08 December Friday
ദേശാഭിമാനി ആലിക്ക്‌ അന്ത്യാഞ്‌ജലി

വിടപറഞ്ഞത്‌ മാതൃകാ പൊതുപ്രവർത്തകൻ

വെബ് ഡെസ്‌ക്‌Updated: Sunday Oct 1, 2023
പനമരം
കമ്യൂണിസ്‌റ്റ്‌ പാർടിയുടെ പനമരത്തെ ആദ്യകാല പ്രവർത്തകനും ദേശാഭിമാനിയുടെ ഏജന്റുമായ പനമരം ചങ്ങാടക്കടവ്‌ കൊടക്കാട്ട് ആലിക്ക്‌ നാടിന്റെ വിട. വെള്ളി രാത്രി പന്ത്രണ്ടോടെ മേപ്പാടിയിലെ മൂപ്പൻസ്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലായിരുന്നു അന്ത്യം. 
പനമരത്ത്‌ പാർടി കെട്ടിപ്പടുക്കുന്നതിൽ മുൻനിരയിൽനിന്ന്‌ പ്രവർത്തിച്ചു. 1984ൽ സിപിഐ എം അംഗമായതുമുതൽ ദേശാഭിമാനിയുടെ ഏജന്റുമായി. പനമരത്ത്‌ കമ്യൂണിസ്‌റ്റ്‌ പാർടി പ്രവർത്തനം അനുവദിക്കാതിരുന്ന  കാലത്താണ്‌ പാർടി അംഗമായത്‌.  ശക്തരായിരുന്ന രാഷ്ട്രീയ എതിരാളികളുടെ കായികമായ അക്രമണവും ഒറ്റപ്പെടുത്തലും അതിജീവിച്ചാണ്‌ പാർടി പ്രവർത്തനം നടത്തിയത്‌. ഉന്തുവണ്ടി കച്ചവടമായിരുന്നു ജീവിതമാർഗം. ഇതിന്‌ രാഷ്ട്രീയ എതിരാളികൾ സമ്മതിക്കാതെ വന്നപ്പോൾ  പാർടി നേതൃത്വത്തിൽ പനമരം പാലത്തിനടുത്ത് ഉന്തുവണ്ടി സ്ഥാപിച്ച്‌ കച്ചവടം തുടങ്ങി. കച്ചവടം പനമരം പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സിലേക്ക്‌ മാറ്റിയപ്പോൾ കടയ്‌ക്ക്‌ ദേശാഭിമാനിയെന്ന പേര്‌ നൽകി. പിന്നീട്‌ ദേശാഭിമാനി ആലിയെന്ന്‌ അറിയപ്പെട്ടു. പത്രവും മറ്റുപ്രസിദ്ധീകരണങ്ങളും വിതരണം ചെയ്‌തു. കിലോമീറ്ററുകളോളം നടന്ന്‌ പത്രം വിതരണംചെയ്‌തു.  പനമരം ലോക്കൽ കമ്മിറ്റി അംഗമായും ദീർഘകാലം പരക്കുനി ബ്രാഞ്ച്‌ സെക്രട്ടറിയായും പ്രവർത്തിച്ചു. നിലവിൽ പരക്കുനി ബ്രാഞ്ച്‌ അംഗമാണ്‌. ക്ഷേമപെൻഷൻ ഉൾപ്പെടെയുള്ള ഏതാവശ്യങ്ങൾക്കും അപേക്ഷ തയ്യാറാക്കാൻ പനമരത്തുകാർ എത്തിയിരുന്നത്‌ ആലിയുടെ ദേശാഭിമാനി സ്‌റ്റാളിലായിരുന്നു. എത്രതിരക്കിലും അപേക്ഷ എഴുതി നൽകുമായിരുന്നു. നൂറുകണക്കിനുപേർക്കാണ്‌ പെൻഷൻ ശരിയാക്കി നൽകിയത്‌. ദ്രോഹിച്ചവർപോലും പിന്നീട്‌ ആദരവോടെ കണ്ടു. 
സിപിഐ എം  ജില്ലാ സെക്രട്ടറിയായിരുന്ന  പി എ മുഹമ്മദിനെ പനമരത്ത്‌ മുസ്ലിംലീഗുകാർ ആക്രമിച്ചപ്പോൾ ചെറുക്കാൻ മുൻനിരയിൽ  ആലി ഉണ്ടായിരുന്നു. 
നൂറുകണക്കിനുപേർ അന്തിമോപചാരമർപ്പിച്ചു. സിപി ഐ എം പനമരം ഏരിയാ സെക്രട്ടിറയുടെ എ ജോണിയുടെ നേതൃത്വത്തിൽ മൃതദേഹത്തിൽ പാർടി പതാക പുതപ്പിച്ചു.   ശനി രാവിലെ പത്തോടെ  പനമരം വലിയ ജുമാമസ്‌ജിദ്‌ കബർസ്ഥാനിൽ കബറടക്കി. സിപിഐ എം ജില്ലാ സെക്രട്ടറി പി ഗാറിനും പനമരത്തെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top