28 March Thursday

അതെ, നമ്മൾ ഇതും മറികടക്കും ചരിത്രം സാക്ഷ്യം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020
കൊറോണ കാലത്ത് പുറത്തിറങ്ങാത്തവരാണ് മികച്ച പൗരൻമാർ. അവരുടെ പൗരബോധമാണ് ഏറ്റവും ഉയർന്നത്. 
പക്ഷേ വീട്ടിലിരിക്കാൻ നിവൃത്തിയില്ലാത്ത നിലയിലാണ് ഞാനുൾപ്പെടെയുള്ള കുറച്ച് പേർ. 
പൊലീസ്, ആരോഗ്യം, റവന്യൂ, സിവിൽ സപ്ലൈസ്... തുടങ്ങിയ വകുപ്പുകളിലൊക്കെ ജോലി ചെയ്യുന്ന ജീവനക്കാർ. ഒപ്പം സന്നദ്ധ സേവനം ചെയ്യുന്നവരും. പതിവില്ലാത്ത വിധം അവധി ദിവസങ്ങളിലും കൂടി ജോലി ചെയ്യുന്ന ദിവസങ്ങൾ. 
വിവിധ ചെക്ക് പോസ്റ്റുകൾ, ചരക്ക് വാഹനപാസ് നൽകുന്ന ഇടങ്ങൾ ,കോവിഡ് കെയർ സെന്ററുകൾ, താലൂക്ക് ഓഫീസ് എന്നിവിടങ്ങളിലൊക്കെ വീതം വച്ച് പോവുന്ന ദിവസങ്ങൾ. 
നിർബന്ധിതമായ "വീട്ട് തടങ്ക'ലിനെ പല വിധത്തിൽ ആസ്വദിക്കുകയാണ് കൂട്ടുകാർ. ചിലർ ഓൺ ലൈനിൽ കുറിപ്പിടുന്നു, കത്തെഴുതുന്നു. 
സമയമില്ലായ്കയാൽ ചാരം മൂടിക്കിടന്ന കലയുടെ കനലുകൾ ഊതിയുണർത്തുന്നു ചിലർ. കാത്തുവച്ച സിനിമകൾ ഊഴമിട്ട് കണ്ട് തീർക്കുന്നു വേറെ ചിലർ.  കുറച്ചുപേർ പാചകകലയിലെ പരീക്ഷണങ്ങളിലാണ്. 
കേരളത്തിലായിരിക്കുക എന്നത് പ്രിവിലേജായി കരുതേണ്ട ദിവസങ്ങളിൽ തന്നെയാണ് നാം. കൂട്ടുകാരൻ സതീഷ് പങ്കുവച്ച ഒരു സന്ദേശം കണ്ടു. ആസ്ട്രേലിയയിൽനിന്ന് ആളുടെ സുഹൃത്തിന്റെ എഴുത്താണ്. അവിടെയെല്ലാം കാര്യങ്ങൾ കുഴഞ്ഞ് മറിഞ്ഞാണ്. രാഷ്ട്രീയനേതൃത്വം തന്നെ അമ്പരന്ന് നിൽക്കുന്നു. നിങ്ങൾ ഭാഗ്യവാൻമാർ പിണറായി സർക്കാർ കാര്യങ്ങളുടെ നിയന്ത്രണമേറ്റെടുത്ത് നയിക്കുന്നുണ്ടല്ലോ എന്നാണ് സന്ദേശത്തിന്റെ ചുരുക്കം. 
അതെ മനുഷ്യരിലേക്ക് മാത്രമല്ല കുരങ്ങിലേക്കും നായിലേക്കും വരേ എത്തുന്ന  കരുതലുള്ള ഒരു സംസ്ഥാന ഭരണകൂടത്തിന്റെ തണൽ ഈ വല്ലാത്ത കാലത്തെ ആശ്വാസമാണ്. 
അളന്ന് മുറിച്ച വാക്കുകളും സമം ചേർത്ത കരുതലുമായി മുഖ്യമന്ത്രി വരുന്നത് കാത്തിരിക്കുകയാണ് നമ്മുടെ വൈകുന്നേരങ്ങൾ.  
അതിരുകൾ മണ്ണിട്ട് അന്യവൽക്കരിക്കാൻ ശ്രമിക്കുന്ന അയൽക്കാരുള്ള കാലത്ത്, പതിനായിരക്കണക്കിന് മനുഷ്യർ യുദ്ധമുഖത്തെന്നപോലെ കൈയിൽ കിട്ടിയതും കൈക്കുഞ്ഞുങ്ങളെയും എടുത്ത് നൂറ് കണക്കിന് കിലോമീറ്റർ നടന്ന് പിന്നിടുന്ന കാലത്ത്, കേരളത്തിലായിരിക്കുന്നത് ആശ്വാസം തന്നെയാണ്. 
കണ്ണുകൊണ്ട് കാണാനാവാത്ത ഒരു സൂക്ഷ്മ ജീവി മനുഷ്യവർഗത്തെയാകെയും വിധേയനാക്കി നിർത്തുന്ന വല്ലാത്ത കാലം. കൊറോണാനന്തര കാലം നമ്മുടെ ലോക ക്രമത്തെയാകെയും പുതുക്കി നിർണയിക്കും. സേവനങ്ങളും സൗകര്യങ്ങളുമൊക്കെ സ്വകാര്യ നിയന്ത്രണത്തിന്റെ ആധിപത്യത്തിൽ നിന്ന് പൗരന് കൂടുതൽ ആശ്രയിക്കാവുന്ന ഭരണകൂട ഉടമസ്ഥതയിലേക്ക് തിരികെ വരുമായിരിക്കും. അതെ,  നമ്മൾ ഇതിനേയും മറികടക്കും. ചരിത്രം സാക്ഷ്യം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top