27 April Saturday

വെള്ളക്കെട്ട് ഒഴിവാക്കാന്‍ അടിയന്തര നടപടി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 30, 2020

തൃശൂർ

ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുപ്രകാരം ജില്ലയിൽ വെള്ളക്കെട്ട് ഒഴിവാക്കാനായി അടിയന്തര നടപടി സ്വീകരിക്കാൻ ദുരന്തനിവാരണ നിയമപ്രകാരം കലക്ടർ എസ് ഷാനവാസ് ഉത്തരവിട്ടു. ജില്ലാ പ്രിൻസിപ്പൽ കൃഷിഓഫീസറുടെ റിപ്പോർട്ടുകൂടി പരിഗണിച്ചാണ് കലക്ടറുടെ നടപടി.
കോലഴി, ചേർപ്പ്, ചാഴൂർ, അടാട്ട്, അരിമ്പൂർ, മുല്ലശേരി, പാറളം, തോളൂർ, വെങ്കിടങ്ങ്, മണലൂർ  പഞ്ചായത്തുകൾ,കോർപറേഷൻ അയ്യന്തോൾ ഡിവിഷൻ എന്നിവിടങ്ങളിലെ  കനാലുകളിലും ചാലുകളിലും ജലത്തിന്റെ സ്വാഭാവിക ഒഴുക്കിനു വിഘാതമായ എല്ലാവിധ തടസ്സങ്ങളും രണ്ട് ദിവസത്തിനകം നീക്കും. ഇതിനുള്ള നടപടി ജില്ലാ പ്രിൻസിപ്പൽ കൃഷിഓഫീസർ, കെഎൽഡിസി കൺസ്ട്രക്ഷൻ എൻജിനിയർ എന്നിവർ അടിയന്തരമായി സ്വീകരിക്കും.
വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിന് തടസ്സം സൃഷ്ടിക്കുന്ന  അനധികൃത നിർമാണങ്ങൾ, കൈയേറ്റങ്ങൾ ഉൾപ്പെടെയുള്ളവ നീക്കി പൂർവ സ്ഥിതിയിലാക്കാനുള്ള നടപടി തദ്ദേശസ്വയം ഭരണ സ്ഥാപന സെക്രട്ടറിമാർ മുൻകൈയെടുത്ത് രണ്ടുദിവസത്തിനകം പൂർത്തീകരിക്കണം.
ഇവിടങ്ങളിലെ വെള്ളക്കെട്ടിനിടയാക്കുന്ന മീൻപത്തായങ്ങൾ, കനാലുകൾ എന്നിവയുടെ സ്ലൂയിസുകൾ ബന്ധപ്പെട്ട തദ്ദേശസ്വയം ഭരണ സ്ഥാപനപരിധിയിൽ വരുന്ന താലൂക്ക് തഹസിൽദാർമാർ, വില്ലേജ് ഓഫീസർ, കൃഷി ഓഫീസർ എന്നിവരുടെ സാന്നിധ്യത്തിൽ ഉത്തരവ് ലഭിച്ച് രണ്ടുദിവസത്തിനുള്ളിൽ ക്രമാനുസൃതമായി തുറന്ന് വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടി ഉടൻ സ്വീകരിക്കണമെന്നും കലക്ടറുടെ ഉത്തരവിൽ പറയുന്നു.
അനധികൃത നിർമാണങ്ങൾ, വെള്ളക്കെട്ട് എന്നിവ ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുന്ന ഉദ്യോഗസ്ഥർക്ക് പൊലീസ് സംരക്ഷണവും ഒരുക്കിയിട്ടുണ്ട്. പ്രവൃത്തികളുടെ മേൽനോട്ടം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്കും കോർപറേഷൻ സെക്രട്ടറിക്കുമായിരിക്കും. നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top