04 July Friday

മഴ കനക്കുന്നു; പൂമല ഡാമിന്റെ 
4 ഷട്ടറുകളും തുറന്നു

വെബ് ഡെസ്‌ക്‌Updated: Saturday Sep 30, 2023

പൂമല ഡാമിന്റെ ഷട്ടർ ഉയർത്തിയപ്പോൾ

തൃശൂർ
ജില്ലയിൽ മഴ ശക്തമായതോടെ പൂമല ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു. രണ്ടര സെന്റിമീറ്റർ വീതമാണ് ഷട്ടർ ഉയർത്തിയിരിക്കുന്നത്. ജലനിരപ്പ് 28 അടിയായി ഉയർന്ന സാഹചര്യത്തിലാണ് നാല് ഷട്ടറുകളും തുറന്നത്. 29 അടിയാണ് ഡാമിന്റെ പരമാവധി ജലനിരപ്പ്. 
കഴിഞ്ഞ 24 മണിക്കൂറിനിടെ പെയ്‌ത മഴയിൽ വടക്കാഞ്ചേരിയിലാണ്‌ കൂടുതൽ മഴ ലഭിച്ചത്‌.  122 മില്ലിമീറ്റർ മഴ വടക്കാഞ്ചേരിയിൽ രേഖപ്പെടുത്തി. കുന്നംകുളം 96.4 , കൊടുങ്ങല്ലൂർ 55, ഇരിങ്ങാലക്കുട 52. 2, വെള്ളാനിക്കര 49.1 , ഏനാമാക്കൽ 47.4 , ചാലക്കുടി 20.2 മീറ്റർ മഴയും രേഖപ്പെടുത്തി. 2123.6 മില്ലിമീറ്റർ മഴയാണ്‌ ജില്ലയിൽ ശരാശരി ലഭിക്കേണ്ടത്‌. എന്നാൽ ജൂൺ ഒന്ന്‌ മുതൽ സെപ്‌തംബർ 29 വരെയുള്ള കണക്ക്‌ പ്രകാരം 1256.5 മില്ലിമീറ്റർ മഴയാണ്‌ ലഭിച്ചത്‌. 41 ശതമാനം മഴക്കുറവാണ്‌. എന്നാലും നിലവിൽ ശക്തമായ മഴ ആശ്വാസം നൽകുന്നതാണ്‌.  മഴ പെയ്യാത്തതിനാൽ കർഷകരും പ്രതിസന്ധിയിലായിരുന്നു. വെള്ളം കെട്ടിനിർത്തി കൃഷിചെയ്യുന്ന കോൾ കൃഷിയെ മഴക്കുറവ്‌ സാരമായി  ബാധിച്ചിരുന്നെങ്കിലും നിലവിൽ ശക്തമായ മഴ കർഷകൾക്കും പ്രതീക്ഷ നൽകുന്നുണ്ട്‌.  എന്നാൽ ജില്ലയിലെ പ്രധാന ഡാമുകളിലെ ജലനിരപ്പ്‌ കാര്യമായി ഉയർന്നിട്ടില്ല. 
25 മീറ്റർ പരമാവധി ജലസംഭരണശേഷിയുള്ള പീച്ചി ഡാമിൽ നിലവിൽ 72.48 മീറ്റർ വെള്ളമാണുള്ളത്‌. 76.40 മീറ്റർ  പരമാവധി ജലനിരപ്പുശേഷിയുള്ള ചിമ്മിനി ഡാമിൽ   63.61  മീറ്ററാണുള്ളത്‌.  വാഴാനി ഡാമിൽ പരമാവധി ജലനിരപ്പ് ശേഷി 62.48 മീറ്ററാണ്‌. നിലവിൽ  53.44 മീറ്ററാണ്‌ ജലനിരപ്പ്‌.
ഷോളയാർ ഡാമിൽ ഓറഞ്ച്‌ അലർട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. 2663 അടി പരമാവധി സംഭരണശേഷിയുള്ള ലോവർ ഷോളയാറിൽ നിലവിൽ 2660.80  അടി വെള്ളമാണുള്ളത്‌. പൊരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് നിലവിൽ  418.10  മീറ്ററുണ്ട്‌. ഡാമിന്റെ പരമാവധി ജലനിരപ്പ്‌ 423.98 മീറ്ററാണ്‌.   ഷട്ടർ തുറന്ന പൂമല ഡാമിന്റെ മലവായി തോടിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top