തൃശൂർ
ഗാർഹികതല ഖരമാലിന്യ ജൈവവളം സംഭരിക്കാൻ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച മൺകല കമ്പോസ്റ്റ് പദ്ധതി തണലാവുക 20,000 മൺപാത്രനിർമാണ കുടുംബങ്ങൾക്ക്. എന്നാൽ, പദ്ധതിക്ക് പ്ലാസ്‌റ്റിക് ബിന്നുകൾ ഉപയോഗിക്കുന്നതിനാൽ അവരുടെ ജീവിതത്തിൽ കരിനിഴൽ വീഴുന്നു. മുഴുവൻ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളും മൺകല കമ്പോസ്‌റ്റ് പദ്ധതിയിലേക്ക് മാറണമെന്നും മൺപാത്ര നിർമാണമേഖലയെ സംരക്ഷിക്കണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം. ജൈവവളം സംഭരിക്കുന്നതിന് മൺകല കമ്പോസ്റ്റ് ആരംഭിക്കണമെന്ന സർക്കാർ നിർദേശം സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളൊന്നും നിലവിൽ നടപ്പാക്കിയിട്ടില്ല. പകരം പ്ലാസ്റ്റിക് പാത്രങ്ങൾതന്നെയാണ് ഉപയോഗിക്കുന്നത്. ശുചിത്വമിഷൻ വഴിയാണ് കമ്പോസ്റ്റ് പദ്ധതിയിൽ കളിമൺ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ സർക്കാർ തീരുമാനിച്ചത്. കേന്ദ്രസർക്കാർ 2018ൽ ഭേദഗതി ചട്ടങ്ങളിൽ പ്ലാസ്റ്റിക് നിർമാർജനത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് നിരോധിച്ചുവെങ്കിലും എച്ച്‌ഡിപിഇ പ്ലാസ്റ്റിക് കലർന്ന ചെടിച്ചട്ടികൾ ഉപയോഗിച്ചു വരുന്നുണ്ട്. ഇവ നിരോധിച്ചാൽ 20,000 മൺപാത്ര കുടുംബങ്ങൾക്കാണ് തൊഴിൽ ലഭിക്കുക.
കൂടാതെ 2016ൽ രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപറേഷൻ വഴി മൺപാത്ര ഉൽപ്പന്നങ്ങളുടെ വിപണനവും വർധിക്കും. നിലവിൽ പ്രതിസന്ധി നേരിടുന്ന പരമ്പരാഗത മൺപാത്ര തൊഴിൽ മേഖലയേയും കോർപറേഷനേയും ഈ ഘട്ടത്തിൽ ലാഭത്തിലെത്തിച്ചാൽ അത് സംസ്ഥാനത്തിന് നേട്ടമാകും.
അതിനാൽ ഗാർഹികതല ഖരമാലിന്യ ജൈവവളം സംഭരിക്കാൻ പ്ലാസ്റ്റിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് നിർത്തലാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കാണമെന്ന് കേരള സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപറേഷൻ ചെയർമാൻ കെ എൻ കുട്ടമണി അഭ്യർഥിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..