളുടെ പിന്തുണ അത്യന്താപേക്ഷിതമാണെന്നും ഷാജർ പറഞ്ഞു.
ജില്ലയിലെ വിദ്യാർഥി, യുവജന സംഘടനാ പ്രതിനിധികൾ, സർവകലാശാല, കോളേജ് യൂണിയൻ ഭാരവാഹികൾ, നാഷണൽ സർവീസ് സ്‌കീം, എൻസിസി പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തിയാണ് ജാഗ്രതാസഭ രൂപീകരിച്ചത്. യുവജനങ്ങളുടെ മാനസികാരോഗ്യവും കർമശേഷിയും ഉയർത്തുന്ന പദ്ധതികൾ ആവിഷ്‌കരിക്കുക, ലഹരിയിൽനിന്ന് യുവതയെ സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ജാഗ്രതാസഭ പ്രവർത്തിക്കുക. യുവജന കമീഷൻ അംഗം കെ റഫീഖ് അധ്യക്ഷനായി. കമീഷനംഗം കെ കെ വിദ്യ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പ്രകാശ് പി ജോസഫ്, ജില്ലാ കോ ഓർഡിനേറ്റർമാരായ കെ ജറീഷ്, ആദർശ് എം ആനന്ദ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..