09 December Saturday
കോൺഗ്രസ്‌ തകർത്ത സഹകരണ സ്ഥാപനം വൻ വികസനക്കുതിപ്പിൽ

അന്ന്‌ ചിതൽക്കൂന, ഇന്ന്‌ 100 പേർക്ക്‌ ജീവിതം

വെബ് ഡെസ്‌ക്‌Updated: Friday Sep 29, 2023

ഒല്ലൂർ പനംകുറ്റിച്ചിറ സഹകരണ സംഘത്തിലെ ജീവനക്കാർ

തൃശൂർ
ഒല്ലൂർക്കാർക്ക്‌ ആ ചിത്രം ഇന്നും മറക്കാനാവില്ല. കോൺഗ്രസ്‌ അഴിമതിമൂലം ചിതൽക്കൂനയായി മാറിയ പനംകുറ്റിച്ചിറ  സഹകരണസംഘം. സോപ്പ്‌പോലും  എലിതിന്നു നശിച്ചുവെന്നായിരുന്നു കണക്ക്‌.  സിപിഐ എം  ഭരണസാരഥ്യം ഏറ്റെടുത്ത ശേഷം ഇന്ന്‌ ഒല്ലൂരിന്‌ അഭിമാനമായി  ആ   സഹകരണ സ്ഥാപനം  തലയുയർത്തി നിൽക്കുന്നു.  ബഹുനിലക്കെട്ടിടത്തിൽ സൂപ്പർമാർക്കറ്റ്‌,  നീതി ലാബ്‌, നീതി സ്‌റ്റോർ, പെട്രോൾ പമ്പ്‌, സിഎൻജി ഗ്യാസ്‌, തുടങ്ങിയ  സ്ഥാപനങ്ങളുമായി  ജനങ്ങൾക്ക്‌ ആശ്വാസമേകുന്നതോടൊപ്പം നൂറിൽപ്പരം പേർക്ക്‌  ജീവിതഇടമായി ഈ സംഘം മാറി.  
1931ൽ രൂപീകൃതമായ  ഒല്ലൂർ പനംകുറ്റിച്ചിറ സഹകരണ  സംഘം    വ്യാപാര സ്ഥാപനങ്ങളും സാമ്പത്തിക ഇടപാടുകളുമായി നല്ല നിലയിൽ പ്രവർത്തിച്ചിരുന്നു. എന്നാൽ കോൺഗ്രസ്‌ നേതാക്കളുടെ അഴിമതി മൂലം   നശിച്ച്‌ നാമാവശേഷമായി. സ്ഥാപനത്തിലെ അലമാരകൾ വരെ കോൺഗ്രസ്‌ നേതാക്കൾ വീട്ടിലേക്ക്‌ കടത്തി.  വൻ അഴിമതിയെത്തുടർന്ന്‌ പിന്നീട്‌ ഭരണസമിതി പിരിച്ചുവിട്ടു. വർഷങ്ങളോളം സ്ഥാപനം പൂട്ടിക്കിടന്നു. ഫർണിച്ചറുകളും സാധന സാമഗ്രികളും കണക്കുപുസ്‌തകങ്ങളുമെല്ലാം ചിതൽപിടിച്ച്‌ നശിച്ചു.
1987ൽ ടി കെ രാമകൃഷ്‌ണൻ സഹകരണ മന്ത്രിയായിരിക്കെ പുനരുദ്ധാരണ പദ്ധതിയിൽ സംഘത്തെ ഉൾപ്പെടുത്തി. സംഘത്തിൽ തെരഞ്ഞെടുപ്പ്‌ നടത്തി. സിപിഐ എം പാനൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.   പടിപടിയായി സംഘം  പ്രവർത്തനം തുടങ്ങി. 2004–-05 കാലഘട്ടത്തിൽ സൂപ്പർമാർക്കറ്റ്‌ ആരംഭിച്ചു. സിപിഐ എം നേതൃത്വത്തിൽ കെ ജി രാധാകൃഷ്‌ണൻ പ്രസിഡന്റായ ഭരണസമിതിയാണ്‌ ബഹുനിലക്കെട്ടിടം  നിർമിച്ച്‌ മുഖഛായ മാറ്റിയത്‌. 
നിലവിൽ  സംഘത്തിന്‌ ഒരേക്കർ ഭൂമി സ്വന്തമായുണ്ട്‌. 13,000 സ്‌ക്വയർഫീറ്റിൽ മൂന്നുനിലക്കെട്ടിടമുണ്ട്‌. താൽക്കാലിക ജീവനക്കാരുൾപ്പെടെ 98 ജീവനക്കാരുണ്ട്‌. കൂടുതൽപേരും സ്ത്രീകളാണ്‌. തങ്ങളുടെ  ജീവിത ആശ്രയകേന്ദ്രമാണിതെന്ന്‌ ജീവനക്കാരി   ഉഷ സത്യൻ പറഞ്ഞു.  മറ്റു സ്ഥാപനങ്ങൾക്കു പുറമെ റേഷൻ വ്യാപാരം, വെജിറ്റബിൾസ്‌ ആൻഡ്‌ ഫ്രൂട്‌സ്‌ സ്‌റ്റാൾ, സ്‌നാക്‌സ്‌ കൗണ്ടർ  എന്നിവയും പ്രവർത്തിക്കുന്നുണ്ട്‌. 50 സെന്റിൽ ജൈവപച്ചക്കറി കൃഷിയിറക്കുന്നതായി പ്രസിഡന്റ്‌ ബാബു തച്ചനാടൻ പറഞ്ഞു. ഓണത്തിന്‌ ചെണ്ടുമല്ലിപ്പു കൃഷിയിറക്കി. ഞാറ്റുവേലച്ചന്ത, സ്‌കൂൾ വിപണി, ക്രിസ്‌മസ്‌ വിപണി  എന്നിവയെല്ലാം  നടത്താറുണ്ട്‌. 20,000 സ്‌ക്വയർഫീറ്റിൽ പുതിയ കെട്ടിടംകൂടി നിർമിക്കാനുള്ള പദ്ധതിയുണ്ട്‌. വിവിധ ഉൽപ്പന്നങ്ങൾ ബ്രാൻഡ്‌ ചെയ്‌ത്‌ വിപണനം നടത്താൻ ലക്ഷ്യമുള്ളതായും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top