12 July Saturday
കോൺഗ്രസ്‌ നേതാക്കൾ പരക്കംപാച്ചിലിൽ

ഡിസിസി പുനഃസംഘടന കീറാമുട്ടി

സ്വന്തം ലേഖകൻUpdated: Monday Jan 30, 2023
തൃശൂർ
കോൺഗ്രസിലെ ചേരിപ്പോരിനൊപ്പം  ഭാരവാഹികളുടെ എണ്ണം കുത്തനെ കുറയ്‌ക്കാൻ തീരുമാനിച്ചതോടെ  ഡിസിസി പുനഃസംഘടന കീറാമുട്ടിയായി.  നിലവിൽ ഡിസിസിയിൽ 85 ഭാരവാഹികളാണുള്ളത്‌. അത്‌  31ലേക്ക്‌ ചുരുക്കണമെന്നാണ്‌  തീരുമാനം.  ഭാരവാഹികളെ തെരഞ്ഞെടുക്കാൻ 15 അംഗ സബ്‌കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും, അവർക്കുപോലും ഭാരവാഹിത്വം ഉറപ്പില്ലെന്നാണ്‌ പുറത്തുവരുന്ന വിവരം.  നേതാക്കൾ ഭാരവാഹിത്വം ഉറപ്പിക്കാനാകാതെ പരക്കം പായുകയാണ്‌.   ഗ്രൂപ്പുനേതാക്കളുടെ അടുപ്പക്കാരായ മധ്യവയസ്‌കരെയും യുവാക്കളെയും പൂർണമായി ഭാരവാഹിത്വത്തിലേക്ക്‌ കൊണ്ടുവരാനാകില്ല. ഇത്‌  തർക്കത്തിനിടയാക്കിയിരിക്കുകയാണ്‌.  ജില്ലയിൽ കോൺഗ്രസിന്‌ അൽപ്പമെങ്കിലും സ്വാധീനം ഉണ്ടാക്കിയെടുത്ത മുതിർന്ന നേതാക്കളെ കൂട്ടത്തോടെ ഒഴിവാക്കുന്നതിനെതിരെയും പ്രതിഷേധം ഉയർന്നിട്ടുണ്ട്‌. എ–- ഐ ഗ്രൂപ്പുകാരുടെയും കെ സി  വേണുഗോപാൽ, കെ സുധാകരൻ, വി ഡി സതീശൻ, ചെന്നിത്തല തുടങ്ങിയവരുടെ അടുപ്പക്കാരെയും ജില്ലാ ഭാരവാഹിത്വത്തിലേക്ക്‌ കുത്തിനിറക്കാനാണ്‌ നീക്കം നടത്തുന്നത്‌. ഒപ്പം പുതുതായി രൂപകൊണ്ട ശശി തരൂർ ഗ്രൂപ്പുകാരും ഭാരവാഹിത്വം പിടിക്കാൻ സജീവമായി രംഗത്തുണ്ട്‌. കെഎസ്‌യുവിനും യൂത്ത്‌ കോൺഗ്രസിനും അർഹമായ പ്രാതിനിധ്യം വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്‌. മഹിളാ കോൺഗ്രസ്‌  മുതിർന്ന നേതാക്കളെയും പുതുതലമുറ വനിതാനേതാക്കളെയും ജില്ലാ ഭാരവാഹിത്വത്തിൽ ഉറപ്പാക്കണമെന്ന ആവശ്യം ഉയർത്തിയിട്ടുണ്ട്‌.  കുറഞ്ഞത്‌ 33 ശതമാനം വനിതകളെയെങ്കിലും ഉൾപ്പെടുത്തണമെന്നും ആവശ്യം ഉയർന്നു. ജംബോ ഭാരവാഹികൾ  ഉണ്ടായിരുന്ന കാലത്തും  വനിതകളെ നേതൃത്വത്തിലേക്ക്‌ കൊണ്ടുവരാതെ പുരുഷൻമാർ നേതൃസ്ഥാനം  കൈയടക്കുകയായിരുന്നു. ഫെബ്രുവരി അഞ്ചിനകം ജില്ലയിലെ ഭാരവാഹികളുടെ പട്ടിക കെപിസിസിക്ക്‌ നൽകണമെന്നാണ്‌ നിർദേശം. ഇതിനു മുന്നോടിയായി 15 അംഗ സബ്‌കമ്മിറ്റി യോഗം ചേർന്നെങ്കിലും തീരുമാനത്തിലെത്താൻ ആയിട്ടില്ല. ഔദ്യോഗിക യോഗം ചേരാതെ, ഗ്രൂപ്പുതിരിഞ്ഞുള്ള അനൗദ്യോഗിക യോഗമാണ്‌ സജീവമായി നടക്കുന്നത്‌. ഭാരവാഹികളുടെ എണ്ണം വർധിപ്പിച്ചു നൽകാതെ ജില്ലയിലെ നേതൃപ്രശ്‌നത്തിന്‌ പരിഹാരമാകില്ലെന്ന്‌ മുതിർന്നനേതാക്കളും യുവനേതാക്കളും ഒരുപോലെ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top