20 April Saturday
അഴിമതി:

ജില്ലാ പഞ്ചായത്തിൽ 
മെഴുകുതിരി കത്തിച്ച് പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023
കൽപ്പറ്റ 
ജില്ലാ പഞ്ചായത്ത് ഹൈസ്കൂളുകളിലും ഹയർ സെക്കൻഡറി സ്കൂളുകളിലും നടപ്പിലാക്കിയ ശുചിമുറി നിർമാണത്തിലെ അഴിമതിയിൽ ശക്‌തമായ നടപടി ആവശ്യപ്പെട്ട്‌  പ്രത്യേക ഭരണസമിതിയോഗത്തിൽ എൽഡിഎഫ്‌ അംഗങ്ങളുടെ പ്രതിഷേധം.  അഴിമതിക്കാർക്കെതിരെ നടപടിയെടുക്കണമെന്ന എൽഡിഎഫ് അംഗങ്ങളുടെ ആവശ്യങ്ങൾ തള്ളിയതിനെതിരെ അഴിമതിക്കെതിരെ കണ്ണു തുറക്കൂ എന്ന മുദ്രാവാക്യമുയർത്തി മെഴുകുതിരി കത്തിച്ചും ധർണ നടത്തിയുമാണ്‌ എൽഡിഎഫ്‌ ഒന്നടങ്കം പ്രതിഷേധിച്ചത്‌. 
       ശുചിമുറി നിർമാണത്തിൽ അഴിമതി ഉയർന്നപ്പോൾ  നേരത്തേ   ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം വിഷയം ചർച്ച ചെയ്തിരുന്നില്ല. എൽഡിഎഫ് അംഗങ്ങൾ കേരള പഞ്ചായത്ത് രാജ് നിയമത്തിലെ യോഗനടപടിക്രമങ്ങൾ ചട്ടം ആറ് പ്രകാരം പ്രത്യേക ഭരണസമിതി യോഗം ചേരാൻ നോട്ടീസ് നൽകിയതിനെ തുടർന്നാണ്‌ ബുധനാഴ്ച പ്രത്യേക  ഭരണസമിതി യോഗം ചേർന്നത്‌. യോഗത്തിൽ പദ്ധതിയിൽ നടന്ന അഴിമതി തെളിവുകളുടെ അടിസ്ഥാനത്തിൽ എൽഡിഎഫ്‌ അംഗം സുരേഷ്‌ താളൂർ വിശദീകരിച്ചു. ചർച്ചക്ക് മറുപടി പറഞ്ഞ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌   അഴിമതിക്കാരായ ഉദ്യോഗസ്ഥരെയും അഴിമതിക്ക് നേതൃത്വം നൽകിയ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനെയും ന്യായീകരിക്കുകയായിരുന്നു. 
     ഗുണനിലവാരം കുറഞ്ഞ സാമഗ്രികൾ ഉപയോഗിച്ച് നടത്തിയ നിർമാണം  പൊളിച്ചു നീക്കുക, നിർവഹണ ഏജൻസിക്ക് നൽകിയ തുക തിരിച്ചുപിടിക്കുക, അഴിമതിക്ക് കൂട്ടുനിന്ന ഡിഡി ഓഫീസിലെ ഉദ്യോഗസ്ഥരുടെ പേരിൽ നടപടിക്ക് ശുപാർശ ചെയ്യുക, അഴിമതിയിൽ നേരിട്ട് പങ്കാളിത്തമുള്ള ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്റെ പേരിൽ കേസെടുക്കാൻ പൊലീസിനോട് ആവശ്യപ്പെടുക,  അഴിമതിയിൽ പങ്കാളിത്തമുള്ള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ രാജിവയ്‌ക്കുക എന്നീ  കാര്യങ്ങളാണ് ഭരണസമിതി യോഗത്തിൽ എൽഡിഎഫ്  ആവശ്യപ്പെട്ടത്. 
   
 
എൽഡിഎഫ്‌ ആവശ്യം തള്ളിയത്‌ കാസ്‌റ്റിങ്‌ വോട്ടിലൂടെ
പ്രത്യേക ഭരണസമിതി യോഗത്തിൽ എൽഡിഎഫ്‌ ഉന്നയിച്ച  ആവശ്യങ്ങൾ തള്ളിയത്‌ പ്രസിഡന്റിന്റെ കാസ്‌റ്റിങ്‌ വോട്ടിൽ. പ്രസിഡന്റ്‌ അഴിമതിയെ ന്യായീകരിച്ചതിനെ തുടർന്ന്‌ വിഷയത്തിൽ എൽഡിഎഫ്‌ വോട്ടിങ്‌ ആവശ്യപ്പെടുകയായിരുന്നു. വോട്ടിങ്ങിൽ അനുകൂലിച്ചും എതിർത്തും എട്ട് അംഗങ്ങൾ വീതം  വോട്ട് ചെയ്തു. തുടർന്ന്‌ അഴിമതിക്കാർക്കുനേരേ നടപടിയെടുക്കണമെന്ന ആവശ്യം കാസ്റ്റിങ് വോട്ട് ചെയ്ത് പ്രസിഡന്റ്‌ പരാജയപ്പെടുത്തുകയായിരുന്നു. തുടർന്നാണ് മെഴുകുതിരി കത്തിച്ച് പ്രതിഷേധം നടത്തിയത്. എന്നാൽ പ്രതിഷേധം തുടരുന്നതിനിടെ പ്രസിഡന്റിന്റെ നേതൃത്വത്തിൽ യുഡിഎഫ് അംഗങ്ങൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.   
തുടർന്ന്‌ എൽഡിഎഫ് അംഗങ്ങൾ ജില്ലാ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ നടത്തി. സുരേഷ് താളൂർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌  എസ് ബിന്ദു, ജുനൈദ് കൈപ്പാണി, എൻ സി പ്രസാദ്‌, ബിന്ദു പ്രകാശ്, എ എൻ സുശീല, കെ വിജയൻ, സിന്ധു ശ്രീധരൻ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top