കൽപ്പറ്റ
രാഹുൽ ഗാന്ധി എംപിയെ പാർലമെന്റിൽ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിനിടെ തമ്മിൽത്തല്ലിയ കോൺഗ്രസ്സുകാർക്കെതിരെ നടപടിയെടുക്കാനാകാതെ ജില്ലാ കോൺഗ്രസ് നേതൃത്വം. കഴിഞ്ഞ 24ന് വൈകിട്ട് ഡിസിസി നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിനിടെയായിരുന്നു തമ്മിൽത്തല്ല്. ജാഥയുടെ ഒരു ഭാഗത്തായിരുന്ന യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സാലി റാട്ടക്കൊല്ലിയെ കെപിസിസി അംഗം പി പി ആലി കഴുത്തിന് കുത്തിപ്പിടിച്ച് മർദിക്കുകയായിരുന്നു. തുടർന്ന് യൂത്ത് കോൺഗ്രസ് കൽപ്പറ്റ മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിലും മർദിച്ചു. ടി സിദ്ദീഖ് എംഎൽഎയുടെ സാന്നിധ്യത്തിലായിരുന്നു അക്രമം.
ജില്ലാ കോൺഗ്രസ് പ്രസിഡന്റ് എൻ ഡി അപ്പച്ചൻ ഉൾപ്പെടെയുള്ളവർ പി പി ആലിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന നിലപാടിലാണ്. എന്നാൽ, കെപിസിസി അംഗമായതിനാൽ സംസ്ഥാന നേതൃത്വമാണ് നടപടി എടുക്കേണ്ടതെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. അതേസമയം, സാലിയെ മർദിച്ച യൂത്ത് കോൺഗ്രസ് മണ്ഡലം നേതാവിനും പ്രവർത്തകർക്കുമെതിരെ നടപടിയെടുക്കാൻ വൈകുന്നതിൽ ഒരുവിഭാഗം നേതാക്കൾക്ക് അമർഷമുണ്ട്. വെള്ളിയാഴ്‌ച ജില്ലയിൽ എത്തിയ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനോട് ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചന്റെ നേതൃത്വത്തിൽ പരാതി ഉന്നയിച്ചു.
സംഭവത്തിൽ ജില്ലാ കോൺഗ്രസ് നേതൃത്വം സംഘടനാതലത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയിട്ടില്ല. ഡിസിസിയും കെപിസിസിയും അക്രമത്തിൽ അന്വേഷണം നടത്തുന്നതായാണ് നേതാക്കളുടെ വിശദീകരണം. എന്നാൽ, സംഭവം നടന്ന് ഒരാഴ്‌ച കഴിഞ്ഞിട്ടും അന്വേഷണം പൂർത്തിയായിട്ടില്ല. ഇത് അക്രമം നടത്തിയവരെ സംരക്ഷിക്കാനാണെന്ന് ഒരുവിഭാഗം ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് ഒരു വിഭാഗം കെ സി വേണുഗോപാലിനെ നേരിട്ടുകണ്ട് പരാതി ഉന്നയിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..