26 April Friday
പോപ്പുലർ ഫ്രണ്ട്‌

കൊന്നുതള്ളിയത് നിരവധിപേരെ

സ്വന്തം ലേഖകൻUpdated: Thursday Sep 29, 2022
തൃശൂർ
കഴിഞ്ഞ ദിവസം നിരോധിച്ച പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ ജില്ലയിൽ നടത്തിയത്‌ നിരവധി കൊലപാതകങ്ങളും ആസൂത്രിത അക്രമങ്ങളും. കൊലകൾ ഒന്നൊന്നായി നടത്തി ജില്ലയെ ഭീതിയുടെ നിഴലിലാഴ്‌ത്തിയ പോപ്പുലർ ഫ്രണ്ടിന്റെ നിരോധനംകൊണ്ട്‌ ജില്ലയിൽ നടമാടുന്ന വർഗീയതയുടെ ഭീതി മറ്റൊരുരൂപത്തിൽ തിരിച്ചുവരാനിടയുണ്ടെന്ന ആശങ്കയിലാണ്‌ നാട്‌. ന്യൂനപക്ഷ വർഗീയ പാർടികൾക്കൊപ്പം, ആർഎസ്‌എസ്‌ ഉൾപ്പെടെയുള്ള ഭൂരിപക്ഷ വർഗീയ പാർടികളെയും സംഘടനകളെയും നിരോധിക്കണമെന്നാണ്‌ നാടാകെ ഉയർന്നുവരുന്ന പൊതു വികാരം. നേരത്തേ എൻഡിഎഫ്‌ എന്ന പേരിൽ വർഗീയപ്രചാരണങ്ങളും കൊലപാതകങ്ങൾ അടക്കം അക്രമവും നടത്തിയതിന്റെ പേരിൽ നിരോധനം ഏർപ്പെടുത്തിയെങ്കിലും  പിഎഫ്‌ഐ എന്നപേരിൽ പുതിയ സംഘടന രൂപീകരിച്ച്‌ വർഗീയപ്രചാരണങ്ങളും അക്രമങ്ങളും തുടരുകയായിരുന്നു. സമീപകാലത്ത്‌ ജില്ലയിൽ പോപ്പുലർ ഫ്രണ്ടിന്റെ  നേതൃത്വത്തിൽ സിറ്റി പൊലീസ്‌ ജില്ലയിൽ മാത്രം ആറു കൊലപാതകങ്ങളും അഞ്ച്‌ കൊലപാതക ശ്രമങ്ങളുമാണ്‌ അരങ്ങേറിയത്‌. ഒരു ഡസനിലേറെ രാഷ്‌ട്രീയ സംഘട്ടനങ്ങളും അവരുടെ നേതൃത്വത്തിൽ നടത്തി. സിഐടിയു, എസ്‌എഫ്‌ഐ തുടങ്ങി നിരവധി സംഘടനകളുടെയും രാഷ്‌ട്രീയ പാർടികളിലെയും പ്രതിനിധികൾ പോപ്പുലർ ഫ്രണ്ടിന്റെ കൊലക്കത്തിക്കിരയായി. 2009ൽ എസ്‌എഫ്‌ഐ നേതാവായിരുന്ന കുന്നംകുളം കരിക്കാട്‌ സ്വദേശി എ ബി ബിജേഷ്‌ എന്ന യുവാവിനെ എൻഡിഎഫിന്റെ ക്രിമിനലുകളാണ്‌ കുത്തി കുടൽമാല പുറത്തെടുത്തത്‌. വിവാഹം കഴിഞ്ഞ്‌ ഏതാനും മാസങ്ങൾ പിന്നിടുന്നതിനിടെയാണ്‌ നാടിന്റെയാകെ ജനസേവകനായിരുന്ന ബിജേഷിനെ  ഇക്കൂട്ടർ കൊലപ്പെടുത്തിയത്‌. 
മണ്ണുത്തിയിൽ മത്സ്യക്കച്ചവടക്കാരനായ സിഐടിയു തൊഴിലാളി ഷെമീറിനെ കൊന്നുതള്ളിയതും പിഎഫ്‌ഐ ക്രിമിനലുകളുടെ നേതൃത്വത്തിലായിരുന്നു. കൂടാതെ, വടക്കേക്കാട്‌, പാവറട്ടി, ചാവക്കാട്‌  പ്രദേശങ്ങളിൽ വിവിധ രാഷ്‌ട്രീയ പാർടി പ്രവർത്തകരെയും പിഎഫ്‌ഐക്കാർ കൊന്നുതള്ളി. കുന്നംകുളം, എരുമപ്പെട്ടി, ചാവക്കാട്‌, പാവറട്ടി, മണലൂർ തുടങ്ങിയ ഇടങ്ങളിൽ കൊലപാതകശ്രമങ്ങളും ഇവരുടെ നേതൃത്വത്തിൽ നടത്തിയതിന്‌ പൊലീസ്‌ കേസെടുത്തിട്ടുണ്ട്‌.രാഷ്‌ട്രീയ സംഘട്ടനത്തിന്റെ പേരിൽ ഒരു ഡസനിലേറെ കേസുകൾ പിഎഫ്‌ഐക്കാർക്കെതിരെ വേറെയുമുണ്ട്‌. സിറ്റി പൊലീസ്‌ ജില്ലയിൽ കൂടാതെ, റൂറൽ പൊലീസ്‌ ജില്ലയിലും പോപ്പുലർ ഫ്രണ്ട്‌ ക്രിമിനലുകൾക്കെതിരെ കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്‌. പോപ്പുലർ ഫ്രണ്ട്‌ നിരോധിച്ചതിനെത്തുടർന്ന്‌  സിറ്റി, റൂറൽ ജില്ലകളിൽ പൊലീസ്‌ കടുത്ത നിരീക്ഷണം തുടരുകയാണ്‌. ചിലരെ കരുതൽ തടങ്കലിലും എടുത്തിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top