25 April Thursday

ഭൂകമ്പംപോലെ....

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023
തൃശൂർ
‘ജോലി കഴിഞ്ഞ്‌ വീട്ടിൽ എത്തിയതേയുള്ളൂ. ഭൂകമ്പംപോലെ വീട്‌ കുലുങ്ങി. ജനലുകൾ തകർന്നുവീണു. വീട്ടിൽ ഒറ്റയ്‌ക്കായിരുന്നു.’ ഷാന്റിയുടെ വാക്കുകളിൽ ഭീതി നിറഞ്ഞിരുന്നു. കുണ്ടന്നൂർ വെടിക്കെട്ടപകടത്തിലാണ്‌   സമീപ പ്രദേശങ്ങളിലാകെ വീടിന്റെ ഭാഗങ്ങൾ തകർന്നത്‌. 
കുണ്ടന്നൂർ ചിരിയങ്കണ്ടത്ത്‌ രാജൻ വർഗീസിന്റെ ഭാര്യ  ഷാന്റി ബാങ്ക്‌ ജോലി കഴിഞ്ഞ്‌ വീട്ടിൽ സിറ്റൗട്ടിൽ എത്തിയപ്പോഴാണ്‌ വൻ സ്‌ഫോടനം കേട്ടത്‌. നിമിഷങ്ങൾക്കകം മുറികളിലെ ജനലുകളെല്ലാം തകർന്നു വീണു. അകത്തെ ബാത്ത്‌റൂം വാതിലുകളും  അലമാരയും തകർന്നു.  മക്കളായ അനീറ്റയും അമലും ട്യൂഷനുപോയതിനാൽ ആർക്കും അപകടങ്ങളൊന്നും സംഭവിച്ചില്ല. 
സമീപത്തെ പന്തലാങ്ങാട്ടെ ശശിയുടെ വീടിന്റെ ജനലുകളും തകർന്നു.  കുണ്ടന്നൂർ സെന്ററിൽ വച്ച്‌ വലിയ സ്‌ഫോടനം കേട്ടതെന്ന്‌ ശശി പറഞ്ഞു. ഉടൻ വീട്ടിലേക്ക്‌ ഓടി. നാട്ടുകാർ പരിഭ്രാന്തരായിരുന്നു. വീട്ടിനകത്ത്‌ കയറി നോക്കിയപ്പോൾ ജനൽചില്ലുകൾ നിറഞ്ഞ്‌ കിടക്കുകയായിരുന്നുവെന്ന്‌ ശശി പറഞ്ഞു. കുണ്ടന്നൂർ  സെന്റ്‌ ജോസഫ്‌ യുപി സ്‌കൂളിന്റെ ഓടുകളും ജനലുകളും തകർന്നു.  സ്‌കൂളിന്‌ ചൊവ്വാഴ്‌ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top