19 April Friday

മഞ്ഞക്കൊന്ന 
ഉന്മൂലനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023

വയനാട് വന്യജീവി സങ്കേതത്തിൽ മഞ്ഞക്കൊന്ന ഉന്മൂലന പ്രവൃത്തി തുടങ്ങിയപ്പോൾ

കൽപ്പറ്റ  
വയനാട്‌ വന്യജീവി സങ്കേതത്തിലെ കാടുകളിൽനിന്ന്‌ മഞ്ഞക്കൊന്ന നീക്കുന്ന പ്രവൃത്തി തുടങ്ങി. മുത്തങ്ങ, കുറിച്യാട്‌ ഫോറസ്റ്റ് റേഞ്ചുകളിലാണ്‌ പ്രവൃത്തി തുടങ്ങിയത്‌. ജില്ലയിലെ വനപ്രദേശത്തുനിന്ന്‌ അധിനിവേശ സസ്യങ്ങൾ നീക്കാൻ 6.5 കോടി രൂപയാണ്‌ വനംവകുപ്പ്‌ അനുവദിച്ചത്‌. മൂന്നുവർഷത്തേക്കാണ്‌ പദ്ധതി. ആദ്യഘട്ടമായി 1672 ഹെക്ടർ പ്രദേശത്താണ്  നബാർഡ് സഹായത്തോടെ പദ്ധതി നടപ്പാക്കുന്നത്‌. വയനാട്‌ വന്യജീവി സങ്കേതത്തിൽ 12,300 ഹെക്ടർ വനഭൂമിയിൽ മഞ്ഞക്കൊന്ന വ്യാപിച്ചു കിടക്കുന്നതായാണ്‌ കണക്ക്‌. 
പത്ത് സെന്റിമീറ്ററിന് മുകളിൽ വണ്ണമുള്ള തൈകൾ പത്തടി ഉയരത്തിൽ തൊലി നീക്കംചെയ്ത്‌ അവ ഉണക്കിക്കളയും. പത്ത് സെന്റിമീറ്ററിൽ താഴെ വണ്ണമുള്ളവ പിഴതുകളയും. ഈ പ്രവൃത്തി മഴക്കാലത്താണ് ചെയ്യുക. മഞ്ഞക്കൊന്ന വേരടക്കം പൂർണമായി പിഴുതെടുക്കുന്നതിനാണ്‌ മഴ പെയ്‌ത്‌ മണ്ണ്‌ ഇളകിയശേഷം പദ്ധതി നടപ്പാക്കുന്നത്‌. അല്ലാത്തപക്ഷം വേരിൽനിന്ന്‌ പുതിയ തൈകൾ മുളയ്‌ക്കാൻ സാധ്യതയുണ്ടെന്ന്‌ ചീഫ്‌ വൈൽഡ്‌ ലൈഫ്‌ വാർഡൻ അബ്ദുൾ അസീസ്‌ പറഞ്ഞു. 
സസ്യഭുക്കുകളായ വന്യജീവികൾക്ക് ഉപയോഗപ്രദമല്ലാത്തതും തദ്ദേശയിനം വൃക്ഷങ്ങളെ വളരാൻ അനുവദിക്കാത്തതുമായ മഞ്ഞക്കൊന്ന കാടിന്റെ ജൈവ സമ്പത്തിനും ആവാസവ്യവസ്ഥയ്ക്കും ഭീഷണിയാണ്. വനത്തിൽ സസ്യഭുക്കുകളുടെ എണ്ണം കുറയുന്നതിനാൽ കടുവ, പുലി തുടങ്ങിയ വന്യമൃ​ഗങ്ങൾക്ക് ഇരകളെ ലഭിക്കാതിരിക്കുന്നതിനും അവ വനത്തിനുപുറത്ത് ജനവാസമേഖലയിൽ ഇറങ്ങുന്നതിനും ഇടയാക്കുന്നു. ഇവ ജനങ്ങളെ ഉൾപ്പെടെ ആക്രമിക്കുന്നത്‌ പതിവായതോടെയാണ്‌ അധിനിവേശ സസ്യങ്ങൾ നീക്കി സ്വാഭാവിക ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്‌ തീരുമാനിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top