19 April Friday
കോടികളുടെ നഷ്ടം

ചെറുകിട വ്യവസായത്തിൽ വലിയ പ്രതിസന്ധി

സ്വന്തം ലേഖകൻUpdated: Wednesday Apr 1, 2020
കൽപ്പറ്റ
ജില്ലയിലെ ചെറുകിട വ്യവസായങ്ങൾ നിലനിൽപ്പ് ഭീഷണിയിൽ. തുടർച്ചയായുള്ള പ്രതിസന്ധികൾ സംരഭകരെ തളർത്തുകയാണ്. നോട്ട് നിരോധനത്തിൽ തുടങ്ങിയ മാന്ദ്യത്തിന് ഇതുവരെ അയവ് വന്നിട്ടില്ല. ജിഎസ്ടിയും പ്രളയങ്ങളും നട്ടൊല്ല് ഒടിച്ചു. കോവിഡ് ദുരന്തംകൂടിയായതോടെ വ്യവാസായങ്ങൾ പൂർണമായും സ്തംഭിച്ചു.
ജില്ലയിൽ ആയിരത്തിഅഞ്ഞൂറോളം ചെറുകിട വ്യവസായ സംരഭങ്ങളുണ്ട്. മുപ്പത്തിഅയ്യായിരത്തോളംപേർ പ്രത്യക്ഷമായി തൊഴിലെടുക്കുന്നുണ്ട്. പരോക്ഷമായി ആശ്രയിക്കുന്നവർ ഇതിന്റെ രണ്ടിരട്ടിയോളംവരും. പ്രതിദിനം 12 കോടിയുടെ ടേൺ ഓവർ ചെറുവ്യവസായത്തിൽനിന്നും നേരത്തെ ലഭിച്ചിരുന്നു. അവസാനപ്രളയത്തിന്ശേഷം 50 ശതമാനം സ്ഥാപനങ്ങളും തുറക്കാനായില്ല. അവശേഷിച്ചവ ലോക്ക്ഡൗണിൽ പൂട്ടി. അവശ്യസർവീസിൽ ഉൾപ്പെട്ട അഞ്ച് ശതമാനമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
മരമില്ലുകൾ, പൊടിമില്ലുകൾ, ഇഷ്ടിക നിർമാണ യൂണിറ്റുകൾ, സിമന്റുൽപ്പന നിർമാണം, ഇരുമ്പ് ഇൻഡസ്ട്രികൾ, കരകൗശല വസ്തു നിർമാണം, മൺപാത്ര നിർമാണം, ബേക്കറി ഉൽപ്പന്ന യൂണിറ്റുകൾ, കാറ്ററിങ് സെന്ററുകൾ, ആയൂർവേദ ഔഷധ നിർമാണം, ടൈലറിങ് സെന്ററുകൾ, ഫർണിച്ചർ നിർമാണം, ടയർ വർക്സുകൾ, റെഡിമെയ്ഡ് വസ്ത്ര നിർമാണം, ചെരുപ്പ് നിർമാണം, ബാഗ് നിർമാണം, ബുക്ക് ബൈൻഡിങ്ങ്, ആഭരണ നിർമാണം, സോപ്പ്–-സോപ്പ്‌ പൊടി, സാനിറ്റൈസർ നിർമാണം, ഓട് നിർമാണം തുടങ്ങിയവയെല്ലാം ചെറുകിട വ്യവാസയങ്ങളിൽ ഉൾപ്പെടുന്നതാണ്.
പലതും അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഇഷ്ടിക നിർമാണ യൂണിറ്റുകൾ ഭൂരിഭാഗവും പൂട്ടി. നിർമാണ മേഖലയിലെ സ്തംഭനാവസ്ഥ ചെറുകിട വ്യവസായങ്ങളെ സാരമായി ബാധിച്ചു. വിൽപ്പന ഇടിയുകയും അസംസ്കൃത വസ്തുക്കൾക്ക് വിലവർധിക്കുകയും ചെയ്തതോടെ ചിലവും വരുമാനവും ഒത്തുപോകാതെയായി. തൊഴിൽദിനങ്ങൾ വെട്ടിക്കുച്ചത് തൊഴിലാളികളെ പ്രതിസന്ധിയിലാക്കി.
 ബേക്കറികൾ തുറന്നുപ്രവർത്തിപ്പിക്കണമെന്ന് സർക്കാർ നിർദേശമുണ്ടെങ്കിലും ഉൽപ്പന്നങ്ങൾ നൽകാൻ നിർമാണ യുണിറ്റുകൾക്ക് കഴിയുന്നില്ല. അടച്ചിട്ട സ്ഥാപനങ്ങൾ വീണ്ടും പ്രവർത്തിപ്പിക്കാൻ സാമ്പത്തികമടക്കം വലിയ ബുദ്ധിമുട്ടുകൾ നേരിടണമെന്ന് ബത്തേരിയിലെ രുചി ബേക്കറി ഉൽപ്പന്ന നിർമാണ യൂണിറ്റ് ഉടമ കെ ലജീഷ് പറഞ്ഞു. 
വലിയ സാമ്പത്തിക ബാധ്യതയാണ് സംരഭകർ അഭിമുഖീകരിക്കുന്നത്. ലക്ഷങ്ങളുടെ ബാങ്ക് വയാപയുണ്ട്. വയ്പകളുടെ പലിശ ഒഴിവാക്കണമെന്നും ഉജ്ജീവന പാക്കേജ് നടപ്പാക്കണമെന്നുമാണ് സംരംകരുടെ ആവശ്യം. സർക്കാർ സബ്സിഡി അനുവദിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
 ഈ ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്ന് കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ(കെഎസ്എസ്ഐഎ) ജില്ലാ കമ്മിറ്റി അംഗം മാത്യു തോമസ് പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top