29 March Friday

മൂന്നരക്കോടിയുടെ കണക്കെവിടെയെന്ന്‌ പ്രവർത്തകർ: ഉത്തരമില്ലാതെ നേതൃത്വം

സ്വന്തം ലേഖകൻUpdated: Sunday Aug 1, 2021
 കൽപ്പറ്റ> വയനാട്ടില്‍ രണ്ട്‌ ദിവസങ്ങളിലായി ചേർന്ന  ബിജെപി ഭാരവാഹി യോഗത്തിൽ  നേതൃത്വത്തിനെതിരെ കടുത്ത വിമർശനം. തെരഞ്ഞെടുപ്പ്‌ പ്രവർത്തനത്തിന്‌ ബത്തേരിയിലെത്തിച്ച മൂന്നരക്കോടി എവിടെയെന്ന ചോദ്യവുമായാണ്‌ സംസ്ഥാന നേതൃത്വത്തിനെതിരെ ജില്ലയിലെ  ഒരു വിഭാഗം   നേതാക്കൾ  ആഞ്ഞടിച്ചത്‌. സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്റെ അറിവോടെയാണ്‌  ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത്‌ മലവയലും മേഖലാ സെക്രട്ടറി സദാനന്ദനും  ചേർന്ന്‌ ‌ പണം കൈകാര്യം ചെയ്‌തതെന്ന്‌ ഒരു നേതാവ്‌ പറഞ്ഞു. കോഴ വിവാദം പാർടിയുടെ പ്രതിച്ഛായ തകർത്തതായും അഭിപ്രായമുയർന്നു. 3.5 കോടി രൂപ എത്തിച്ചിട്ടും തെരഞ്ഞെടുപ്പ്‌ പ്രവർത്തനത്തിന്‌ വിനിയോഗിച്ചത്‌ തുച്ഛമായ തുക മാത്രമാണ്‌. ഇതുസംബന്ധിച്ച്‌ പ്രശാന്ത്‌ പാർടിക്ക്‌ നൽകിയ കണക്ക്‌ ശരിയല്ല.   

 3.5 കോടി കിട്ടിയതിൽ 1.8 കോടി രൂപ ചെലവാക്കിയെന്നും ബാക്കി 1.7 കോടി രൂപ ബാലൻസുണ്ടെന്നും കാണിച്ച്‌ പ്രശാന്ത്‌  ചില ജില്ലാ  നേതാക്കൾക്ക്‌  മെയിൽ അയച്ചിരുന്നു. വിഷ്വൽ വാഹന പ്രചാരണത്തിന്‌  ചെലവാക്കിയ  അര ലക്ഷം രൂപ മാത്രം തനിക്ക് നൽകിയപ്പോൾ രണ്ടര ലക്ഷത്തിന്റെ കണക്കാണ് കാണിച്ചതെന്നും ഒരു ജില്ലാ നേതാവ് പരാതിപ്പെട്ടു.  

  79 ലക്ഷം രൂപ ചെലവായെന്ന മറ്റൊരു കണക്കുമുണ്ട്‌. ഇതിൽ ഏതാണ് ശരിയെന്ന് വ്യക്തമാക്കണം.  പ്രശാന്ത് മലവയലിന്റെ ഭൂമി ഇടപാട് സംബന്ധിച്ച് അന്വേഷണം നടത്തണം. തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹിയല്ലാതിരുന്നിട്ടുപോലും പ്രശാന്ത്‌ മലവയലിനെ പണം ഏൽപ്പിക്കുകയായിരുന്നു. ഇതിനെതിരെ പ്രതികരിച്ചവർ ഇപ്പോഴും പാർടിക്ക്‌ പുറത്താണ്‌.  സി കെ ജാനുവിനെ സംസ്ഥാന നേതൃത്വം കെട്ടിയിറക്കുകയായിരുന്നു. എന്നിട്ടും  ബത്തേരിയിൽ  ദയനീയ പരാജയം  ഏറ്റുവാങ്ങി ഇവർക്ക് കോഴനൽകിയെന്നതും പാർടിക്ക്‌ അവമതിപ്പുണ്ടാക്കി.  

നിയമസഭാ തെരഞ്ഞെടുപ്പിന്‌ വന്ന കനത്ത പരാജയത്തിന്റെയും കുഴൽപ്പണ വിവാദത്തിന്റെയും  പശ്‌ചാത്തലത്തിൽ  കാസർകോട്ട്‌  ചേർന്ന  സംസ്ഥാന കമ്മിറ്റി   എല്ലാ ജില്ലകളിലും  യോഗം വിളിച്ചുചേർക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ്‌   സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്‌, സംസ്ഥാന സെക്രട്ടറി പി രഘുനാഥ്‌,  മേഖലാ അധ്യക്ഷൻ ജയചന്ദ്രൻ എന്നിവർ ജില്ലയിലെത്തിയത്‌. 
ജില്ലാ, മണ്ഡലം, പഞ്ചായത്ത്‌, ഭാരവാഹികളും പോഷകസംഘടനാ ഭാരവാഹികളും ആദ്യകാല നേതാക്കളുമാണ്‌  തോണിച്ചാൽ പഴശ്ശി മന്ദിരത്തിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തത്. ‌

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top