19 April Friday
കൗൺസിലിൽ കോൺഗ്രസ്‌ അക്രമം

2 എൽഡിഎഫ്‌ കൗൺസിലർമാർക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023

പരിക്കേറ്റ്‌ ആശുപത്രിയിൽ കഴിയുന്ന 
കൗൺസിലർ മാരായ രാഹുൽ, അനീസ്‌

 
തൃശൂർ
ബിനി ടൂറിസ്‌റ്റ്‌ ഹോം വിഷയത്തിന്റെ മറവിൽ കോർപറേഷൻ കൗൺസിലിൽ യുഡിഎഫ്‌ കൗൺസിലർമാരുടെ അക്രമം. മേയർ എം കെ വർഗീസിനെ തടഞ്ഞുവച്ച്‌ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുഡിഎഫ്‌ കൗൺസിലർമാർ, എൽഡിഎഫ്‌ കൗൺസിലർമാരായ അഡ്വ. ടി എ അനീസ്‌ അഹമ്മദ്‌, എ ആർ രാഹുൽനാഥ്‌ എന്നിവരെ അടിച്ചുവീഴ്‌ത്തി. പരിക്കേറ്റ ഇരുവരെയും ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
തിങ്കളാഴ്‌ച 96 അജൻഡകളുമായാണ്‌ കൗൺസിൽ ചേർന്നത്‌. ഇതിന്റെ  96 ഫയലും ഉണ്ടായിരിക്കെയാണ്‌, ഫയൽ എവിടെ എന്ന്‌ ചോദിച്ച്‌ കോൺഗ്രസ്‌ കൗൺസിലർമാർ അക്രമം നടത്തിയത്‌.  
രാവിലെ കോർപറേഷൻ കൗൺസിൽ ആരംഭിച്ചതുമുതൽ ബിനി ഫയൽ എവിടെ എന്ന്‌ ചോദിച്ചുകൊണ്ട്‌ ബഹളം തുടങ്ങിയിരുന്നു. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിലെ 47 അജൻഡകൾ ചർച്ച ചെയ്‌ത്‌ ഒരോന്നിനും മേയർ വ്യക്തമായ മറുപടി നൽകി. ഉച്ചഭക്ഷണത്തിനുശേഷം കൗൺസിൽ പുനരാരംഭിച്ചപ്പോഴാണ്‌ ഒരു പ്രകോപനവും ഇല്ലാതെ കോൺഗ്രസ്‌ കൗൺസിലർമാർ അക്രമം തുടങ്ങിയത്‌. ബഹളമുണ്ടാക്കി മേയറുടെ ഡയസിൽ ഇടിച്ചുകയറുകയായിരുന്നു. പലകുറി കൗൺസിലർമാരോട് സീറ്റിൽ ഇരിക്കാൻ മേയർ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷ കൗൺസിലർമാർ ക്രിമിനലുകളെപോലെ അക്രമം തുടരുകയായിരുന്നു.
ബിനി ടൂറിസ്റ്റ് ഹോം അനധികൃതമായി പൊളിച്ചവർക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കുമെന്ന്  മേയർ തുടർച്ചയായി പ്രഖ്യാപിച്ചിട്ടും കൗൺസിലർമാർ അടങ്ങിയില്ല.  സ്‌റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാന്മാരായ പി കെ ഷാജൻ, വർഗീസ് കണ്ടംകുളത്തി തുടങ്ങിയവരും ബിനി ടൂറിസ്‌റ്റ്‌ ഹോം വിഷയം വ്യക്തതയോടെ വിശദീകരിച്ചിട്ടും ഇതൊന്നും വകവയ്‌ക്കാതെയായിരുന്നു പ്രതിപക്ഷം ബഹളവും അക്രമവും.  
ബിനി ടൂറിസ്‌റ്റ്‌ ഹോം വിഷയത്തിൽ ശനിയാഴ്ച മുനിസിപ്പൽ കോടതിയിൽനിന്ന്‌ കമീഷൻ വരികയും തിങ്കളാഴ്‌ച ഫയൽ ഹാജരാക്കണമെന്ന് നിർദേശിക്കുകയും ചെയ്‌തിരുന്നു. കമീഷൻ എത്തി കൗൺസിലർമാരായ എ കെ സുരേഷ്, മുകേഷ് കൂളപ്പറമ്പിൽ തുടങ്ങിയവർക്കൊപ്പം ഇതിന്റെ പരിശോധന നടക്കുകയുമായിരുന്നു. ഫയൽ കമീഷനെ കാണിക്കാൻ എടുത്തിരിക്കുകയാണെന്നത്‌  മറച്ചുവച്ചാണ്‌ ചില കൗൺസിലർമാർ അനാവശ്യമായ ബഹളവും കൈയേറ്റവും നടത്തിയത്‌. 
കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിൽ കോൺഗ്രസ്‌ കൗൺസിലർ കെ രാമനാഥൻ ഉൾപ്പെടെയുള്ള കൗൺസിലർമാർ കൗൺസിൽ സെക്ഷനിലെത്തി ഈ ഫയൽ കാണുകയും നേരിട്ട് പരിശോധന നടത്തിയിട്ടുമുണ്ട്‌. ഈ വസ്തുതകൾ അറിഞ്ഞുകൊണ്ടുതന്നെയാണ് കോൺഗ്രസ്‌ കൗൺസിൽ യോഗം അലങ്കോലമാക്കിയത്‌.
സംഭവം അറിഞ്ഞ്‌ പൊലീസ്‌ സ്ഥലത്തെത്തിയെങ്കിലും, രാജൻ പല്ലനും ലാലി ജയിംസും അടക്കമുള്ള കോൺഗ്രസ്‌ കൗൺസിലർമാർ കൗൺസിൽ കവാടം കസേരകൾ നിരത്തി തടഞ്ഞു. പൊലീസുകാർക്ക്‌ അകത്തേക്ക്‌ കടക്കാനാകില്ലെന്ന്‌ ഉറപ്പാക്കിയായിരുന്നു പിന്നീടുള്ള അക്രമം. 
 എൽഡിഎഫ്‌ കൗൺസിലർമാർ ചേർന്ന്‌ മേയറെ രക്ഷിക്കുന്നതിനിടെ കോൺഗ്രസ്‌ കൗൺസിലർമാർ രാഹുലിനെയും അനീസിനെയും ഇടിച്ച്‌ വീഴ്‌ത്തുകയായിരുന്നു. ഇരുവർക്കും കൈകാലുകൾക്ക്‌ പൊട്ടലും ചതവുമുണ്ട്‌. സംഭവത്തിനിടെ ഉണ്ടായ ഉന്തും തള്ളിനുമിടെ പരിക്കേറ്റെന്ന്‌ പറഞ്ഞ്‌  ജയപ്രകാശ് പൂവത്തിങ്കൽ, സുനിത വിനു എന്നിവരും ആശുപത്രിയിൽ എത്തി ചികിത്സ തേടിയിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top