19 April Friday

കോവിഡിൽ കുരുങ്ങി കുരുമുളക് കർഷകരും

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020
കൽപ്പറ്റ
മലഞ്ചരക്ക് സ്ഥാപനങ്ങളും വ്യാപാരസ്ഥാപനങ്ങളും  അടച്ചതോടെ ഏറെ പ്രതിസന്ധിയിലായിരിക്കുകയാണ്  ജില്ലയിലെ കുരുമുളക് കർഷകർ. കുരുമുളക് കൃഷിയെ മാത്രം ആശ്രയിച്ച്  ജീവിക്കുന്ന  ചെറുകിട കർഷകരാണ്  പ്രതിസന്ധി നേരിടുന്നത് .  വിളവെടുപ്പെല്ലാം ഏകദേശം കഴിഞ്ഞ സാഹചര്യത്തിൽ വിള വിൽക്കാനാകാതെ ബുദ്ധിമുട്ടുകയാണ് കർഷകർ. പല കർഷകർക്കും വിളകളിൽനിന്നുള്ള വരുമാനമാണ് ജീവനോപാധി. വിളവെടുപ്പായതോടെ വില  മുന്നൂറിലും താഴ്‌ന്നു.  മാർക്കറ്റിലേക്ക് കുരുമുളക് എത്തിക്കുമ്പോഴേക്കു  ഇനിയും വില കുറയുമെന്നാണ് കർഷകർ ഭയപ്പെടുന്നത്. യഥാസമയം വിളവെടുക്കാൻ തൊഴിലാളികളെ കിട്ടാനില്ലാത്തതും മൂപ്പെത്താത്ത കുരുമുളക് പഴുത്തുണങ്ങിയതും കർഷകർക്ക് തിരിച്ചടിയായി. ഇത്തവണത്തെ കടുത്ത വരൾച്ചയും കുരുമുളക് കൃഷിക്ക് തിരിച്ചടിയായി മാറിയിട്ടുണ്ട്. കുരുമുളകുചെടികൾ വ്യാപകമായി കരിഞ്ഞുണങ്ങി. അതുകൊണ്ട് തന്നെ വരും വർഷത്തെ ഉത്പാദനത്തിലും വലിയ കുറവുണ്ടാകും. കുരുമുളക് കൃഷി സംരക്ഷിക്കുന്നതിനും കർഷകരെ നിലനിർത്തുന്നതിനും അധികാരികളുടെ ഭാഗത്തുനിന്നും നടപടികൾ സ്വീകരിക്കണമെന്നതാണ് കർഷകർ ആവശ്യപ്പെടുന്നത്. ഏക്കറുകണക്കിന് കൃഷിഭൂമിയിലെ കൊടികളാണ് 2018ലെ പ്രളയത്തെ തുടർന്നുള്ള ദ്രുതവാട്ടത്തിൽ ജില്ലയിൽ നശിച്ചത്. കനത്തമഴയിൽ തോട്ടങ്ങളിൽ വെള്ളം കെട്ടിനിന്ന് വേര് ചീഞ്ഞ് കൊടികൾ നശിക്കുകയായിരുന്നു. 2018-ലേറ്റ ആഘാതത്തിൽനിന്ന് കരകയറുന്നതിനിടെയാണ് കഴിഞ്ഞ വർഷത്തെ പ്രളയമെത്തിയത്. താരതമ്യേന കുരുമുളക് കൃഷി കുറവായിരുന്നെങ്കിലും ഉണ്ടായിരുന്ന കൊടികളിൽ ഭൂരിഭാഗവും 2019-ലെ പ്രളയത്തിൽ നശിച്ചു. ഇതിൽ നിന്നും വീണ്ടും കരകയറി വരുന്നതിനിടെയാണ് വിലയിടിവും വൈറസ് ബാധയും കർഷകരെ  പ്രതിസന്ധിയിലാക്കിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top