24 April Wednesday

ആഘോഷമായി മണത്തല ചന്ദനക്കുടം

വെബ് ഡെസ്‌ക്‌Updated: Monday Jan 30, 2023

ചാവക്കാട് മണത്തല നേർച്ചയുടെ ഭാ​ഗമായുള്ള താബൂത്ത് കാഴ്ച പള്ളിയങ്കണത്തിലെത്തിയപ്പോൾ

ചാവക്കാട്
ചാന്തിപുറത്ത്  മണത്തല നാലകത്ത് ചാന്ദിപ്പുറത്ത് ഹൈദ്രോസ് കുട്ടി മൂപ്പരുടെ ധീരസ്മരണകളുണർത്തുന്ന മണത്തല ചന്ദനക്കുടം നേർച്ച ആഘോഷിച്ചു.  235–--ാം ആണ്ടു നേർച്ചയാണ് ശനി, ഞായർ ദിവസങ്ങളിലായി ആഘോഷിച്ചത്. നേർച്ചയുടെ പ്രധാന ചടങ്ങുകളായ താബൂത്ത് കാഴ്ചയും കൊടിയേറ്റ കാഴ്ചകളും ഞായറാഴ്ച ഉച്ചയോടെ മണത്തല ജാറത്തിലെത്തിയപ്പോൾ സാക്ഷികളായി ആയിരങ്ങളും  പള്ളിയങ്കണത്തിലെത്തി. രാവിലെ ചാവക്കാട് ടൗൺ ജുമാ അത്ത് പള്ളിക്ക് പരിസരത്തുനിന്നാരംഭിച്ച താബൂത്ത് കാഴ്ച പട്ടണം  ചുറ്റി പകൽ ഒന്നോടെ ജാറത്തിലെത്തി. ഗജവീരൻമാർ, മുട്ടുംവിളി, കോൽക്കളി, അറവനമുട്ട്, ദഫ്മുട്ട്, വിവിധ വാദ്യമേളങ്ങൾ എന്നിവ അകമ്പടിയായി. പിന്നാലെ ചാവക്കാട് ബീച്ച്, വഞ്ചിക്കടവ്, കോട്ടപ്പുറം എന്നിവിടങ്ങളിൽനിന്ന് ആനപ്പുറത്ത് കൊണ്ടുവന്ന കൊടികൾ പള്ളിയങ്കണത്തിലെ താണിമരങ്ങളിലും പ്രത്യേകം സ്ഥാപിച്ച കൊടിമരങ്ങളിലും കയറ്റിയതോടെ  കൊടികയറ്റ കാഴ്ചകൾക്ക് സമാപനമായി. തുടർന്ന് ഭക്ഷണവിതരണവും ഹൈന്ദവരുടെ നേതൃത്വത്തിൽ പള്ളിയങ്കണത്തിലെ താണിമരങ്ങളിൽ മുട്ടയും പാലും സമർപ്പിക്കുന്ന ചടങ്ങും നടന്നു. വൈകിട്ട് ആറോടെ നാട്ടുകാഴ്ചകൾ പള്ളിയങ്കണത്തിലെത്തി. രാത്രി നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി വിവിധ ക്ലബ്ബുകളുടെയും സംഘടനകളുടെയും കാഴ്ചകൾ വാദ്യമേളങ്ങളുടെയും ഗജവീരൻമാരുടെയും അകമ്പടിയോടെ ജാറത്തിലെത്തി. തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെയാണ് കാഴ്ചകൾക്ക് സമാപനമായത്. മഹല്ല് പ്രസിഡന്റ് പി എസ് ഷാഹു, സെക്രട്ടറി എ വി അഷ്‌റഫ്, ട്രഷറർ എ പി  ഷെഹീർ, ഭാരവാഹികൾ എൻ കെ സുധീർ, ടി പി കുഞ്ഞിമുഹമ്മദ്  എന്നിവർ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top