12 July Saturday
69 വീടുകളുടെ മേൽക്കൂരയടക്കം പൂർത്തിയായി

പരൂർകുന്നിലെ സ്വപ്‌നഭവനങ്ങൾ 
യാഥാർഥ്യത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 1, 2021

പരൂർകുന്നിൽ നിർമാണം പൂർത്തിയാവുന്ന വീടുകൾ

 
കൽപ്പറ്റ
പരൂർകുന്നിൽ ആദിവാസി കുടുംബങ്ങൾക്കായുള്ള ഭവനങ്ങൾ പൂർത്തീകരണത്തിലേക്ക്‌. കാരാപ്പുഴ പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ടവർക്കായി ആദ്യഘട്ടത്തിൽ നിർമിക്കുന്ന  ഭവനങ്ങളിൽ ഭൂരിഭാഗവും നിർമാണത്തിന്റെ അവസാനഘട്ടത്തിലാണ്‌. കാരാപ്പുഴയുടെ തീരത്ത് പ്രകൃതിരമണീയമായ സ്ഥലത്താണ്‌ സ്വപ്‌നഭവനങ്ങൾ ഉയരുന്നത്‌. 
ആദിവാസി പുനരധിവാസ വികസന മിഷന്റെ(ടിആർഡിഎം)ഫണ്ട് ഉപയോഗിച്ച് ജില്ലാ മണ്ണ് സംരക്ഷണ വകുപ്പാണ് വീടുകൾ നിർമിക്കുന്നത്.  230 വീടുകളിൽ ആദ്യഘട്ടത്തിൽ 109 വീടുകളുടെ നിർമാണമാണ് നടക്കുന്നത്‌. ഇതിൽ 69 എണ്ണം മേൽക്കൂരയടക്കം പൂർത്തിയായി. ഫ്‌ളോറിങ്‌, വയറിങ് എന്നിവയും ചില മിനുക്കുപണികളുമാണ്‌ ബാക്കി നിൽക്കുന്നത്‌. 
 26‌ ‌എണ്ണം ലിൻഡൽ പൊക്കത്തിലെത്തി. 13 എണ്ണം തറയും കെട്ടി. ഏപ്രിലോടെ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരുന്ന നിർമാണം കോവിഡ്‌ രണ്ടാം തരംഗത്തെ തുടർന്നും ഫണ്ട്‌ ലഭ്യമാകുന്നതിലെ കാലതാമസവും കാരണം തടസ്സപ്പെട്ടു. പദ്ധതിക്കായി കൂടുതൽ തുക രണ്ടുദിവസംമുമ്പ്‌ അനുവദിച്ചതോടെ നിർമാണം വരും ദിവസങ്ങളിൽ ദ്രുതഗതിയിലാവും. 
      വീടുനിർമാണത്തിനായി വനം വകുപ്പാണ്‌ 13.5 ഹെക്ടർ ഭൂമി വിട്ടു നൽകിയത്‌. ആറുകോടി 60 ലക്ഷം രൂപയാണ്‌ നിർമാണച്ചെലവ്‌. ‌4 കോടി 39 ലക്ഷം രൂപ ഇതിനകം അനുവദിച്ചുകഴിഞ്ഞു. 477 ചതുരശ്ര അടി വിസ്‌തൃതിയിലുള്ള കോൺക്രീറ്റ് വീടിന്‌ 40 ചതുരശ്ര അടിയിൽ ഷീറ്റ് മേഞ്ഞ വർക്ക് ഏരിയയും പണിയുന്നുണ്ട്. റോഡ്, വൈദ്യുതി, കുടിവെള്ളം, തെരുവുവിളക്കുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.
 ഒരു വീടിന്‌ ആറുലക്ഷം രൂപ വീതമാണ്‌ അനുവദിച്ചിട്ടുള്ളത്‌. ഒക്‌ടോബർ അവസാനത്തോടെ എല്ലാ വീടുകളും പൂർത്തീകരിച്ച്‌ കൈമാറാനാണ്‌ അധികൃതർ ഒരുങ്ങുന്നത്‌. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top